കൊട്ടാരക്കര ബൈപ്പാസ് വികസനം; വേണ്ടത് എംസി റോഡിന് മുകളിലൂടെ നാല് വരി എലിവേറ്റഡ് ഹൈവെ
കൊട്ടാരക്കര ബൈപ്പാസ് വികസനത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി. വികസനത്തിന്റെ പേരിൽ 4.32 ഹെക്ടർ ഭൂമി ഏറ്റെടുക്കുമ്പോൾ 161 ഭൂവുടമകളാണ് പ്രതിസന്ധിയിലാകുന്നതെന്ന് എംപി പറഞ്ഞു. നിർദ്ദിഷ്ട പദ്ധതിക്കായി കൊട്ടാരക്കര, മൈലം വില്ലേജുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കാനാണ് നിർദേശം. സാമൂഹിക ആഘാത പഠന റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം 161 ഭൂവുടമകളുടെ കൈവശഭൂമി ഭാഗികമായോ പൂർണമായോ നഷ്ടപ്പെടും. 20 വീടുകൾ പദ്ധതിയുടെ ഭാഗമായി ബാധിക്കപ്പെടും. 200ൽ അഘികം കുടുംബങ്ങളുടെ വരുമാനത്തെയും ഉപജീവനമാർഗത്തെയും നേരിട്ട് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ ബദൽ സാധ്യത തേടണമെന്ന് എംപി പറഞ്ഞു.
ബൈപ്പാസിന്റെ രൂപകൽപ്പനയും സാങ്കേതികമായ പുനഃപരിശോധനയും ആവശ്യമാണ്.
സാമൂഹിക ആഘാത പഠനത്തിൽ ലഭ്യമായ പദ്ധതി വിവരണം അനുസരിച്ച് നിർദിഷ്ട ബൈപ്പാസിന്റെ ആകെ നീളം ഏകദേശം 2.8 കിലോമീറ്ററാണ്. ഇതിൽ 1.2 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് ഫ്ലൈഓവർ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള റോഡ് ശൃംഖല പ്രയോജനപ്പെടുത്തി പുലമൺ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഒരു എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള സാധ്യത എന്തുകൊണ്ട് സമഗ്രമായി പരിശോധിക്കുന്നില്ലെന്ന് എംപി ചോദിച്ചു.

ഒരു കിലോമീറ്ററിലധികം നീളമുള്ള ഫ്ലൈഓവർ ബൈപ്പാസിന്റെ ഭാഗമായി നിർമിക്കാൻ കഴിയുമെങ്കിൽ നിലവിലുള്ള എം.സി. റോഡിന്റെ അലൈൻമെന്റ് പരമാവധി പ്രയോജനപ്പെടുത്തി പുലമൺ ജംഗ്ഷനിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് ഹൈവേ എന്ന ബദൽ എന്തുകൊണ്ടാണ് പരിഗണിക്കാത്തതെന്നും എംപി ചോദിച്ചു. കൊട്ടാരക്കരയ്ക്ക് വേണ്ടത് എം.സി. റോഡിന് മുകളിലൂടെ എലിവേറ്റഡ് ഹൈവേയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള എം.സി. റോഡായ സംസ്ഥാന ഹൈവെ-1-ന്റെ അലൈൻമെന്റ് പരമാവധി പ്രയോജനപ്പെടുത്തി പുലമൺ ജംഗ്ഷനിൽ എൻഎച്ച്-744-ന് മുകളിലൂടെ കടന്നുപോകുന്ന നാല് വരി എലിവേറ്റഡ് ഫ്ലൈഓവർ നിർമിക്കുന്നതിനുള്ള സാധ്യത വിശദമായി പരിശോധിക്കണം.
ഇതിൻ്റെ രൂപകൽപ്പനയിൽ എം.സി. റോഡിലെ ദീർഘദൂര ഗതാഗതത്തിന് മുകളിലൂടെ തടസ്സമില്ലാത്ത യാത്രാസൗകര്യം ഒരുക്കണം. കൂടാതെ പുലമൺ ജംഗ്ഷനിലെ പ്രാദേശിക വാഹനഗതാഗതം താഴെയുള്ള റോഡ് ശൃംഖലയിലൂടെ തുടരണം. കെഎസ്ആർടിസി ബസ് സ്റ്റേഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ്, വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടരുത്. ആവശ്യമായ സർവീസ് റോഡുകളും സ്ലിപ്പ് റോഡുകളും ക്രമീകരിക്കണം. കാൽനടയാത്രക്കാർക്കായി സുരക്ഷിതമായ റോഡ് മുറിച്ചുകടക്കൽ സൗകര്യങ്ങൾ ഒരുക്കണം. ഭൂമിയേറ്റെടുക്കൽ പരമാവധി കുറയ്ക്കുന്ന രീതിയിൽ റോഡിന്റെ മധ്യഭാഗത്ത് ഒറ്റ നിര പിയറുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. ഡ്രെയിനേജ്, വൈദ്യുതി ലൈനുകൾ, കുടിവെള്ള പൈപ്പുകൾ, ടെലികോം കേബിളുകൾ തുടങ്ങിയ യൂട്ടിലിറ്റികളുടെ മാറ്റിസ്ഥാപിക്കൽ ഉൾപ്പെടെയുള്ള സമഗ്രമായ പദ്ധതി തയ്യാറാക്കണം, എംപി വിശദീകരിച്ചു.
നാല് വരി ഫ്ലൈഓവറിനായി ഏകദേശം 19.5-20 മീറ്റർ വീതിയുള്ള ഡെക്ക് ഒരു പ്രാഥമിക രൂപകൽപ്പനാ സാധ്യതയായി പരിശോധിക്കാം. എന്നാൽ യഥാർത്ഥ വീതി, പിയർ സ്ഥാനം, സ്പാനുകൾ, ഫൗണ്ടേഷൻ, ക്ലിയറൻസ് എന്നിവ വിശദമായ സർവേയും സാങ്കേതിക പഠനവും അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടതെന്നും എംപി പറഞ്ഞു.


Click it and Unblock the Notifications
