കൊട്ടിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ രക്ഷിതാക്കള്‍
കൊല്ലം ജില്ലയിലെ കൊട്ടിയത്തുള്ള ഓക്‌സിലിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. 50ല്‍ അധികം കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചര്‍ദ്ദി, നെഞ്ചെരിച്ചില്‍, ചൊറിച്ചില്‍, ശ്വാസ തടസം എന്നിവ അനുഭവപ്പെടുകയായിരുന്നു. രക്ഷിതാക്കള്‍ വിവരം അറിയാന്‍ വൈകി എന്ന് ആരോപണമുണ്ട്. ആശുപത്രിയിലെത്തിച്ച രണ്ടു കുട്ടികള്‍ കൂടുതല്‍ പ്രയാസം നേരിടുന്നു എന്നാണ് വിവരം.
സ്‌കൂളിന് അടുത്തുള്ള ടാര്‍ മിക്‌സിങ് കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായത് എന്നാണ് ആരോപണം. പിന്നാലെ പ്ലാന്റ് വീണ്ടും അടച്ചു. പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് പ്രയാസത്തിന് കാരണമായി പറയുന്നത്. നേരത്തെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്ത പ്ലാന്റാണിത്. കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചാണ് വീണ്ടും തുറന്നത്.

Representational image
എട്ടില്‍ അധികം ആംബുലന്‍സുകളിലാണ് കുട്ടികളെ ഹോളിക്രോസ് ആശുപത്രിയിലെത്തിച്ചത്. മൂന്നു മാസം മുമ്പ് സമാനമായ സംഭവമുണ്ടായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അന്ന് മൂന്നു കുട്ടികള്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. ശേഷം സ്റ്റോപ്പ് മെമ്മോ കൊടുത്തതിനെ തുടര്‍ന്ന് ടാര്‍ മിക്‌സിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ പ്ലാന്റ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയാണ് പ്ലാന്റ് വീണ്ടും തുറന്നത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങിയ പിന്നാലെ പുക ശ്വസിച്ച് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. ഇത്തവണ 50ല്‍ അധികം കുട്ടികള്‍ക്ക് അസ്വാസ്ഥ്യമുണ്ടായി. നാല് വയസുള്ള കുട്ടി വരെ ആശുപത്രിയിലായി എന്നും പ്രസിഡന്റ് പറഞ്ഞു.
കുട്ടികള്‍ക്ക് അസ്വാസ്ഥ്യമുണ്ടായ പിന്നാലെ സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്തി. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കരുത് എന്നാണ് പഞ്ചായത്തും രക്ഷിതാക്കളും പറയുന്നത്. പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ ടാറിന്റെ അടുത്ത് നില്‍ക്കുന്ന പോലെയുള്ള അനുഭവമാണ് എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തല്‍ക്കാലം പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.
സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ചില കുട്ടികള്‍ക്കും അസ്വാസ്ഥ്യമുണ്ടായി. പ്ലാന്റിന്റെ 50 മീറ്റര്‍ പരിധിയില്‍ സ്‌കൂള്‍, വൃദ്ധസദനം, നിരവധി വീടുകള്‍ എന്നിവ ഉണ്ട്. മുമ്പ് രാത്രികാലങ്ങളിലായിരുന്നു പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് പകല്‍ പ്രവര്‍ത്തിച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് യുവജനസംഘടനകള്‍ രംഗത്തെത്തി. ഡിവൈഎഫ്‌ഐ കൊട്ടിയത്ത് ദേശീയ പാത ഉപരോധിച്ചു.




Click it and Unblock the Notifications
