കൊല്ലം–തേനി ദേശീയപാത; പ്രവർത്തനങ്ങൾക്ക് വേഗം കൂടു..പദ്ധതി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റി
കൊല്ലം-തേനി ദേശീയപാത (NH-183) വികസന പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റി നേരിട്ട് നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നീണ്ട് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ദേശീയപാത അതോറിറ്റിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
' ഇതുവരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ദേശീയപാതയുടെ വികസനം നാലുവരി നിലവാരത്തിലേക്ക് ഉയർത്തി നടപ്പാക്കുന്നതിനുള്ള തീരുമാനത്തോടെ പദ്ധതി നടപ്പാക്കുന്ന ഏജൻസിയിൽ മാറ്റം വന്നിരിക്കുകയാണ്.
കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ ഉൾപ്പെടുന്ന പുതുക്കിയ അലൈൻമെന്റ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലൂടെ കടന്നുപോകുന്ന ഏകദേശം 216 കിലോമീറ്റർ ദൂരം ഉൾക്കൊള്ളിച്ചുള്ള NH-183-ന്റെ വികസന, പരിപാലന പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നേരിട്ട് ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി', എംപി പറഞ്ഞു.

ദേശീയപാത അതോറിറ്റി നേരിട്ട് പദ്ധതി ഏറ്റെടുക്കുന്നതോടെ ആധുനിക രൂപകൽപ്പന, ഉയർന്ന സാങ്കേതിക നിലവാരം, മതിയായ ഫണ്ടിംഗ്, സമയബന്ധിത നിർവഹണം എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ദശകങ്ങളായി അവഗണിക്കപ്പെട്ട ഈ ദേശീയപാത, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന സൗകര്യം എന്നിവയ്ക്ക് നിർണായകമാണ്.
അതേസമയം, ഭൂമിയേറ്റെടുപ്പ്, നഷ്ടപരിഹാരം, പുനരധിവാസം എന്നിവയിൽ ജനങ്ങളുടെ ആശങ്കകൾ പൂർണമായി പരിഹരിച്ചുകൊണ്ടായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്. പ്രദേശവാസികളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുന്ന വിധത്തിൽ, സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കിയാണ് വികസനം മുന്നോട്ടു കൊണ്ടുപോകേണ്ടത്. NH-183 വികസനവുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടങ്ങൾ, ദേശീയപാത അതോറിറ്റി എന്നിവ തമ്മിലുള്ള ഫലപ്രദമായ ഏകോപനം, പ്രവൃത്തികൾ അനാവശ്യ വൈകീടുകളില്ലാതെ ആരംഭിച്ച് പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം കടവൂരിലെ ദേശീയപാത 66 ൽ നിന്ന് ആരംഭിച്ച് കേരള തമിഴ്നാട് അതിർത്തിയായ കുമളിവരെ കടന്നുപോകുന്നതാണ് ഈ പാത. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെയാണ് ഈ ദേശീയപാത കടന്നുപോകുന്നത്. കൊല്ലത്തിനടുത്ത് കാവടൂർ/ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിനടുത്തുള്ള അഞ്ഞിലിമൂട് വരെ 54-62 കിലോമീറ്റർ ദൂരമുള്ളതാണ് ആദ്യഘട്ടം. 15 മീറ്റർ ക്യാരേജ്‌വേ ഉൾപ്പെടെ 24 മീറ്റർ വീതിയിൽ നാലുവരി പാതയാണിത്. ഈ ഘട്ടത്തിന് ഏകദേശം 2,300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുകയിൽ കൊല്ലം ജില്ലക്ക് 950 കോടിയും ആലപ്പുഴക്ക് 1,350 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്












Click it and Unblock the Notifications