കാത്തിരിപ്പും പ്രാര്‍ത്ഥനകളും വിഫലമായി: ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി
കൊല്ലം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു മുങ്ങല്‍ വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം ആറില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹം ദേവനന്ദയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
Recommended Video
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ് കുമാര്‍ - ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു ദേവനന്ദയെ കാണാതാകുന്നത്. കൂടുതല്‍ വിശദാംശങ്ങളിലേക്ക്.

കളിച്ചു കൊണ്ടിരിക്കെ
അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ പ്രദീപ് കുമാര്‍ ഗള്‍ഫിലാണ്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയ ശേഷം ധന്യ തുണി അലക്കാനായി വീടിന് പുറത്തിറങ്ങി. ഈ സമയം ദേവനന്ദ വീടിന്‍റെ മുന്‍ഭാഗത്തെ ഹാളില്‍ ഇരിക്കുന്നുണ്ടായിരുന്നു.

കാണാതാവുന്നത്
ദേവനന്ദയോട് വീടിനകത്ത് പോയിരിക്കാൻ ആവശ്യപ്പെട്ടിതിന് ശേഷമായിരുന്നു ധന്യ തുണി അലക്കാന്‍ പോയത്. കുഞ്ഞ് അകത്തേയ്ക്ക് പോകുന്നത് ധന്യ കാണുകയും ചെയ്തിരുന്നു. എന്നാൽ അല്‍പ സമയം കഴിഞ്ഞി ധന്യ വീട്ടിന് അകത്ത് എത്തി നോക്കിയപ്പോള്‍ ദേവനന്ദയെ കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നു കിടന്ന നിലയിലായിരുന്നു.

പ്രത്യേക അന്വേഷണ സംഘം
വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി വ്യാപക തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ദേവനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.

ആറിനു സമീപത്തെ വഴിയിലൂടെ
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. 50 അംഗ സംഘത്തില്‍ സൈബര്‍ ശാസ്ത്ര വിദഗ്ദരും ഉള്‍പ്പെട്ടിരുന്നു. വീടിന് അടുത്തെ പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം പൊലീസ് നായ സഞ്ചരിച്ചു എങ്കിലും മറ്റു തെളിവുകൾ കണ്ടെത്താന്‍ കഴഞ്ഞിരുന്നില്ല. പോലീസ് നായ സഞ്ചരിച്ച വഴിയിലൂടെ പോയാൽ കുളത്തൂപ്പുഴ റോഡിൽ പ്രവേശിക്കാനാകും

ബാലാവകാശ കമ്മീഷന്‍
വീടിന് സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് ദേവനന്ദ ഇന്നലെ സ്കൂളില്‍ നിന്ന് അവധിയെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയും കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications