കോന്നി സംഭവം, ആര്യയുടെ സംസ്‌ക്കാരം ഞായറാഴ്ച നടക്കും
കോന്നി: കോന്നിയില്‍ നിന്നും കാണാതായി ഒറ്റപ്പാലത്തിന് സമീപം ട്രെയിനില്‍ നിന്നും വീണു മരിച്ച പെണ്‍കുട്ടികളില്‍ അവസാനം മരണത്തിന് കീഴടങ്ങിയ ആര്യയുടെ സംസ്‌ക്കാരം ഞായറാഴ്ച നടക്കും. സൗദിയിലുള്ള ആര്യയുടെ അച്ഛന്‍ സുരേഷിന് ഇതുവരെ എത്താന്‍ കഴിയാത്തതിനാലാണ് സംസ്‌ക്കാരം മാറ്റിവെച്ചത്. പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
അച്ഛന്‍ എത്തിയ ശേഷം ഞായറാഴ്ച സംസ്‌കാരം തോപ്പില്‍ ലക്ഷം വീട് കോളനിയിലെ വീട്ടുവളപ്പില്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ചയോ സുരേഷിന് സൗദിയില്‍നിന്ന് പുറപ്പെടാനാകുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സുരേഷിന്റെ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസം എംബസി അധികൃതരുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ഫലം ചെയ്തില്ല.

വെള്ളിയാഴ്ച വൈകിട്ട് ആര്യയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്താനായിരുന്ന ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സൗദിയില്‍ വെല്‍ഡറായി ജോലി ചെയ്യുന്ന സുരേഷിന്റെ യാത്രാ രേഖകള്‍ ഇതുവരെ ശരിയായിട്ടില്ല.
കഴിഞ്ഞ ഒന്‍പതിനായിരുന്നു കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആര്യയെയും ആതിരയെയും രാജിയെയും കാണാതായത്. പോലീസിന്റെ അന്വേഷത്തിനിടയില്‍ പതിമൂന്നിന് പുലര്‍ച്ചെ ആതിരയെയും രാജിയെയും മരിച്ച നിലയിലും ആര്യയെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഒറ്റപ്പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കുകളേറ്റ ആര്യ കഴിഞ്ഞ തിങ്കളാഴ്ച മരിക്കുന്നത്.












Click it and Unblock the Notifications