എറണാകുളം വരെ നീട്ടി കൊല്ലം–കോട്ടയം മെമു സർവീസ്; പുതിയ സമയക്രമം ഇങ്ങനെ
കൊല്ലം - എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കൊല്ലം - കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. പുതിയ സർവീസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലിൽ ഒപ്പുവച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. തിങ്കളാഴ്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.
കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1.40-നായിരിക്കും ട്രെയിൻ പുറപ്പെടുക. റണാകുളത്തുനിന്ന് വൈകുന്നേരം 5.25-ന് പുറപ്പെടും. തൃപ്പൂണിത്തുറ, കാഞ്ഞിരമറ്റം, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പന്തറ, ഏറ്റുമാനൂർ, കോട്ടയം, ചിങ്ങവനം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മൺട്രോത്തുരുത്ത്, പെരിനാട് എന്നിവയായിരിക്കും സ്റ്റോപ്പുകൾ.

വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസ്സിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ തിരക്കും യാത്രാദുരിതവും നേരിട്ട് ബോധ്യപ്പെടുത്തിയാണ് കേന്ദ്ര റെയിൽവേ മന്ത്രി . അശ്വിനി വൈഷ്ണവിനോട് അധിക ട്രെയിൻ സർവീസിനായി ആവശ്യപ്പെട്ടതെന്ന് എംപി പറഞ്ഞു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇരിക്കാനോ സുരക്ഷിതമായി നിൽക്കാനോ പോലും ഇടമില്ലാത്ത സാഹചര്യത്തിന്റെ ചിത്രങ്ങളും വീഡിയോകളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.
വേണാട് എക്സ്പ്രസ്സിന് മുമ്പായി വൈകുന്നേരം ഒരു അധിക ട്രെയിൻ വേണമെന്ന ആവശ്യവും നിലവിലുള്ള കൊല്ലം-കോട്ടയം മെമു എറണാകുളം വരെ നീട്ടണമെന്ന ആവശ്യവും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് മന്ത്രിയുടെ ഓഫീസിൽനിന്ന് റെയിൽവേ ബോർഡിലേക്കും അവിടെനിന്ന് ദക്ഷിണ റെയിൽവേയിലേക്കും നിർദേശങ്ങൾ കൈമാറി. ഒക്ടോബർ 3 -ന് ഇതുസംബന്ധിച്ച് പ്രത്യേക കത്തും നൽകിയിരുന്നു. തുടർച്ചയായ ഇടപെടലുകളുടെയും ചർച്ചകളുടെയും ഫലമായാണ് ഇപ്പോൾ അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് എംപി ഫേസ്ബുക്കിൽ കുറിച്ചു.
ഈ സർവീസ് യാഥാർഥ്യമാകുന്നതോടെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് ആശ്വാസമാകും. പ്രത്യേകിച്ച് ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, മൺട്രോത്തുരുത്ത് മേഖലകളിലെ യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ലഭിക്കും.
കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് ലഭിക്കുന്ന സന്തോഷകരമായ സമ്മാനമായി ഈ തീരുമാനത്തെ കാണുന്നുവെന്നും ട്രെയിൻ ഔദ്യോഗികമായി നോട്ടിഫൈ ചെയ്ത് സർവീസ് ആരംഭിക്കുന്നതുവരെ തുടർ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.


Click it and Unblock the Notifications
