'റെഡ് സല്യൂട്ട്'; പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങളെത്തി, എം വി നികേഷ് കുമാറും
കണ്ണൂർ: അന്തരിച്ച സി പി എം പ്രവർത്തകൻ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എം വി രാഘവന്റെ മകനും സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ എം വി നികേഷ് കുമാർ എത്തി. നിരവധിപേരാണ് പുഷ്പനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്. കൂത്തുപറമ്പിൽ 1994 നവംബർ 25 ന് നടന്ന ഡി വൈ എഫ് ഐ സമരത്തിന് നേരെയുണ്ടായ വെടി വെയ്പ്പിൽ പരിക്കേറ്റ പുഷ്പൻ 30 വർഷത്തോളം കിടപ്പിലായിരുന്നു.
പുഷ്പന്റെ ജന്മനാടായ ചൊക്ലിയിലെ പൊതു ദർശനത്തിനിടെയാണ് നികേഷ് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. 1994 ൽ സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കാൻ എത്തിയതായിരുന്നു ഡി വൈ എഫ് ഐ പ്രവർത്തകർ. കൂത്തുപറമ്പിൽ സഹകരണ ബങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം വി രാഘവൻ.

സംഘർഷത്തിന് സാധ്യത ഉണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മന്ത്രി എൻ രാമകൃഷ്ണൻ ചടങ്ങിൽ നിന്ന് പിൻവാങ്ങി. എം വി രാഘവൻ മടങ്ങിയില്ല. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ ഇരിച്ചെത്തി. പ്രവർത്തകർ പിരിഞ്ഞു പോകാതെ വന്നതോടെ പോലീസ് വെടി ഉതിർത്തു.
ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ വെടി വെയ്പ്പിൽ അഞ്ച് പേർ മരണപ്പെട്ടിരുന്നു. സുഷുമ്ന നാഡിക്ക് പരിക്കേറ്റ പുഷ്പൻ കിടപ്പിലാവുകയായിരുന്നു. ആഗസ്റ്റ് 2 നായിരുന്നു പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അന്ത്യം. സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, സ്പീക്കർ എ എൻ ഷംസീർ, കെ വി സുമേഷ് എം എൽ എ, കെ പി മോഹനൻ, ടി വി രാജേഷ് എന്നിവർ പൊതുദർളന ചടങ്ങിൽ പങ്കെടുത്തു.
കർഷകത്തൊഴിലാശി കുടുംബത്തിൽ ജനിച്ച പുഷ്പൻ എട്ടാം ക്ലാസ് വരെ മാത്രമാണ് പഠിച്ചത്. വീട്ടിലെ പ്രയാസം കാരണം പഠനം നിർത്തി ബെംഗളൂരുവിലെ പലചരക്ക് കടയിൽ ജോലിക്കാരനായി നിന്നു. നാട്ടിൽ എത്തിയ സമയത്താണ് പുഷ്പൻ കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്തത്.












Click it and Unblock the Notifications