കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം
കൊല്ലം-തേനി ദേശീയപാത 183 വികസന പദ്ധതിയിലെ ആദ്യ റീച്ച് ആയ കടവൂർ-ആഞ്ഞിലിമൂട് ഭാഗത്തിന് അന്തിമ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ള അവസാനഘട്ട നടപടികൾക്ക് അംഗീകാരം ലഭിച്ചതെന്ന് എംപി അറിയിച്ചു. ഇതോടെ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന ദേശീയപാത വികസനത്തിന് നിർണായകമായ മുന്നേറ്റം കൈവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കടവൂരിൽ നിന്ന് കുണ്ടറ, ഭരണിക്കാവ്, ചാരുംമൂട് വഴിയുള്ള ഭാഗം 24 മീറ്റർ വീതിയിൽ നാലുവരി പാതയായി വികസിപ്പിക്കും. വളവുകൾ പൂർണമായും നിവർത്തുന്ന രീതിയിൽ ഏകദേശം 58 കിലോമീറ്റർ ദൂരത്തിൽ പാത നവീകരിച്ച് നാലുവരിയായി നിർമ്മിക്കുന്നതാണ് പദ്ധതി. ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ കേന്ദ്ര സർക്കാർ നടത്തുമെന്ന വിവരം ലഭിച്ചിട്ടുണ്ട്.

പദ്ധതി വേഗത്തിൽ നടപ്പാക്കുന്നതിനായി പുതുക്കിയ 3a നോട്ടിഫിക്കേഷൻ ഉടൻ പുറപ്പെടുവിക്കും. തുടർന്ന് കല്ലിടീൽ നടപടികൾ, സ്ഥലം നഷ്ടമാകുന്നവർക്കുള്ള ഹിയറിംഗ്, സമ്മതപത്രങ്ങൾ സ്വീകരിക്കൽ, പുനരധിവാസ നടപടികൾ എന്നിവ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്. കൊല്ലം-തേനി ദേശീയപാതയുടെ വികസനം കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപാര-വാണിജ്യ മേഖലകളുടെ വളർച്ചയ്ക്കും വലിയ പ്രോത്സാഹനമാകും. മധ്യകേരളത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തി പുതിയ സാമ്പത്തിക സാധ്യതകൾക്കും ഇത് വഴി തുറക്കും', എംപി പറഞ്ഞു.
കൊല്ലം-തേനി ദേശീയപാത വികസനം
കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ കൊല്ലം-തേനി ദേശീയപാത 183 (NH 183) നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. മെച്ചപ്പെട്ട ഗതാഗത സൗകര്യം, യാത്രാ സുരക്ഷ, പ്രാദേശിക സാമ്പത്തിക വളർച്ച എന്നിവയാണ് ഈ വികസനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഏകദേശം 350 കിലോമീറ്റർ ദൂരമുള്ള ഈ പാത കൊല്ലത്തുനിന്ന് ആരംഭിച്ച് കുണ്ടറ, ചെങ്ങന്നൂർ, കോട്ടയം, കുമളി എന്നിവയിലൂടെ കടന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് (ദിണ്ടിഗൽ വരെ) നീളുന്നു.
നിലവിൽ ഭൂരിഭാഗവും രണ്ടുവരിപ്പാതയാണെങ്കിലും, 15 മീറ്റർ ക്യാരേജ് വേ, സെൻട്രൽ ഡിവൈഡർ, ഷോൾഡറുകൾ, നടപ്പാതകൾ ഉൾപ്പെടെ ഏകദേശം 24 മീറ്റർ വീതിയുള്ള നാലുവരിപ്പാതയാക്കി മാറ്റാനാണ് പദ്ധതി. ഈ പദ്ധതിക്കായി കേന്ദ്ര സർക്കാർ ഏകദേശം 3,100 കോടി രൂപയുടെ പ്രാഥമിക അംഗീകാരം നൽകിക്കഴിഞ്ഞു.
കേരളത്തിൽ കൊല്ലം മുതൽ കുമളി വരെയുള്ള 216 കിലോമീറ്റർ ദൂരം വിവിധ ഘട്ടങ്ങളിലായാണ് വികസിപ്പിക്കുന്നത്. കൊല്ലം ബൈപാസ് മുതൽ ചെങ്ങന്നൂരിനടുത്തുള്ള അഞ്ചിലിമൂട് വരെയുള്ള ഏകദേശം 54 കിലോമീറ്റർ ദൂരമുള്ള ആദ്യഘട്ടത്തിൻ്റെ അലൈൻമെൻ്റിന് അംഗീകാരം ലഭിക്കുകയും ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തfjരുന്നു. ഈ ഘട്ടത്തിൻ്റെ ചെലവ് ഏകദേശം 2,300 കോടി രൂപയാണ്.
ചെങ്ങന്നൂർ മുതൽ മുണ്ടക്കയം വരെയുള്ള അടുത്ത ഘട്ടത്തിൽ, കോട്ടയം ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപാസ് സാധ്യതകൾ പഠിക്കാനായി ദേശീയപാതാ അതോറിറ്റി (NHAI) പുതിയ കൺസൾട്ടൻസിയെ നിയോഗിച്ചു. പഠനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ, വനംവകുപ്പ് അനുമതികൾ, യൂട്ടിലിറ്റി ലൈനുകൾ മാറ്റൽ, പ്രാദേശിക ആശങ്കകൾ എന്നിവ പദ്ധതിക്ക് കാലതാമസം വരുത്തുന്ന വെല്ലുവിളികളാണ്.
തമിഴ്നാട്ടിൽ കുമളി മുതൽ തേനി വരെയുള്ള ഏകദേശം 130-135 കിലോമീറ്റർ ദൂരത്തിലും സമാനമായ നാലുവരിപ്പാത വികസനം അതിർത്തി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ്.പദ്ധതി പൂർത്തിയാവുന്നതോടെ യാത്രാസമയം ഗണ്യമായി കുറയും. പെരിയാർ വന്യജീവി സങ്കേതം പോലുള്ള സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, മധ്യ-തെക്കൻ കേരളത്തിൽ നിന്നും പടിഞ്ഞാറൻ തമിഴ്നാട്ടിലേക്കുള്ള ചരക്ക് നീക്കം എന്നിവയ്ക്ക് വലിയ ഉത്തേജനം ലഭിക്കുകയും ചെയ്യും.












Click it and Unblock the Notifications