കൂടത്തായി കൊലപാതകം; വിചിത്ര ആവശ്യവുമായി പ്രതികള്‍, കിടക്കവേണമെന്ന് ജോളി, ഫോണ്‍ വേണമെന്ന് മാത്യു
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂട്ട കൊലപാതകങ്ങളിലൊന്നായിരുന്നു കോഴിക്കോട് കൂടത്തായിയിലെ കൂട്ടകൊലപാടകം. സംഭവത്തില്‍ പ്രതികളായ ജോളിയെയും, എംഎസ് മാത്യു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ വിചിത്ര ആവശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജയിലില്‍ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടത്. ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യു ആവശ്യപ്പെട്ടത്. ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറയുകയായിരുന്നു. കേസില്‍ വിചാരണ തടവുകാരായാണ് പ്രതികള്‍ കഴിയുന്നത്.
കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് ജയില്‍ സൂപ്രണ്ട് വ്യക്തമാക്കിയത്. ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും പറഞ്ഞു. തന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും ഇത് തിരികെ വേണമെന്നുമായിരുന്നു രണ്ടാം പ്രതിയുടെ ആവശ്യം. എന്നാല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. എങ്കില്‍ ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തണമെന്ന ആവശ്യത്തിനാണ് ജയില്‍ സൂപ്രണ്ട് മുഖേന സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു കോടതി മറുപടി നല്‍കിയത്.

ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് ജോളി എല്ലാവരെയും കൊലപ്പെടുത്തിയിരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൂടത്തായിയില്‍ ആദ്യ മരണം നടന്നത്. റിട്ട അദ്ധ്യാപികയായ അന്നമ്മ തോമസ് ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശയായി തളര്‍ന്നുവീണ അന്നമ്മ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. പിന്നീട് അന്നമ്മയുടെ മരണത്തിന്റെ ആറാം ആണ്ട് കഴിഞ്ഞ് നാലാം ദിവസമായിരുന്നു ഭര്‍ത്താവ് ടോം തോമസ് പൊന്നാമറ്റത്തിന്റെ മരണം. അദ്ദേഹത്തിന്റെ 66-ാം വയസിലാണ് അദ്ദേഹം മരണപ്പെടുന്നത്. വീട്ടില്‍ നിന്ന് കപ്പപ്പുഴുക്ക് കഴിച്ച ടോം തോമസ് പിന്നീട് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഈ സമയത്ത് ജോളി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോളി വിളിച്ചുകൂവിയതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ഓടിക്കൂടി. ഈ സമയത്ത് വായില്‍ നിന്ന് നുരയും പതയുമായി നിലത്ത് കിടക്കുന്ന ടോം തോമസിനെയാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ടോം മരണത്തിന് കീഴടങ്ങുകയായിരുന്നു.
പിന്നീട് മരണപ്പെട്ടത് റോയ് തോമസായിരുന്നു. ഭക്ഷണം കഴിച്ച് ശുചിമുറിയിലേക്ക് പോയി. വാതില്‍ അകത്ത് നിന്നടച്ച റോയ് അവിടെ ഛര്‍ദ്ദിച്ച് അവശനായി തളര്‍ന്ന് വീണു. വീട്ടിലുണ്ടായിരുന്ന ജോളിയും മക്കളും ചേര്‍ന്ന് അയല്‍ക്കാരെ വിളിച്ചുകൂട്ടി. ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ റോയ് മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി. എന്നാല്‍ അത് ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ പോന്ന സാഹചര്യ തെളിവ് അന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ ബന്ധുക്കളോ, നാട്ടുകാരോ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. പിന്നീട് കുടുംബത്തിലെ ചെറിയ കുട്ടികളുള്‍പ്പെടെ മരണപ്പെടുകയായിരുന്നു. പിന്നീട് റോയിയുടെ സഹോദരന്‍ റോജോ കേസുമായി മുന്നോട്ട് പോയപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.












Click it and Unblock the Notifications