ആശ്വാസമായി കോഴിക്കോട് കലക്ടറുടെ പരാതി പരിഹാര അദാലത്ത്: 53.96 ലക്ഷം രൂപയുടെ ധനസഹായം
കോഴിക്കോട്: ജില്ലാ കലക്ടര്‍ യുവി ജോസിന്റെ നേതൃത്വത്തില്‍ താമരശ്ശേരി താലൂക്കില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ 53,96,000 രൂപയുടെ ധനസഹായ വിതരണത്തിന് അംഗീകാരമായി. 254 പരാതികള്‍ പരിഗണിച്ചു. ആറ് പരാതികളില്‍ അന്തിമതീര്‍പ്പായി. താമരശ്ശേരി കാരാടി യുപി സ്‌കൂളിലായിരുന്നു പരിപാടി.
അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5,38,000 രൂപ വിതരണം ചെയ്തു. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി നെല്ലിപ്പൊയില്‍ സ്വദേശി ജെയ്‌സി ജോസിനു 3 ലക്ഷം രൂപ അനുവദിച്ചു. ഭര്‍ത്താക്കന്മാര്‍ അപകടത്തില്‍ മരിച്ച കൊടുവള്ളിയിലെ സമീരയ്ക്കും രാരോത്ത് വില്ലേജിലെ മിനിയ്ക്കും ഒരു ലക്ഷം രൂപ അനുവദിച്ചു. സ്വന്തമായി ഭൂമിയില്ലാതിരുന്ന എസ്.ബി. സൂര്യ, ഉണ്ണിമാധവന്‍, ബെന്നി, പാത്തുമ്മ എന്നിവര്‍ക്ക് പുറമ്പോക്ക് ഭൂമിയില്‍ നാല് സെന്റിനു പട്ടയം നല്‍കി. പ്രകൃതിക്ഷോഭത്തിലൂടെയുണ്ടായ നാശനഷ്ടത്തിന് 89 പേര്‍ക്കായി 3,97,800 രൂപ വിതരണം ചെയ്തു.

കട്ടിപ്പാറ ആദിവാസി കോളനിയില്‍ അംഗനവാടി ടീച്ചറെ നിയമിക്കാനായി കമ്മറ്റിയോട് തീരുമാനം എടുക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കിനാലൂര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് ഭൂമിയുടെ നികുതിയടയ്ക്കാനാകാത്ത പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശയ്ക്കായി സമര്‍പ്പിക്കാനും അദാലത്തില്‍ തീരുമാനിച്ചു. നാളുകളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന നിരവധി പേരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കാണ് അദാലത്തിലൂടെ പരിഹാരമായത്. വകുപ്പ്തലത്തില്‍ പരിഹാരം കാണേണ്ട അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍മാര്‍ക്ക് കൈമാറി. സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, ഡെപ്യൂട്ടി കലക്ടര്‍മാരായ കെഎം അബ്രഹാം, റോഷ്‌നി നാരായണ്‍, സജീവ് ദാമോദര്‍, തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications