കോഴിക്കോട് ഞെട്ടിയ രാത്രി: ട്രെയ്നിലെ തീവെപ്പ് ആസൂത്രിതം?, അക്രമി ബൈക്കില്‍ പോവുന്ന ദൃശ്യം ലഭിച്ചു
കേരളത്തെ ഞെട്ടിച്ച് ട്രെയിനിലെ തീവെപ്പ്. കോഴിക്കോട് എലത്തൂരിലാണ് ഓടുന്ന ട്രെയിനില്‍ അജ്ഞാതന്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തീ പൊള്ളലില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് 3 പേരുടെ മൃതദേഹം പാളത്തിലെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.
ട്രെയിനില്‍ യാത്രചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്മത്ത് സഹോദരിയുടെ മകള്‍ സുഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അക്രമത്തിൽ പരുക്കേറ്റവർ തങ്ങൾക്കൊപ്പമുള്ള ഒരു കുഞ്ഞിനെയും മാതാവിനെയും കാണാനില്ലെന്ന് റെയില്‍ വേ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് ഇവർ അക്രമം ഭയന്ന് കോരപ്പുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് എടുത്തുചാടിയോ എന്ന സംശയത്തിൽ പോലീസ് പരിശോധന നടത്തവെയാണ് കോരപ്പുഴ പാലത്തിൽ നിന്ന് അൽപം മാറി മൂന്ന് മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

തികച്ചും അപ്രതീക്ഷിതമായ ആക്രമണമായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനിലേത്. പതിവിലും തിരക്ക് കുറഞ്ഞ ട്രെയിനിന്‍റെ ഡി വണ്‍ കോച്ചിലേക്കാണ് ആക്രമി രണ്ട് കുപ്പിയില്‍ പെട്രോളുമായി എത്തുന്നത്. തുടര്‍ന്ന് യാതൊരു പ്രകോപനവും ഇല്ലാതെ യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ആക്രമണത്തില്‍ പൊള്ളലേറ്റവര്‍ നിലവിളിച്ച് ബഹളം വെക്കുന്നതിനിടെ പ്രതി രക്ഷപ്പെട്ടു. യാത്രക്കാര്‍ പെട്ടെന്ന് തന്നെ ചങ്ങലവലിച്ചെങ്കിലും ഡി വണ്‍ കോച്ച് ഉള്‍പ്പെടുന്ന ട്രെയിനിന്‍റെ ഭാഗം നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ഇത് കാരണം പരിക്കേറ്റവരെ പുറത്തേക്ക് എത്തിക്കാന്‍ സാധിച്ചില്ല. പിന്നീട് നിര്‍ത്തിയിട്ട ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപത്തായി നിര്‍ത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
പതിനഞ്ചോളം പേരുടെ ശരീരത്തിലേക്ക് തീ പടര്‍ന്നെങ്കിലും 9 പേര്‍ക്കാണ് സാരമായി പൊള്ളലേത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അനില്‍ കുമാര്‍ എന്നയാള്‍ക്കാണ് അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റിരിക്കുന്നത്. കണ്ണുരിലെത്തിയ ട്രെയ്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥലും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പ്രതിയെ കുറിച്ചുള്ള സുപ്രധാനമായ സൂചനകള്‍ പൊലീസിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രതി ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിവച്ച ആളാണെന്ന് യാത്രക്കാര്‍ മൊഴി നല്‍കി.
പ്രതിയെ കണ്ടെത്താന്‍ സഹായിച്ചേക്കാവുന്ന നിര്‍ണ്ണായക സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാൾ മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. അക്രമി കൈ കാണിക്കാതെ തന്നെ ബൈക്ക് നിര്‍ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതോടെയാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അതോടൊപ്പം തന്നെ പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗും കണ്ടെത്തിയിട്ടുണ്ട്.
ബാഗില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഹിന്ദിയിലുളള പുസ്തകങ്ങളുമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉള്‍പ്പെടെ വിവരശേഖരണം തുടങ്ങി. ഫോറന്‍സിക് സംഘവും ഇന്ന് തന്നെ സ്ഥലത്തെത്തി പരിശോധന നടത്തും. അക്രമം നടന്ന കോച്ചുകള്‍ സീല്‍ ചെയ്ത് മാറ്റിയിട്ടുണ്ട്.
ബൈക്കു മായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിനായി കോരപ്പുഴ തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ മട്ടന്നൂർ സ്വദേശി റാസിഖ് കൂടെയുള്ള രണ്ടുപേരെ കാണാതായെന്ന് വിവരം നൽകിയിരുന്നു.












Click it and Unblock the Notifications