അപൂര്‍വരത്‌നങ്ങളടങ്ങിയ ആഭരണങ്ങള്‍ കാണാനില്ല, വില 2 കോടിയിലേറെ; കവടിയാര്‍ കൊട്ടരത്തില്‍ വന്‍കവര്‍ച്ച
തിരുവനന്തപുരം: പ്രശസ്തമായ കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. അമൂല്യ രത്നങ്ങളും മുത്തുകളും പവിഴങ്ങളും പതിച്ച രണ്ട് കോടിയോളം വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ ആണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്. കവടിയാര്‍ കൊട്ടാരം സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള മേഖലയാണ്. ഗൗരി ലക്ഷ്മിഭായി സ്വന്തം കിടപ്പുമുറിയില്‍ ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പൊലീസിനു നല്‍കിയ പരാതിയില്‍ മോഷണം പോയ ആഭരണങ്ങളുടെ വിശദ വിവരങ്ങളും നല്‍കിയിട്ടുണ്ട്.

Image Credit: Instagram @trivandrum diaries
അര പവന്‍ വരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ ചെയിന്‍, മൂന്ന് പവന്റെ പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരം, ഏകദേശം രണ്ട് പവന്‍ വരുന്ന കറുത്ത മുത്തും സ്വര്‍ണമുത്തും ഇടകലര്‍ന്ന പാദസരം, നാല് പവന്‍ വരുന്ന വീതിയുള്ള ഇല ഡിസൈനിലുള്ള രണ്ട് വളകള്‍, മൂന്ന് പവന്‍ കണക്കാക്കുന്ന വീതി കുറഞ്ഞ രണ്ട് സ്വര്‍ണ പിരിവള എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്.
കൂടാതെ ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലുകള്‍, അതിന്റെ തൂക്ക്, രണ്ടര പവന്റെ സ്വര്‍ണത്തില്‍ പച്ച ഇനാമല്‍ രണ്ട് ഇലയും നടുക്ക് വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വര്‍ണ പതക്കം, സ്വര്‍ണ ചെയിന്‍, അഞ്ച് പവന്റെ സ്വര്‍ണ കുഴിമിന്നുമാല, ഏകദേശം എട്ട് ലക്ഷം രൂപ വിലവരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, രണ്ട് പവന്‍ വരുന്ന സ്വര്‍ണ്ണക്കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും എന്നിവയും മോഷ്ടിക്കപ്പെട്ടു.
ആറ് പവന്റെ റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കന്‍ വള, ഒരു പവന്റെ വളരെ നേര്‍ത്ത ചെയിനില്‍ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണപതക്കവും ചെയിനും, ഒരു പവന്‍ വീതം തൂക്കം വരുന്ന അഞ്ച് കുതിരപവന്‍ നാണയങ്ങള്‍ എന്നിവയും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു എന്ന് പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്.
രത്‌നക്കല്ലുള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. ഏകദേശം രണ്ട് കോടിയോളം രൂപ മൂല്യമുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 2025 നവംബറില്‍ ബെംഗളൂരുവില്‍ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി ശ്രദ്ധയില്‍പ്പെടുന്നത് എന്ന് പരാതിയില്‍ പറയുന്നു. ഇതിനു 10 ദിവസം മുന്‍പും ആഭരണം പുറത്തെടുത്ത് അടുക്കി വച്ചിരുന്നു
ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലായതോടെ കൊട്ടാരത്തിലാകെ പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരോട് വാക്കാല്‍ പരാതിപ്പെട്ടു. നാല് മാസം പൊലീസ് അന്വേഷിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് ഇന്നലെ പരാതി നല്‍കിയത്. കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകള്‍ മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ വര്‍ഷം നവംബറിലെയോ ഒക്ടോബറിലെയോ ഏതോ സമയം കള്ളന്‍ അതിക്രമിച്ച് കയറി എന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications