ആനയുടെ ചവിട്ടേറ്റ് മരിച്ചത് ഒരാള്‍, രണ്ട് പേരുടെ മരണം കെട്ടിടം തകര്‍ന്നുവീണ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: കൊയിലാണ്ടിയില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ മരിച്ച മൂന്ന് പേരില്‍ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റാണ്. മറ്റ് രണ്ട് പേര്‍ മരിച്ചത് കെട്ടിട ഭാഗങ്ങള്‍ ദേഹത്ത് വീണാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെയായിരുന്നു കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞത്.
ലീല, അമ്മുക്കുട്ടി അമ്മ, രാജന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഇന്നാണ് പൂര്‍ത്തിയായിത്. കൊയിലാണ്ടിയില്‍ പൊതുദര്‍ശനം വെച്ചതിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടത്തും. രാജന് ആന്തരിക രക്തസ്രാവം ഉണ്ടായി എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമ്മുക്കുട്ടി അമ്മയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തു. അതേസമയം അപകടത്തില്‍ പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവര്‍ ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തില്‍ ആകെ 32 പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം ആനയിടഞ്ഞ സംഭവത്തില്‍ വനം വകുപ്പും റവന്യൂ വകുപ്പും വ്യത്യസ്ത തരത്തിലുള്ള കണ്ടെത്തലുകള്‍ ആണ് മുന്നോട്ടുവെക്കുന്നത്. ആന ഇടയാന്‍ കാരണം പടക്കമല്ലെന്നും പിന്നില്‍ വരികയായിരുന്ന ഗോകുല്‍ എന്ന ആന മുന്നില്‍ കയറിയതാണ് പീതാംബരന്‍ എന്ന ആനയെ പ്രകോപിപ്പിച്ചത് എന്നുമാണ് വനം വകുപ്പ് പറയുന്നത്.
ഗോകുലിനെ പീതാംബരന്‍ ആക്രമിച്ചതോടെ ഗോകുല്‍ ക്ഷേത്ര കമ്മിറ്റി ഓഫിസിലേക്ക് കയറുകയായിരുന്നു എന്നും ഇതോടെ ഓഫീസ് തകര്‍ന്ന് വീണു എന്നുമാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. അപകടത്തില്‍ ലഭ്യമായ ദൃശ്യങ്ങള്‍ അത്രയും പരിശോധിച്ചാണ് വനം വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പാപ്പാന്മാരുടെ മൊഴികളില്‍ പടക്കം പൊട്ടിയതാണ് പ്രകോപന കാരണം എന്നാണ് പറയുന്നത്.
അതേസമയം ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിര്‍ദേശം ലംഘിക്കപ്പെട്ടു എന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. ഇതാണ് ആനകള്‍ ഇടയാന്‍ കാരണമായത്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള ആനകളാണ് ഗോകുലും പീതാംബരനും. രണ്ട് ആനകളുടെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകള്‍ എല്ലാം കൃത്യം ആയിരുന്നു എന്നാണ് വനം വകുപ്പ് പറയുന്നത്.












Click it and Unblock the Notifications