Pala Result: തൊട്ടടുത്ത വാര്‍ഡുകളില്‍ കുടുംബത്തിലെ 3 പേര്‍ ജയിച്ചു, പാലായില്‍ തിളങ്ങി വിമതര്‍
കോട്ടയം: പാലാ നഗരസഭയില്‍ ഒരു കുടംബത്തിലെ മൂന്ന് പേര്‍ വിജയിച്ചു. 13, 14, 15 വാര്‍ഡുകളില്‍ മല്‍സരിച്ച ബിനു പുളിക്കകണ്ടം, മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കകണ്ടം എന്നിവരാണ് ജയിച്ചത്. നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെ തുടര്‍ന്നാണ് ബിനു സ്വതന്ത്രനായി മല്‍സരിച്ചത്. 20 വര്‍ഷമായി കൗണ്‍സിലറായി തുടരുന്ന വ്യക്തിയാണ് ബിനു.
നേരത്തെ ബിജെപി, സിപിഎം, സ്വതന്ത്രന്‍ തുടങ്ങിയ സ്ഥാനാര്‍ഥികളായി മല്‍സരിച്ച് ജയിച്ച വ്യക്തി കൂടിയാണ് ബിനു. കാലാവധി പൂര്‍ത്തിയാകുന്ന നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച ഏക വ്യക്തിയും ബിനു ആയിരുന്നു. ഇത്തവണ അധ്യക്ഷ സ്ഥാനം വേണം എന്നായിരുന്നു ബിനുവിന്റെ ആവശ്യം. കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കമാണ് ബിനുവിനെ സിപിഎം പുറത്താക്കുന്നതിലേക്ക് നയിച്ചത്.

ദിയ ആദ്യമായിട്ടാണ് മല്‍സരിക്കുന്നത്. കന്നിയങ്കത്തില്‍ തന്നെ ജയിച്ചിരിക്കുകയാണ് അവര്‍. എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു ദിയ. പിവി സുകുമാരന്‍ നായര്‍ പുളിക്കകണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. ഏറെ കാലം കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു സുകുമാരന്‍ നായര്‍. സ്വതന്ത്രരായി ജയിച്ച ഈ കുടുംബത്തിന്റെ പിന്തുണ പാലാ നഗരസഭ ഭരിക്കുന്നവര്‍ക്ക് നിര്‍ണായകമാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം ബിനു സജീവമായിരുന്നു. തൃശൂരിലാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി നടത്തിയ മുന്നേറ്റം ഇരുമുന്നണികളെയും ഞെട്ടിച്ചു. പാലക്കാടും തൃപ്പൂണിത്തുറയും ബിജെപി പിടിച്ച നഗരസഭകളാണ്.












Click it and Unblock the Notifications