കോട്ടയത്തെ മുസ്ലിം ദമ്പതികള്‍ എവിടെ? ഏഴ് മാസം പിന്നിട്ടു, ഹാഷിം കളവ് പറഞ്ഞത് എന്തിന്?
കൊച്ചി ആസ്ഥാനമായ സ്വകാര്യ ഡിറ്റക്ടീവ് സംഘവും അന്വേഷണത്തിന് എത്തുന്നുവെന്നാണ് പുതിയ വിവരം.
കോട്ടയം: താഴത്തങ്ങാടി അറുപാറയില്‍ നിന്ന് കാണാതായ മുസ്ലിം ദമ്പതികളെ കുറിച്ച് ഏഴ് മാസമായിട്ടും തുമ്പില്ല. ഏപ്രില്‍ ആറിനാണ് ഒറ്റക്കണ്ടത്തില്‍ ഹാഷിമിനെയും ഭാര്യ ഹബീബയെയും കാണാതായത്. ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് വൈകീട്ട് വീട്ടില്‍ നിന്ന് കാറില്‍ പുറപ്പെട്ട ഇവരുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിരിക്കുകയാണ് പോലീസ്.
അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസം, ഏപ്രില്‍ അഞ്ചിന് സംശയകരമായ സാഹചര്യത്തില്‍ ഹാഷിമിനെ കാണാതായിരുന്നു. എന്നാല്‍ ബന്ധുക്കളോട് പിന്നീട് ഇയാള്‍ പറഞ്ഞത് കോട്ടയത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ്. പക്ഷേ, പോലീസ് ഇക്കാര്യം വിശദമായി പരിശോധിച്ചപ്പോള്‍ ഹാഷിം പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. അപ്പോള്‍ ഹാഷിം എന്താണ് മറച്ചുവയ്ക്കാന്‍ ശ്രമിച്ചത്. പോലീസ് അന്വേഷണം നീങ്ങുന്നത് ഇങ്ങനെ....

പീരുമേട്ടില്‍ പോയി
കോട്ടയത്ത് തന്നെ ഉണ്ട് എന്ന് ഹാഷിം ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും ഇയാള്‍ പീരുമേട്ടില്‍ പോയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മൊബൈല്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് പോലീസിന് ഇക്കാര്യം മനസിലായത്. ഹാഷിം എന്തോ മറയ്ക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു.

75 പേരെ ചോദ്യം ചെയ്തു
ഇക്കാര്യത്തിലുള്ള സത്യാവസ്ഥ കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. ഇതോടെ പോലീസ് അന്വേഷണം ഹൈറേഞ്ചിലേക്ക് വ്യാപിപ്പിച്ചു. പത്ത് കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തി. 75 പേരെ ചോദ്യം ചെയ്തു.

വീഡിയോയില്‍ പകര്‍ത്തി
പരിശോധന നടത്തിയ പ്രദേശങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയ പോലീസ് ഈ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കണ്ടു. എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാധ്യതകള്‍
ഇപ്പോള്‍ പോലീസ് എത്തിനില്‍ക്കുന്ന ചില നിഗമനങ്ങളുണ്ട്. ഒന്നുകില്‍ ദമ്പതികള്‍ മരിച്ചിട്ടുണ്ടാകാം. ജലാശയത്തിലേക്കോ കൊക്കയിലേക്കോ കാര്‍ മറിഞ്ഞാകാം അപകടം. പക്ഷേ, ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.

സമയം അതിക്രമിച്ചു
ജീവിച്ചിരിപ്പുണ്ടെങ്കില്‍ വീട്ടുകാരുമായി ബന്ധപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നാണ് പോലീസ് കരുതുന്നത്. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും പരിശോധനകള്‍ നടക്കുന്നുണ്ട്.

വിഷാദ രോഗത്തിന് ചികില്‍സ
കഴിഞ്ഞ ദിവസം ഹൈറേഞ്ചില്‍ അന്വേഷണത്തിന് എത്തിയത് 40 അംഗ പോലീസ് സംഘമാണ്. ദമ്പതികള്‍ മുമ്പ് പലതവണ ആത്മഹത്യാ പ്രവണത കാണിച്ചിട്ടുള്ളവരാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. വിഷാദ രോഗത്തിന് ഇവര്‍ ചികില്‍സ തേടിയിരുന്നുവത്രെ.

എല്ലാം വീട്ടിലുണ്ട്
വ്യക്തിപരമായ ഒരു വസ്തുക്കളും ദമ്പതികള്‍ എടുത്തിട്ടില്ല. എല്ലാം വീട്ടിലുണ്ട്. മൊബൈല്‍, പേഴ്‌സ് എന്നിവ പോലും വീട്ടില്‍ വച്ചാണ് ദമ്പതികള്‍ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറില്‍ പുറപ്പെട്ടത്.

സ്വകാര്യ ഡിറ്റക്ടീവ് സംഘവും
ദമ്പതികള്‍ പോകാന്‍ സാധ്യതയുള്ള മേഖലയിലെ സിസിടിവി കാമറകള്‍ മൊത്തം പോലീസ് പരിശോധിച്ചിട്ടുണ്ട്. 39 സിസിടിവി ഹാര്‍ഡ് ഡിസ്‌കുകളാണ് ഇതുവരെ പരിശോധിച്ചത്. അതിനിടെ കൊച്ചി ആസ്ഥാനമായ സ്വകാര്യ ഡിറ്റക്ടീവ് സംഘവും അന്വേഷണത്തിന് എത്തുന്നുവെന്നാണ് പുതിയ വിവരം.

ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
മാസങ്ങള്‍ അന്വേഷിച്ചിട്ടും പോലീസിന് തുമ്പില്ലാതായതോടെ ദമ്പതികളുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. ഇതേ തുടര്‍ന്നാണിപ്പോള്‍ അന്വേഷണ സംഘം വിപുലീകരിച്ചത്.

ദുരൂഹതയും അന്വേഷിക്കുന്നു
പീരുമേടിലെ കൂടുതല്‍ അപകട സാധ്യതയുള്ള പ്രദേശത്താണ് പോലീസ് സംഘം കഴിഞ്ഞദിവസം തിരച്ചില്‍ നടത്തിയത്. വരും ദിവസങ്ങളില്‍ നാവിക സേനയുടെ സഹായവും പോലീസിന് ലഭിക്കും. ജലാശയങ്ങള്‍ അരിച്ചുപെറുക്കാനാണ് തീരുമാനം. മറ്റെന്തിങ്കിലും ദുരൂഹതകള്‍ക്കുള്ള സാധ്യതയും പോലീസ് പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications