കൂടത്തായി കൊലപാതകം; മാത്യു മഞ്ചാടിയില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു!
വടകര: കൂടത്തായി കൊലപാതക പരമ്പര കേസിലെ നാലാമത്തെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ താമരശ്ശേരി മുന്‍സിഫ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യാ സഹോദരന് മാത്യു മഞ്ചാടിയില്‍ വധക്കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ 2016 പേജുകളുണ്ട്. കേസില്‍ ആകെ 178 സാക്ഷികളുണ്ട്.
2014 ഫെബ്രുവരി 24-നാണ് ടോം തോമസിന്റെ ഭാര്യാ സഹോദരന് മാത്യു മഞ്ചാടിയില്‍ മരിച്ചത്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാനും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം. മറ്റു മൂന്നു കേസുകളിലെയും പോലെ ജോളിയമ്മയെന്ന ജോളി തന്നെയാണ് മാത്യു മഞ്ചാടിയില്‍ കേസിലും ഒന്നാംപ്രതി.

മദ്യത്തില്‍ സയനൈഡ് കലര്‍ത്തി
മാത്യുവിന്റെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ജോളി എത്തുകയും ആദ്യം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കുടിക്കാന്‍ നല്കിയ ശേഷം വീട്ടിലേക്ക് തിരിച്ച് പോയി. ശേഷം, കുറച്ച് കഴിഞ്ഞ് വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. മാത്യു മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ജോളിക്ക് സ്വത്ത് നൽകരുത്
റോയിയുടെ സ്വത്ത് ഇനി ജോളിക്ക് നല്‍കരുതെന്നും മാത്യു ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മാത്യുവിനെ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും റൂറല്‍ എസ്പി കെജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

എസ്പിയുടെ സ്ഥലം മാറ്റം
റോയ് തോമസ്, സിലി, ആല്ഫൈന് കേസുകളിലാണ് ഇതിന് മുമ്പ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൂടത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് റൂറല്‍ എസ്പി കെജി സൈമണ്‍ പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോവുന്ന സാഹചര്യത്തിലാണ് നാലാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചിരിക്കുന്നത്. ജോളി നടത്തിയ ഓരോ കൊലപാകവും വളരെ ആസൂത്രിതമാണെന്നാണ് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നത്. കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്റെ ചുരുളഴിയുന്നത്.

ആദ്യ കൊലപാതകം 2002ൽ
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന് റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്ഫൈന് (2), അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്.