പ്രണയം നീനു വീട്ടിൽ അറിയിച്ചത് കൊടുംപകയുടെ തുടക്കം! കെവിൻ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
Recommended Video

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് നടന്ന ദുരഭിമാനക്കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരിലല്ല കെവിന്‍ കൊല ചെയ്യപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കൃത്യമായി ആസൂത്രണം ചെയ്താണ് കെവിനെ തട്ടിക്കൊണ്ട് പോയി നീനുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു.
തന്റെ അച്ഛനും അമ്മയ്ക്കും അടക്കം കെവിന്റെ കൊലപാതക വിവരം അറിയാമായിരുന്നു എന്നാണ് നീനു തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. കെവിനുമായുള്ള പ്രണയവിവരം നീനു തന്റെ വീട്ടില്‍ അറിയിച്ചത് മുതലാണ് പകയുടെ തുടക്കം.

പ്രണയമറിഞ്ഞതോടെ പക
തെന്മല സ്വദേശിനിയായ നീനു ചാക്കോയും കെവിന്‍ ജോസഫും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഇരുപത്തിനാലാം തിയ്യതിയാണ് പ്രണയ വിവരം നീനു തന്റെ വീട്ടില്‍ അറിയിച്ചത്. എന്നാല്‍ തുടക്കത്തിലേ വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചു. കെവിന്റെ സാമ്പത്തിക നില അടക്കം നീനുവിന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നമായിരുന്നു. ഇതോടെ കെവിന് നേര്‍ക്ക് ഭീഷണികളെത്തി തുടങ്ങി.

നിരന്തര ഭീഷണി
കെവിന്റെ ഫോണിലേക്ക് നിരന്തരമായി ഭീഷണിക്കോളുകളും മെസ്സേജുകളുമെത്തിയിരുന്നു. ഇതോടെയാണ് പെട്ടെന്ന് തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇരുവരും തീരുമാനിച്ചത്. കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അതിനിടെ നീനുവിന്റെ ബന്ധുവും കൊലയാളി സംഘത്തിലെ അംഗവുമായ നിയാസ് കെവിനെ ഫോണില്‍ വിളിച്ച് ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

നേരിട്ട് കണ്ടാല്‍ വെട്ടും
നീനുവിനെ നേരിട്ട് കണ്ടാല്‍ വെട്ടുമെന്നും നിയാസ് ഭീഷണി മുഴക്കിയിരുന്നു. വിവാഹ വിവരം നീനു വീട്ടില്‍ അറിയിച്ചതോടെയാണ് ഭീഷണികളുടെ ശക്തി കൂടിയത്. ശനിയാഴ്ച രാവിലെ നീനുവിനെ കാണാന്‍ അമ്മയും ബന്ധുവും എത്തിയിരുന്നുവെങ്കിലും നീനു കാണാന്‍ കൂട്ടാക്കിയില്ല. ഗാന്ധിനഗറിലെ ലേഡീസ് ഹോസ്റ്റലില്‍ ആയിരുന്നു നീനുവിനെ താമസിപ്പിച്ചിരുന്നത്.

സ്കെച്ചിട്ട് കൊലയാളി സംഘം
കെവിന്‍ അമ്മാവന്റെ മകനായ അനീഷിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. അപ്പോഴും കൊല്ലുമെന്നുള്ള ഭീഷണി കെവിന്‍ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ കെവിനേയും അനീഷിനേയും കൊലയാളി സംഘം നേരത്തെ തന്നെ സ്‌കെച്ച് ചെയ്തിരുന്നു എന്നാണ് വിവരം. മാന്നാനത്തെ വീട്ടില്‍ ശനിയാഴ്ച രാത്രി വരെ കെവിന്റെ ചില സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.

അടുക്കള വാതിൽ തകർത്തു
സുഹൃത്തുക്കള്‍ പോകുന്നത് വരെ ക്വട്ടേഷന്‍ സംഘം സ്ഥലത്ത് ചുറ്റിപ്പറ്റി നിന്നു. ശേഷമാണ് ഞായറാഴ്ച പുലര്‍ച്ചയോടെ പത്തംഗ സായുധ സംഘം വീട്ടിലേക്ക് ഇരച്ച് കയറിയത്. പുലര്‍ച്ചെ ഒന്നരയോടെ ആണ് സംഭവം. അടുക്കള വാതില്‍ തകര്‍ത്താണ് കൊലയാളി സംഘം വീടിനുള്ളില്‍ കടന്നത്. അടുക്കളയിലേത് അടക്കം വീട്ടിലെ സമകമാന സാധനങ്ങളും ഇവര്‍ തല്ലിത്തകര്‍ത്തു. കെവിനേയും അനീഷിനേയും വീടിനകത്തിട്ട് മര്‍ദ്ദിച്ചു.

അനങ്ങാതെ പോലീസ്
കഴുത്തില്‍ വടിവാള്‍ വെച്ചാണ് കെവിനേയും അനീഷിനേയും അക്രമി സംഘം വാഹനത്തില്‍ കയറ്റിയത്. അനീഷിനെ ഇന്നോവയിലും കെവിനെ വാഗണ്‍ ആര്‍ കാറിലും കയറ്റി. വാഹനത്തിന് അകത്ത് വെച്ചും മര്‍ദ്ദിച്ചു. ഇടയ്ക്ക് വെച്ച് അനീഷിനെ സംഘം വഴിയില്‍ ഇറക്കി വിട്ടു. കെവിന്‍ വാഹനത്തില്‍ നിന്നും ചാടിപ്പോയി എന്നാണ് ഇവര്‍ പറഞ്ഞത്. കെവിനെ തട്ടിക്കൊണ്ട് പോയി 29 മണിക്കൂറോളം പോലീസ് ഒന്നും ചെയ്തില്ല.

മൂക്കിൻ തുമ്പിൽ കൊലയാളികൾ
പോലീസിന്റെ മൂക്കിൻ തുമ്പിനടുത്ത് പത്തിലേറെ പോലീസ് സ്‌റ്റേഷന്‍ പരിധികളിലൂടെയാണ് അക്രമി സംഘം ഇത്രയും നേരം സഞ്ചരിച്ചത്. വാഹനത്തിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ അനീഷ് പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം നടത്തിയില്ല. അതിനിടെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയെയും സംഘത്തേയും കുട്ടോമ്പുറത്ത് നിന്നും സംശയകരമായ സാഹചര്യത്തില്‍ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ വഴി തെറ്റിയതാണ് എന്ന അവരുടെ മറുപടി വിശ്വസിച്ച് വിട്ടയച്ചു.












Click it and Unblock the Notifications