നൊന്തു പ്രസവിച്ച കുഞ്ഞിനെ റോഡിൽ കളഞ്ഞ് 22കാരി! പ്രസവിച്ചില്ലെന്നും വാദം,സംഭവം കോട്ടയത്ത്...
കിടങ്ങൂർ-മണർക്കാട് റോഡിൽ മാരിയമ്മൻ കോവിലിന് പുറകുവശത്തുള്ള ഇടവഴിയിലാണ് പൊക്കിൾക്കൊടി വേർപ്പെടുത്തിയ നിലയിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
കോട്ടയം: നവജാത ശിശുവിനെ റോഡരികിൽ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെ കണ്ടെത്തി. കിടങ്ങൂർ-മണർക്കാട് റോഡിൽ മാന്താടിക്കവലയ്ക്ക് സമീപം മാരിയമ്മൻ കോവിലിനടുത്ത് താമസിക്കുന്ന 22കാരിയാണ് കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. അവശനിലയിലായ യുവതിയെ പോലീസ് പാലാ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിടങ്ങൂർ-മണർക്കാട് റോഡിൽ മാരിയമ്മൻ കോവിലിന് പുറകുവശത്തുള്ള ഇടവഴിയിലാണ് പൊക്കിൾക്കൊടി വേർപ്പെടുത്തിയ നിലയിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. പ്രസവത്തിന് ശേഷം അഞ്ചു മണിക്കൂർ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് മണ്ണിലാണ് കിടത്തിയിരുന്നത്.

കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും അമ്പത് മീറ്റർ അകലെയാണ് അമ്മയുടെ വീട്. അവിവാഹിതയായ യുവതി തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് പുലർച്ചെയോടെ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ചു. യുവതിയുടെ വീട്ടിലുണ്ടായിരുന്ന പ്രായമായ അമ്മയും വല്യമ്മയും സംഭവമറിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്.
കുഞ്ഞിനെ പ്രസവിച്ച കാര്യം ആദ്യം സമ്മതിക്കാതിരുന്ന യുവതി, വൈദ്യ പരിശോധനയിലാണ് പിടിക്കപ്പെട്ടത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, ആശുപത്രിയിൽ കഴിയുന്ന യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രം ഏറ്റെടുക്കും.












Click it and Unblock the Notifications