കൊല്ലം-തേനി ദേശീയപാത 183; 54 കിമി പാത 20 മീറ്റർ വികസിപ്പിക്കാൻ സ്ഥലമേറ്റെടുപ്പ് വേഗത്തിൽ, ഉന്നതതല യോഗം ചേരും
കൊല്ലം-തേനി ദേശീയപാത 183 കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള 54 കിലോമീറ്റർ പാത 20 മീറ്റർ വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി. തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.കെ. ബഷീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. പുതുക്കിയ 3A വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഉന്നതതല യോഗം വിളിച്ചുചേർക്കും. സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാര വിതരണവും വേഗത്തിലാക്കി നിർമ്മാണത്തിലേക്ക് കടക്കുകയാണ് ലക്ഷ്യം. സ്ഥലം ഏറ്റെടുക്കലിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായും എംപി അറിയിച്ചു.

ദേശീയപാത വികസനത്തിനായി 1661.15 കോടിയാ് കേന്ദ്ര റോഡ് ഗതാഗത-ഹൈവെ മന്ത്രാലയം അനുവദിച്ചത്. സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 689.20 കോടിയും അനുവദിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന് 259.40 കോടി രൂപയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നഷ്ടപരിഹാരമായി 394.19 കോടിയുമാണ് അനുവദിച്ചത്.
സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപായി ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.പി.മാർ, ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ, ദേശീയപാത ഉദ്യോഗസ്ഥർ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ, പദ്ധതിയുടെ കൺസൽറ്റന്റുമാർ എന്നിവരുടോ യോഗം വിളിച്ച് ചേർക്കും. അതിനുശേഷം കടവൂർ മുതൽ ആഞ്ഞിലിമൂട് വരെയുള്ള 54 കിലോമീറ്റർ പാതയുടെ ഓൺസൈറ്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കും. തുടർന്ന് അതിർത്തി നിർണയവും കല്ലിടൽ നടപടികളും തുടങ്ങുമെന്നും എംപി വ്യക്തമാക്കി.
അതേസമയം ചിന്നക്കട-ഇടമൺ ദേശീയപാത 744ൽ നിലവിലുള്ള പാതയുടെ ദേശീയപാത പദവി നിലനിർത്തി നാലുവരി പാതയായി വികസിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാരിന് ഔദ്യോഗിക കത്ത് നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും എംപി പറഞ്ഞു. കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എംസി റോഡിൽ വെഞ്ഞാറമൂട് മാതൃകയിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ഇതിനായി പൊതുമരാമത്ത് വകുപ്പ് സാങ്കേതിക സമിതി രൂപീകരിക്കുകയും റോഡ്സ് വിഭാഗം ചീഫ് എൻജിനീയറെ പഠന റിപ്പോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തതായും എംപി പറഞ്ഞു. .
ഇതുകൂടാതെ കുട്ടനാട്ടിൽ പുതിയ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് സ്ഥാപിക്കും. മങ്കൊമ്പിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ റസ്റ്റ് ഹൗസ് സമുച്ചയം നിർമ്മിക്കാനാണ് ആലോചന. താമസസൗകര്യങ്ങൾക്കൊപ്പം കോൺഫറൻസ് ഹാളും കാന്റീനും ഉൾപ്പെടുത്തണമെന്ന ആവശ്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
കെസി പാലത്തിൻ്റെ സ്ഥലമേറ്റെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ നിർമ്മാണം അടിയന്തരമായി പുനരാരംഭിക്കണമെന്നും കുട്ടനാട്ടിലെ ജലഗതാഗതത്തിനും ഹെറിറ്റേജ് വാട്ടർ ടൂറിസത്തിനും പാലം നിർണായകമാണെന്നും എംപി പറഞ്ഞു. മുണ്ടക്കൽ പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിക്കുന്നതിനാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്നും കൈനകരി പഞ്ചായത്ത് ജംഗ്ഷനിലെ ഇരുകരകളെയും ബന്ധിപ്പിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചതായും എംപി പറഞ്ഞു.


Click it and Unblock the Notifications
