'എന്റെ വീഡിയോ കണ്ട് സുധിച്ചേട്ടന്‍ സന്തോഷിക്കുന്നുണ്ടാകും, ഇനിയും ചെയ്യും'; സൈബര്‍ വെട്ടുകിളികള്‍ക്ക് മറുപടി
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച പുതിയ റീക്രിയേഷന്‍ റീല്‍സ് വീഡിയോയ്ക്ക് വരുന്ന മോശം കമന്റുകളില്‍ പ്രതികരണവുമായി അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു. ഈ വീഡിയോ റീല്‍സ് എന്തെങ്കിലും മോശം ഉള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്ന് രേണു പറയുന്നു. കഴിഞ്ഞ ദിവസമാണ് ദാസേട്ടന്‍ കോഴിക്കോട് എന്ന ഇന്‍സ്റ്റഗ്രാം റീല്‍സ് താരത്തിനൊപ്പമുള്ള വീഡിയോ രേണു പങ്ക് വെച്ചത്.
'ചാന്തുപൊട്ട്' സിനിമയിലെ 'ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത്' എന്ന ഗാനരംഗമാണ് ഇവര്‍ പുനരാവിഷ്‌കരിച്ചത്. ഈ പാട്ടിന്റ ചിത്രീകരണത്തില്‍ അല്‍പം ഇഴുകിച്ചേര്‍ന്നാണ് ഇരുവരും അഭിനയിക്കുന്നത്. വീഡിയോ പങ്ക് വെച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് രേണുവിനെതിരെ ഉണ്ടായത്. ഇതിന് പിന്നാലെയാണ് രേണുവിന്റെ പ്രതികരണം. മനോരമ ഓണ്‍ലൈനായാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതുപോലുള്ള വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യുമെന്നാണ് രേണു പറയുന്നത് സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും രേണു കൂട്ടിച്ചേര്‍ത്തു. 'ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും. അഭിനയം ആണ് എന്റെ ജോലി.
ഞാന്‍ വേറൊരുത്തനെയും കെട്ടാന്‍ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓര്‍മയില്‍ ജീവിക്കുകയാണ്. നിങ്ങള്‍ എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാന്‍ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല എന്നാണ് പറയാനുള്ളത്,' രേണു പറയുന്നു. നിങ്ങള്‍ വിമര്‍ശിക്കുന്നതുപോലുള്ള 'പ്രഹസനം' ഇനിയും കാണിക്കും എന്നും ആവശ്യമുള്ളവര്‍ കണ്ടാല്‍ മതി എന്നും രേണു വ്യക്തമാക്കി.
കുടുംബം നോക്കാനാണ് ഉറക്കമിളച്ച് നാടകം ചെയ്യുന്നത് എന്നും കുട്ടികളെ ഉപേക്ഷിച്ച് താന്‍ വേറൊരുത്തന്റെ കൂടെ പോയിട്ടില്ലല്ലോ എന്നും രേണു ചോദിക്കുന്നു. സുധിച്ചേട്ടന്‍ തന്റെ വീഡിയോ കണ്ട് സന്തോഷിക്കുന്നുണ്ടാകും എന്നും രേണു പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് കൊല്ലം കാറപകടത്തില്‍ മരിച്ചത്. ഇതിന് ശേഷം പലപ്പോഴും രേണു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സുധിയുടെ കുടുംബത്തിന് മറ്റുള്ളവരുടെ സഹായത്താല്‍ വീട് നിര്‍മിച്ച് നല്‍കിയിരുന്നു.
രേണു റീല്‍സ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് സൈബര്‍ ആക്രമണം ശക്തമായത്. ഭര്‍ത്താവ് മരിച്ച സ്ത്രീ കളിച്ച് ചിരിച്ച് റീല്‍സ് ചെയ്യുന്നു എന്നായിരുന്നു സൈബര്‍ വെട്ടുകിളികളുടെ കമന്റ്. പുതിയ വീഡിയോയ്ക്ക് താഴെയും ഇവര്‍ രേണുവിനെ അധിക്ഷേപിക്കുന്നുണ്ട്. അതേസമയം രേണുവിനെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്.












Click it and Unblock the Notifications