കുനിച്ചു നിര്‍ത്തിയിടിച്ചു, കഴുത്തില്‍ കേബിള്‍ മുറുക്കി; മകളെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിതാവ്
കോഴിക്കോട്: കോഴിക്കോട്ട് നവവധുവിന് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ പിതാവ്. ഭര്‍ത്താവില്‍ നിന്ന് മകള്‍ക്ക് ക്രൂരമായ മര്‍ദ്ദനം നേരിട്ടുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ അവഗണിച്ചെന്നും പിതാവ് ആരോപിച്ചു. മേയ് അഞ്ചിനായിരുന്നു പെണ്‍കുട്ടിയും പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി.ഗോപാലും തമ്മിലുള്ള വിവാഹം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മകളുടെ വിവാഹം. വിവാഹത്തിന് ശേഷമുള്ള അടുക്കള കാണല്‍ ചടങ്ങിന് വേണ്ടി ഇന്നലെ കുടുംബസമേതം മകളെ കല്യാണം കഴിപ്പിച്ചു വിട്ട വീട്ടിലേക്ക് പിതാവും മറ്റ് കുടുംബാംഗങ്ങളും എത്തിയിരുന്നു. അപ്പോഴാണ് അവശയായ മകളെ കണ്ടത്. നെറ്റി മുഴച്ചിട്ടുമുണ്ടായിരുന്നു. കാരണം തിരക്കിയപ്പോള്‍ കുളിമുറിയില്‍ വീണതാണ് എന്നായിരുന്നു പറഞ്ഞത്.

എന്നാല്‍ വിശദമായി ചോദിച്ചപ്പോഴാണ് മകള്‍ മര്‍ദ്ദനമേറ്റ വിവരം പറഞ്ഞത്. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും കുനിച്ചു നിര്‍ത്തി ഇടിച്ചെന്നും മകള്‍ പറഞ്ഞതായി പിതാവ് കൂട്ടിച്ചേര്‍ത്തു. തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്തിട്ടുണ്ട്. മകള്‍ ഓടാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചിട്ട് പിടിച്ച് ബെല്‍റ്റു കൊണ്ട് അടിക്കുകയായിരുന്നു എന്നും ബോധം പോയ മകളെ അവര്‍ ആശുപത്രിയില്‍ കൊണ്ടുപോയെന്നും പറഞ്ഞു.
കാര്യമറിഞ്ഞതോടെ ഇന്നലെ തന്നെ മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പരാതി നല്‍കാനെത്തിയപ്പോള്‍ ആറ് മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ ചെലവഴിച്ചെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്ക് പിന്നാലെ രാഹുലിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
രാഹുലും കൂട്ടുകാരും ഇളയച്ഛനുമാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തങ്ങളെ വിടുന്നതിനു മുന്‍പ് പൊലീസുകാര്‍ അവനെ രാഹുലിനെ വിടുകയായിരുന്നു എന്ന് പൊലീസ് ആരോപിച്ചു. മകളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയെന്നും പിതാവ് പറഞ്ഞു. പറവൂര്‍ സ്വദേശിയാണ് യുവതി. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് പെണ്‍കുട്ടി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് രാഹുലിന്റെ വിവാഹാലോചന വന്നത്. ഒരിക്കല്‍ ആലോചന വന്ന് ചില കാരണങ്ങളാല്‍ മുടങ്ങി പോയിരുന്ന വിവാഹം പിന്നീട് രണ്ടാമത് രാഹുലിന്റെ താത്പര്യപ്രകാരം വീണ്ടും ആലോചനയുമായി എത്തുകയും വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു. വിവാഹത്തിന് മുമ്പ് ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിന് ശേഷം ചെറിയ പിണക്കമുണ്ടായി എന്നും യുവതി പറയുന്നു.
കൂടെ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതിനുശേഷം ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ മദ്യപിച്ചെത്തി ഈ കാരണം പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയാണുണ്ടായതെന്നും യുവതി പറഞ്ഞു. ജര്‍മനിയില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറാണ് രാഹുല്‍. എം.ടെക്ക് ബിരുദധാരിയായ യുവതി ടെക്നോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്.












Click it and Unblock the Notifications