ജോളിയുടെ കുടില ബുദ്ധിയിൽ ഞെട്ടി പോലീസ്! കെജി സൈമണിനെ കസേരയിൽ നിന്ന് തെറിപ്പിക്കാനും ശ്രമിച്ചു!
വടകര: 14 വര്‍ഷങ്ങള്‍ക്കിടെ നടന്ന ആറ് കൊലപാതകങ്ങള്‍ തെളിയിക്കുക എന്ന വന്‍ വെല്ലുവിളിയാണ് കൂടത്തായി കേസില്‍ പോലീസിന് മുന്നിലുളളത്. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ വീരകൃത്യങ്ങള്‍ പോലീസിനെ അത്ഭുതപ്പെടുത്തുകയാണ്. അതിവിദഗ്ധമായി കൊലകള്‍ നടത്തി എന്നത് മാത്രമല്ല, കേസ് അട്ടിമറിക്കാന്‍ ജോളി നടത്തിയ ശ്രമങ്ങളും പോലീസിനെ ഞെട്ടിക്കുന്നു.
ജോളിക്ക് ഉന്നതര്‍ അടക്കം പലരുമായി അടുത്ത ബന്ധമുളളതായി പോലീസ് സംശയിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ അടക്കമുളളവര്‍ ഇക്കൂട്ടത്തിലുണ്ട്. തന്റെ സ്വാധീനം ഉപയോഗിച്ച് ജോളി കേസ് അന്വേഷിക്കുന്ന എസ്പി സൈമണെ സ്ഥലം മാറ്റാന്‍ വരെ ശ്രമിച്ചതായാണ് സൂചനകള്‍.

വർഷങ്ങളോളം നല്ലപിളള ചമഞ്ഞു
2002 മുതല്‍ 2016 വരെ ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ തന്റെ എതിരാളികളെ ഓരോരുത്തരെയായി ജോളി ഇല്ലാതാക്കി. അതിവിദഗ്ദമായി കരുക്കള്‍ നീക്കിയ ജോളി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ വര്‍ഷങ്ങളോളം നല്ല പിള്ള ചമഞ്ഞു. കൊലപാതകങ്ങള്‍ ഓരോന്നും ബുദ്ധിപൂര്‍വം ഒളിച്ച് വെച്ചു. മരണം കാണുന്നത് തനിക്ക് ലഹരിയാണ് എന്നാണ് ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ ജോളി പോലീസിനോട് വെളിപ്പെടുത്തിയത്.

ജോളിയുടെ തന്ത്രങ്ങൾ
ഓരോ കൊല നടത്തിയപ്പോഴും പിടിക്കപ്പെടാഞ്ഞത് അടുത്തതിലേക്ക് കടക്കാന്‍ ജോളിക്ക് ധൈര്യം നല്‍കി. ഇനി പിടിക്കപ്പെട്ടാലും രക്ഷപ്പെടാന്‍ വഴിയുണ്ടാകും എന്നാണ് ജോളി കരുതിയത്. തെളിവെടുപ്പിന് പൊന്നാമറ്റം വീട്ടിലെത്തിയ പോലീസിന് സയനൈഡ് എന്ന് പറഞ്ഞ ധന്വന്തരം ഗുളിക എടുത്ത് നല്‍കിയതും പലവട്ടം മൊഴി മാറ്റി പറയുന്നതുമെല്ലാം ജോളിയുടെ കുടില ബുദ്ധിയുടെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.
Recommended Video

പോലീസിന് നേർക്കും
കൂടത്തായിയിലെ മരണങ്ങള്‍ സാധാരണ മരണങ്ങളല്ല എന്ന സംശയം തോന്നിത്തുടങ്ങിയത് മുതല്‍ പോലീസ് നോട്ടമിട്ടവരില്‍ പ്രമുഖ ജോളി തന്നെ ആയിരുന്നു. ജോളിയുടെ എന്‍ഐടിയിലെ ജോലി അടക്കമുളള നുണകളാണ് പോലീസില്‍ സംശയം ബലപ്പെടുത്തിയത്. പോലീസിന്റെ നീക്കം തന്റെ നേര്‍ക്ക് തിരിയുന്നത് മുന്‍കൂട്ടി കണ്ട ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ വരെ തെറിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈമണിനെ നീക്കാൻ ശ്രമം
ചോദ്യം ചെയ്യലിനിടെ ജോളി തന്നെയാണ് ഇക്കാര്യം അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. കൂടത്തായി കേസ് വെളിച്ചത്ത് കൊണ്ട് വന്നതിന് പൊതുസമൂഹത്തിന്റെ കയ്യടി നേടിയ റൂറല്‍ എസ്പി കെജി സൈമണിനെ സ്ഥലം മാറ്റാനാണ് ജോളി ശ്രമം നടത്തിയത്. കേസന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിനെ അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും ജോളി ശ്രമിച്ചിരുന്നുവത്രേ.

ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു
ജോളിയുടെ അടുത്ത സുഹൃത്തിന്റെ ഭര്‍ത്താവിന് തിരുവനന്തപുരത്തെ ഉന്നത കേന്ദ്രങ്ങളില്‍ ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാന്‍ ജോളി കരുനീക്കം നടത്തിയത് എന്നും സൂചനയുണ്ട്. കേസന്വേഷണം അട്ടിമറിക്കാന്‍ ജോളി തുടക്കം മുതല്‍ക്കേ തനിക്കാവുന്നതെല്ലാം ചെയ്തിരുന്നു. കേസില്‍ പരാതിക്കാരനായ റോജോ തോമസിനെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാനും ജോളി ഒരു കൈ നോക്കിയിരുന്നു.

പരാതി പിൻവലിപ്പിക്കാൻ
പരാതി പിന്‍വലിക്കുകയാണെങ്കില്‍ സ്വത്ത് തര്‍ക്കത്തില്‍ സമവായത്തിലെത്താം എന്നായിരുന്നു ജോളി മുന്നോട്ട് വെച്ച ഓഫര്‍. എന്നാല്‍ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ടുളള പരാതി പിന്‍വലിക്കാന്‍ റോജോ തയ്യാറായില്ല. ഈ നീക്കം പരാജയപ്പെട്ടതോടെ കൊല്ലപ്പെട്ടവരുടെ കല്ലറകള്‍ തുറക്കാനുളള നീക്കം തടയാനും ജോളി ശ്രമിച്ചിരുന്നു. ഇതും നടക്കാതെ വന്നപ്പോഴാണ് ചില ക്രിമിനല്‍ അഭിഭാഷകരെ കണ്ട് ജോളി ഉപദേശം തേടിയത്.

ജോളിയുടെ നാടകങ്ങൾ
പോലീസ് കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി അഭിനയിക്കാനും അവശത കാട്ടി ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനും ജോളി ശ്രമിച്ചത് അഭിഭാഷകരില്‍ നിന്ന് ലഭിച്ച ഉപദേശ പ്രകാരമാണ് എന്നാണ് പോലീസ് കരുതുന്നത്. മാത്രമല്ല ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ ജോളി കാട്ടിയ നിസ്സഹകരണവും അഭിഭാഷകരുടെ ഉപദേശ പ്രകാരമാണ് എന്നാണ് പോലീസ് കരുതുന്നത്. കൂടത്തായി കേസില്‍ ഇതുവരെയുളള അന്വേഷണം തൃപ്തികരമാണ് എന്നാണ് പോലീസിന്റെ നിഗമനം.












Click it and Unblock the Notifications