കപ്പിത്താന്‍ ഉണ്ട്, പക്ഷേ, കപ്പല്‍ ടോട്ടല്‍ അണ്‍ഫിറ്റ്; വീണ ജോര്‍ജിന് ആ വിവരം എവിടെനിന്ന്- പിവി അന്‍വര്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് വീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ യുവജനസംഘടനകള്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപക സമരത്തിലാണ്. നാളെ തിരുവനന്തപുരത്ത് സമരം നടത്തുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കോട്ടയത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
ചെറിയ നേട്ടം കിട്ടിയാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സര്‍ക്കാര്‍, വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ സിസ്റ്റത്തെ പഴിചാരുകയാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. മൂന്നുപേര്‍ക്ക് നിസാര പരിക്കേയുള്ളൂവെന്നും ഉപയോഗിക്കാത്ത കെട്ടിടമാണ് എന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജും വിഎന്‍ വാസവനും പറഞ്ഞത് എവിടെ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനല്‍ പിവി അന്‍വര്‍ ചോദിക്കുന്നു.

അന്‍വറിന്റെ കുറിപ്പ് വായിക്കാം:
സിസ്റ്റത്തിന്റെ കുഴപ്പം കൊണ്ട് കെട്ടിടം തകര്‍ന്ന് വീഴുമോ? !
തകര്‍ന്നുവീണ കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന് മുന്നില്‍ ഓടിയെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും,ജില്ലയിലെ മന്ത്രി വി എന്‍ വാസവനും ആ മുറ്റത്ത് വച്ച് ഉറപ്പിച്ചു പറഞ്ഞു,
നിസ്സാര പരിക്കുകളേറ്റ മൂന്നുപേര്‍.
ഉപയോഗിക്കാത്ത കെട്ടിടം.
എവിടെ നിന്നാണ് ഈ വിവരങ്ങള്‍ മന്ത്രിക്ക് കിട്ടിയത്.
മിനിമം തന്റെ വകുപ്പിനെ കുറിച്ചെങ്കിലും ഒരു മന്ത്രിക്ക് പ്രാഥമിക ധാരണ വേണ്ടേ?
ഉപയോഗിക്കാത്ത കെട്ടിടം എന്ന് ആരോഗ്യമന്ത്രി ശരിക്കും ഇക്കാര്യത്തെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ പറഞ്ഞതാണോ?
അതോ ഒരു അത്യാഹിതം നടന്നപ്പോള്‍ സത്യാവസ്ഥ മൂടിവെക്കാന്‍ ശ്രമിച്ചതാണോ?
ഡോക്ടര്‍ ഹാരിസ് കൂടുതല്‍ ശരിയാവുകയാണ്.
വകുപ്പിനെ കുറിച്ച് മന്ത്രിക്ക് വലിയ ധാരണ ഇല്ലെന്നും,വകുപ്പില്‍ ആരോഗ്യമന്ത്രിക്ക് പ്രത്യേകിച്ച് റോള്‍ ഇല്ലെന്നും ഞാന്‍ ഇന്നലെ പറഞ്ഞതാണ്.
സാധാരണക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കായി എത്തുക.തകര്‍ന്ന് തലയില്‍ വീഴാത്ത കെട്ടിടമെങ്കിലും ഉണ്ടാക്കാനും,തകര്‍ന്നുവീഴാറായവ പരിശോധിച്ച് 'അണ്‍ഫിറ്റ്' ആയി പരിഗണിച്ച് പൊളിച്ചു കളയാനും എങ്കിലും ഉള്ള 'ഫിറ്റ്‌നസ്' ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
ന്യായീകരിച്ച് സമയം കളയുകയല്ല വേണ്ടത്.ഉത്തരവാദിത്വം സര്‍ക്കാറിനും ആരോഗ്യ വകുപ്പിനും ആരോഗ്യമന്ത്രിക്കും തന്നെയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ഉപയോഗിച്ച പരസ്യവാചകമാണ് ഇന്ന് കോട്ടയത്ത് തകര്‍ന്നുവീണത്.
'ഉറപ്പാണ് ആരോഗ്യം'
ഈ സര്‍ക്കാറിന്റെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളും 'അണ്‍ഫിറ്റ്' ആണെന്ന് ദിവസവും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.ഇപ്പോഴത്തെ പരസ്യവാചകം 'തുടരും' എന്നാണല്ലോ
എന്നാല്‍ ഈ കപ്പലിന് കപ്പിത്താന്‍ ഉണ്ടെങ്കിലും നിലവില്‍ ഈ കപ്പല്‍ 'ടോട്ടലി അണ്‍ഫിറ്റാണ്'
(പിവി അന്‍വര്‍).












Click it and Unblock the Notifications