കോട്ടാങ്ങല്‍ പഞ്ചായത്തില്‍ യുഡിഎഫ് പെട്ടു; എസ്ഡിപിഐ സീറ്റ് മൂന്നായി, എങ്ങനെ ഭരിക്കും?
പത്തനംതിട്ട: കോട്ടാങ്ങല്‍ പഞ്ചായത്ത് 2020 മുതല്‍ നിരവധി തവണ ചര്‍ച്ചയായ തദ്ദേശ സ്ഥാപനമാണ്. ഇവിടെ എല്‍ഡിഎഫ് ഭരണം നടത്തിയത് എസ്ഡിപിഐ പിന്തുണയില്‍ ആയിരുന്നു. യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനെതിരെ പ്രധാന ആയുധമാക്കിയിരുന്നു എസ്ഡിപിഐയുടെ പിന്തുണ. അന്ന് ഒരു സീറ്റ് മാത്രം നേടിയിരുന്ന എസ്ഡിപിഐ ഇത്തവണ സീറ്റ് മൂന്നാക്കി ഉയര്‍ത്തി. ഇതോടെ പെട്ടത് യുഡിഎഫ് ആണ്.
2020ല്‍ 13 വാര്‍ഡുകളാണ് കോട്ടാങ്ങല്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫും ബിജെപിയും അഞ്ച് വീതം സീറ്റുകള്‍ നേടി. യുഡിഎഫിന് രണ്ട് സീറ്റും എസ്ഡിപിഐക്ക് ഒരു സീറ്റും ലഭിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ എസ്ഡിപിഐ പിന്തുണച്ചു. രണ്ടുതവണ സിപിഎം അംഗം പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവച്ചു. മൂന്നാം തവണയും എസ്ഡിപിഐ പിന്തുണച്ചു. ഈ പിന്തുണ സ്വീകരിച്ച് സിപിഎം അഞ്ച് വര്‍ഷം ഭരിക്കുകയും ചെയ്തു.

ഇത്തവണ പഞ്ചായത്തില്‍ 14 വാര്‍ഡുകളാണുള്ളത്. യുഡിഎഫ് അഞ്ച് സീറ്റില്‍ ജയിച്ചു. ബിജെപി നാല് സീറ്റിലും എസ്ഡിപിഐ മൂന്ന് സീറ്റിലും ജയിച്ചു. എല്‍ഡിഎഫ് ഒരു സീറ്റില്‍ ഒതുങ്ങി. ഒരു സ്വതന്ത്രയും ജയിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് എട്ട് സീറ്റാണ്. എസ്ഡിപിഐ പിന്തുണയ്്ക്കുന്ന കക്ഷിക്കാകും ഭരിക്കാന്‍ സാധിക്കുക. യുഡിഎഫ് എങ്ങനെ ഭരിക്കുമെന്ന ചോദ്യം ഇടതുപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു.
നിയമസഭാ തിരഞ്ഞെടുുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ യുഡിഎഫ് എസ്ഡിപിയുടെ പിന്തുണ തേടിയേക്കില്ല. സിപിഎമ്മും ബിജെപിയും ആയുധമാക്കുമെന്ന് മനസിലാക്കി തന്ത്രപൂര്‍വമുള്ള നീക്കമായിരിക്കും നടത്തുക. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരുപക്ഷേ, പിന്തുണ സ്വീകരിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം, പത്തനംതിട്ട മുന്‍സിപ്പാലിറ്റിയില്‍ എസ്ഡിപിഐക്ക് മൂന്ന് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി.
എസ്ഡിപിഐക്ക് 102 സീറ്റ്, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 75
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയിലും ചേരാതെ എസ്ഡിപിഐ ഒറ്റയ്ക്കാണ് ജനവിധി തേടിയതെന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് കോര്‍പ്പറേഷനുകളിലും 8 നഗരസഭകളിലും 91 ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലുമായി 102 ജനപ്രതികളാണ് ഇത്തവണ പാര്‍ട്ടിക്ക് ഉള്ളത്.
മുന്നൂറിലധികം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും എസ്ഡിപിഐ നേടി. അന്‍പതിലധികം വാര്‍ഡുകളില്‍ പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കണ്ണൂര്‍ കോര്‍പറേഷനില്‍ അക്കൗണ്ട് തുറക്കാനായതും നേട്ടമായി. ജനങ്ങള്‍ തിരഞ്ഞെടുത്ത വാര്‍ഡുകളില്‍ അഴിമതിയും വിവേചനവുമില്ലാതെ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുമെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇത്തവണ 75 സീറ്റില്‍ ജയിക്കാനായി എന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. പലയിടത്തും യുഡിഎഫ് പിന്തുണയിലായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി മല്‍സരിച്ചത്. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ബിജെപി ജയിക്കാന്‍ സാധ്യതയുള്ള വാര്‍ഡുകളില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണച്ചിരുന്നു.












Click it and Unblock the Notifications