എന്തുകൊണ്ട് വീട് രേണുവിന് കൊടുത്തില്ല: ആ സാധ്യതകള്‍ ഞങ്ങള്‍ മുന്നില്‍ കണ്ടു; മൂത്തമകന്‍ എവിടെയാണ്
സോഷ്യല്‍ മീഡിയയിലൂടെ നേരത്തേയും വലിയ അധിക്ഷേപങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും വിധേയമായിട്ടുള്ള വ്യക്തിയാണ് അന്തരിച്ച് നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. ഏറ്റവും ഒടുവില്‍ ദാസേട്ടന്‍ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. രേണുവിനും കുടുംബത്തിനും മാത്രമല്ല അവർക്ക് വീട് വെച്ച് നല്‍കിയ കേരള ഹോം ഡീസൈന്‍ എന്ന കൂട്ടായ്മയ്ക്കുമെതിരേയും ഇതേസമയം തന്നെ വിമർശനം നടന്നിരുന്നു.
വിമർശനങ്ങള്‍ അതിര് വിട്ടപ്പോള്‍ സംഘടനയിലെ പ്രധാനിയായ ഫിറോസ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മുന്നോട്ട് വന്നു. രേണുവിന് അല്ല, കൊല്ലം സുധിയുടെ മക്കള്‍ക്കാണ് വീട് നിർമ്മിച്ച് നല്‍കിയതെന്നാണ് അവർ വ്യക്തമാക്കിയത്. ആര് തന്നെ വിചാരിച്ചാലും മക്കളെ വീട്ടില്‍ നിന്നും ഇറക്കി വിടാന്‍ സാധിക്കില്ല. രേണു ചെയ്യുന്നത് ഒരു തൊഴില്‍ അല്ലേയെന്നും ഫിറോസ് ചോദിച്ചിരുന്നു. ഇപ്പോഴിതാ ഫൈനല്‍ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തുകയാണ് ഫിറോസ്.

നമ്മള്‍ ചെയ്തത് വലിയ എന്തോ തെറ്റാണ് എന്ന രീതിയില്‍ വരുത്തി വെക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഭർത്താവ് മരിച്ചു എന്ന് കരുതി വീട്ടില്‍ മാത്രം ഒതുങ്ങി കഴിയേണ്ടതില്ല. അവർക്ക് അവരുടെ കുടുംബത്തെ നോക്കേണ്ടതുണ്ട്. അച്ഛന്‍ ഒരു രോഗിയാണ്. രേണു ജോലിക്ക് പോയാല്‍ മാത്രമേ ആ കുടുംബത്തിന് ജീവിക്കാന്‍ കഴിയുകയുള്ളു. ഇല്ലെങ്കില്‍ ആ വീട് പട്ടിണിയാണെന്നും ഫിറോസ് പറയുന്നു.
അവർക്ക് വീട് ഉണ്ടാക്കി കൊടുത്ത അന്ന് അവിടെ നിന്ന് ഇറങ്ങിയവരാണ് ഞങ്ങള്‍. അതിന് ശേഷം നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ച് വിളിച്ചിട്ടില്ല. അവർക്ക് ജീവിക്കണം, അതിന് ജോലിക്ക് പോകണം. സീരിയലിലും ടെലിഫിലിമിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്നു. അത് അവരുടെ ജോലിയാണ്. അതിനെതിരെയാണ് ഈ പറയുന്നത്. അതിലേക്ക് ഞങ്ങളെക്കൂടി വലിച്ചിഴയ്ക്കുന്നു.
തുടക്കത്തില്‍ ഇവരുടെ ഭാഗത്തും ചെറിയ ചില മിസ്റ്റേക്കുകള്‍ വന്നിട്ട്. മരിച്ച വിഷമത്തില്‍ നില്‍ക്കുന്ന സമയത്താണ് അവർ ഒരുപാട് ഓണ്‍ലൈന്‍ മീഡിയകള്‍ക്ക് അഭിമുഖങ്ങള്‍ കൊടുക്കുന്നത്. ഈ മീഡിയകള്‍ അവരുടെ സംഘടവും ബുദ്ധിമുട്ടൊക്കെ പകർത്തിയെടുത്ത് വലിയ രീതിയില്‍ പ്രചരിപ്പിച്ചു. ഇതോടെ സുധിയുടെ ഭാര്യ രേണു മരണം വരെ ഇങ്ങനെ വിഷമിച്ചിരിക്കുമെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടു.
ഉറ്റവർ മരിച്ച് നാളുകള്‍ കഴിയുന്നതോടെ നമ്മള്‍ ആ വിഷമത്തില്‍ നിന്നും മാറും. രേണു അങ്ങനെ മാറുന്നത് ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണവും ചോദ്യം ചെയ്യലും ഉണ്ടാകുന്നത്. സ്വന്തം വീട്ടിലെ കാര്യം നോക്കാതെ ആളുകള്‍ മറ്റുള്ളവരുടെ സന്തോഷത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന് ക്രൂശിക്കുന്നത് മാത്രമാണ് ഇവിടെ കാണുന്നതെന്നും അദ്ദേഹം പറയുന്നു.
രേണു ചെയ്തതില്‍ എന്താണ് തെറ്റ്? എവിടെയെങ്കിലും ബോംബ് വെക്കാന്‍ പോയോ? അതും അല്ലെങ്കില്‍ വർഗ്ഗീയത പറഞ്ഞോ? കൊല്ലാന്‍ പോയോ? മോഷ്ടിച്ചോ? ഇതിനൊന്നും നില്‍ക്കാതെ ഒരു ജോലിയാണ് ചെയ്തത്. വസ്ത്രത്തിന്റെ കാര്യമാണെങ്കില്‍ ഇതിലും മോശമായി എത്രയധികം നടിമാർ വസ്ത്രം ധരിക്കുന്നു. അവരെ പോയി കാണാനും കയ്യടിക്കാനും എല്ലാവർക്കും പറ്റും.
രേണു വേറെ കല്യാണം കഴിക്കും, കുട്ടികളെ അവിടുന്ന് ഇറക്കും, അല്ലെങ്കില്‍ ഒരു മകനെ ഓടിച്ചു എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഒരു മകന്‍ കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. പഠനത്തിന്റെ ആവശ്യത്തിനാണ് അങ്ങോട്ട് പോയത്. ഇത്തരം പ്രചരണം വന്നപ്പോഴാണ് കുട്ടികളുടെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്നും 15 വർഷത്തിനിടെ വില്‍ക്കാനും കഴിയില്ലെന്നും ഞാന്‍ വിശദീകരിച്ചത്.
രേണുവിനെ കണ്ടിട്ട് അല്ല വീട് നിർമ്മിച്ച് നല്‍കിയത്. സുധി മരിച്ച് രണ്ടാം നാളാണ് അദ്ദേഹത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടുകളേയും കഷ്ടപ്പാടുകളേയും കുറിച്ച് അറിയുന്നത്. അതൊക്കെ കേട്ടപ്പോള്‍ വലിയ വിഷമമായി. അപ്പോഴാണ് ആ മക്കളെ കരുതിക്കൊണ്ട് ഒരു വീട് നിർമ്മിക്കണമെന്ന് തീരുമാനിച്ചത്. അതുകൊണ്ടാണ് വീടും സ്ഥലവും മക്കളുടെ പേരില്‍ രജിസ്റ്റർ ചെയ്തത്.
എന്തുകൊണ്ട് രേണുവിന്റെ പേരില്‍ വീട് രജിസ്റ്റർ ചെയ്തില്ലെന്ന് ചോദിച്ചാല്‍ അതിനകത്ത് പോസിറ്റിവായ ഒരു കാര്യമുണ്ട്. രേണു പ്രായം കുറഞ്ഞ ഒരു വ്യക്തിയാണ്. അവർക്ക് വേണമെങ്കില്‍ മറ്റൊരു വിവാഹം കഴിച്ച് പോകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അത് വേണോ വേണ്ടയോ എന്നൊക്കെയുള്ളത് രേണുവിന്റെ വ്യക്തിപരമായ കാര്യമാണ്. വിവാഹം കഴിച്ച് അവള്‍ മറ്റൊരാളുടെ കൂടെ പോകുകയാണെങ്കില്‍ സ്വാഭാവികമായും കുട്ടികള്‍ പെരുവഴിയിലാകും. വരുന്ന ആള്‍ എങ്ങനെയാകും എന്ന് അറിയില്ലാലോ. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതം എന്ന നിലയിലാണ് കുട്ടികളുടെ പേരില്‍ രജിസ്റ്റർ ചെയ്തത്. സ്വാഭാവികമായി കുട്ടികള്‍ മക്കളെ നോക്കുമല്ലോയെന്നും ഫിറോസ് പറയുന്നു.












Click it and Unblock the Notifications