ഒടുവില്‍ കിരണ്‍ കുമാറിന്റെ തൊപ്പി തെറിച്ചു; സര്‍വീസില്‍ നിന്ന് പുറത്താക്കി സര്‍ക്കാര്‍, കേരളത്തില്‍ ആദ്യം
തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഭര്‍ത്താവ് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍.
Recommended Video
ഇക്കഴിഞ്ഞ ജൂണ്‍ 21ന് ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തിലായിരുന്നു വിസ്മയ മരണപ്പെട്ടത്. കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്ന വിവരം ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും, സാമൂഹ്യ വിരുദ്ധവും ലിംഗ നീതിയ്ക്ക് നിരക്കാത്ത നടപടി, നിയമലംഘനം, പെരുമാറ്റ ദൂഷ്യം വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് കിരണ്‍ കുമാറിനെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.
കിരണ്‍ കുമാറിന്റെ സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കവും ശാരീരികവും മാനസികവുമായ ഉപദ്രവത്തെ തുടര്‍ന്നുമാണ് വിസ്മയ മരണപ്പെടാനിടയായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93 (സി) പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല.
ഈ നിയമത്തിന്റെ ലംഘവനമാണ് കിരണ്‍ കുമാര്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം 15 പ്രകാരം എസ്. കിരണ്‍ കുമാറിന് നിയമാനുസൃതമായ കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ചു. നിയമാനുസൃതമായി നടത്തിയ അന്വേഷണത്തിന്റെയും എസ്. കിരണ്‍ കുമാറിനെ നേരിട്ട് കേട്ടതിന്റെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റാരോപിതന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതിനാല്‍ 1960ലെ കേരള സിവില്‍ സര്‍വ്വീസ് ചട്ട പ്രകാരമാണ് എഎംവിഐ കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെത്തുടര്‍ന്ന് ഭാര്യ മരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്നും സ്ത്രീ സുരക്ഷയും ലിംഗ നീതിയും ഉയര്‍ത്തിപ്പിടിക്കുമെന്നും ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും പൊതുസമൂഹത്തിനും നല്‍കിയ ഉറപ്പ് പാലിക്കുന്ന നടപടിയാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications