'ഇന്നത്തെ രാഷ്ട്രീയത്തിന് പിണറായിയുടെ ശൈലി തന്നെയാണ് വേണ്ടത്, ശക്തനായ മുഖ്യമന്ത്രി'; കൊല്ലം തുളസി
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണ് ഇന്നത്തെ രാഷ്ട്രീയത്തിന് ആവശ്യമെന്ന് നടന്‍ കൊല്ലം തുളസി. ഇന്നത്തേക്ക് നിലവാരമില്ലാത്ത രാഷ്ട്രീയമാണ് എന്നും അതിന് പിണറായി വിജയന്റെ സ്വേച്ഛാധിപത്യ ശൈലിയാണ് നല്ലത് എന്ന് താന്‍ വിശ്വസിക്കുന്നതായും കൊല്ലം തുളസി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിണറായി വിജയന്‍ ചിരിക്കാത്തത് നല്ലവനല്ലാത്തത് കൊണ്ടല്ല എന്നും അത് അദ്ദേഹത്തിന്റെ പ്രകൃതമാണ് എന്നും കൊല്ലം തുളസി പറഞ്ഞു. ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു. കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'എന്റെ കഥാപാത്രങ്ങളില്‍ ബഹുഭൂരിപക്ഷവും നെഗറ്റീവ്സാണ്. അത് ചെയ്യുന്നതില്‍ ആദ്യം എനിക്ക് വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ അത് ഇല്ല. നെഗറ്റീവ് വേഷങ്ങള്‍ ചെയ്യുന്നതാണ് നല്ലത് എന്ന് എനിക്ക് പിന്നീട് മനസിലായി. എന്റെ മുഖത്ത് പിന്നെ ഒരു കള്ളലുക്കോ ഫ്രോഡ് ലുക്കോ ഒക്കെയുണ്ട്. അതുകൊണ്ട് എനിക്കിപ്പോഴും മന്ത്രി വേഷവും രാഷ്ട്രീയക്കാരുടെ വേഷവും ഒക്കെയാണ് കിട്ടുന്നത്.
എനിക്ക് പണ്ട് വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ വിഷമമില്ല. അങ്ങനെയെങ്കിലും ജീവിച്ച് പോകാമല്ലോ. രാഷ്ട്രീയക്കാര്‍ക്ക് കള്ള ലക്ഷണമുണ്ട് എന്നത് ശരിയാണല്ലോ. സുമുഖന്‍മാരായ മന്ത്രിമാരെയൊന്നും നമുക്ക് പറ്റില്ല. ഉദാഹരണത്തിന് ഇപ്പോഴത്തെ ചീഫ് മിനിസ്റ്റര്‍ സഖാവ് പിണറായി വിജയന്‍. മുഖത്ത് നോക്കിയാല്‍ എപ്പോഴും ഗൗരവമല്ലേ. ചിരിക്കുന്നത് കണ്ടിട്ടില്ലല്ലോ. എന്താണ് ചിരിക്കാത്തത്.
അങ്ങേര് നല്ലവനല്ലാത്തത് കൊണ്ടല്ല. അത് അങ്ങേരുടെ നേച്ചറാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെ ഞാന്‍ എന്റെ ജീവിതത്തിന്റെ ഇടയില്‍ കണ്ടിട്ടില്ല. ഇത്രയും നല്ലൊരു മുഖ്യമന്ത്രി. കാരണം അദ്ദേഹം ഒരു സ്വേച്ഛാധിപത്യ പ്രവണതയില്‍ ആണ് ഭരിക്കുന്നത്. സ്വേച്ഛാധിപത്യ പ്രവണതയുള്ള മുഖ്യമന്ത്രിമാര്‍ വേണം ഇന്ന് ഈ രാജ്യത്തിന്. ഇപ്പോഴത്തെ രാഷ്ട്രീയത്തിന്, ഈ വൃത്തികെട്ട, അഴിഞ്ഞ് കൊഴഞ്ഞ, നിലവാരമില്ലാത്ത രാഷ്ട്രീയത്തേയും രാഷ്ട്രീയക്കാരേയും നിയന്ത്രിക്കണമെങ്കില്‍ ഒരു സ്വേച്ഛാധിപത്യ പ്രവണതയുള്ള മുഖ്യമന്ത്രി വേണം.
അതുകൊണ്ട് ഞാന്‍ പറയും ഞാന്‍ കണ്ടിട്ടുള്ള മുഖ്യമന്ത്രിമാരില്‍ ഏറ്റവും ശക്തനാണ് പിണറായി വിജയന്‍ എന്ന്. ഭരണാധികാരി എന്ന നിലയില്‍ അല്ല, അങ്ങേരുടെ സ്വേച്ഛാധിപത്യ പ്രവണതയോട് കൂടി പാര്‍ട്ടിക്കുള്ളിലെ ആളുകളെ അടിച്ചൊതുക്കി ഇരുത്താനും നിങ്ങള്‍ പത്രക്കാരെ പോലും ഗെറ്റ് ഔട്ട് പറയാനും ചങ്കൂറ്റമുള്ള ഒറ്റ മുഖ്യമന്ത്രിയെ ഉള്ളൂ. അതാണ് പിണറായി വിജയന്‍. ആ ഭാവത്തിനെയാണ് ഞാന്‍ ബഹുമാനിക്കുന്നത്.'












Click it and Unblock the Notifications