കൂടത്തായി കൊലക്കേസ്: ജോളിക്ക് കുരുക്കായി മകന്റെ മൊഴി, കേസിൽ നിർണായകം
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിയായ ജോളിക്കെതിരെ മകന്റെ മൊഴി. കൂടത്തായി കുടുംബത്തിലെ ആറ് കൊലപാതകങ്ങളും താന്‍ ചെയ്തതാണ് എന്ന് ജോളി തന്നോട് കുറ്റസമ്മതം നടത്തിയിരുന്നു എന്നാണ് ജോളിയുടെ മകന്റെ മൊഴി. ജോളിയുടെ ആദ്യ ഭര്‍ത്താവായിരുന്ന റോയ് തോമസ് കൊലക്കേസിന്റെ വിചാരണ ഘട്ടത്തിലാണ് മകന്റെ നിര്‍ണായക മൊഴി.
നേരത്തെ ജോളിയുടെ സുഹൃത്തായ ജോണ്‍സണും സമാന മൊഴി നല്‍കിയിരുന്നു. 6 കൊലകളും താന്‍ തന്നെയാണ് ചെയ്തത് എന്ന് ജോളി തന്നോട് പറഞ്ഞിരുന്നു എന്നാണ് ജോണ്‍സണും ജോളിയുടെ സഹോദരങ്ങളും കോടതിയില്‍ നല്‍കിയ മൊഴി എന്നാണ് റിപ്പോര്‍ട്ട്.

മാറാട് പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. ജോളി ജോസഫിന്റെ മകന്‍ റെമോ കേസിലെ മൂന്നാം സാക്ഷിയാണ്. കൂടത്തായിയിലെ ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി, ഇവരുടെ രണ്ട് വയസ്സുളള മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.
ജോളി ജോസഫ് കൂടത്തായി കുടുംബത്തിന്റെ സ്വത്ത് സ്വന്തമാക്കാനും ഷാജുവിനെ വിവാഹം കഴിക്കാനും വേണ്ടി ഈ കൊലപാതകങ്ങളെല്ലാം നടത്തിയെന്നാണ് കേസ്. അന്നമ്മ തോമസിന് ജോളി ആട്ടിന്‍ സൂപ്പില്‍ വിഷം ചേര്‍ത്ത് കൊടുത്തതായും മറ്റുളളവരെ കൊന്നത് ഭക്ഷണത്തിലും കുടി വെളളത്തിലും സയനൈഡ് കലക്കി നല്‍കിയാണ് എന്നും അമ്മ തന്നോട് പറഞ്ഞിരുന്നു എന്നാണ് മകന്റെ മൊഴിയെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊലപാതകങ്ങള്‍ നടത്താന്‍ ആവശ്യമായ സയനൈഡ് എത്തിച്ച് നല്‍കിയത് എംഎസ് മാത്യു ആണെന്ന് ജോളി പറഞ്ഞിരുന്നതായും മകന്റെ മൊഴിയിലുണ്ട്. മറ്റ് എല്ലാവരോടും പറഞ്ഞത് പോലെ തന്നെ താന്‍ എന്‍ഐടിയില്‍ അധ്യാപികയാണ് എന്നാണ് ജോളി മകനോടും പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് ചോദ്യം ചെയ്ത ശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ കോളേജിലേക്ക് എന്ന് പറഞ്ഞിറങ്ങി ബ്യൂട്ടി പാര്‍ലറിലും മറ്റും പോയിരിക്കുകയായിരുന്നു പതിവെന്ന് ജോളി പറഞ്ഞതായി മകന്‍ മൊഴി കൊടുത്തു.












Click it and Unblock the Notifications