ജീന്‍സിടരുത്, ആണും പെണ്ണും മിണ്ടരുത്; എന്‍ട്രന്‍സ് പരിശീലനകേന്ദ്രം
കോഴിക്കോട്: എന്‍ട്രന്‍സ് പരിശീലനകേന്ദ്രത്തില്‍ പരിശീലനത്തിനെത്തുന്ന കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സ്ഥാപനത്തിനെതിരെ പ്രതിഷേധം. കേട്ടുകേള്‍വിയില്ലാത്ത നിയമങ്ങളാണ് ഇവര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടരുതെന്നും പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചത്തിയാല്‍ ക്ലാസിന് പുറത്താക്കുമെന്നും ഇവര്‍ സ്ഥാപിച്ച ബോര്‍ഡില്‍ പറയുന്നു.
സ്ഥാപനത്തില്‍ അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. നേരില്‍ കണ്ടാല്‍പോലും ആണ്‍ പെണ്‍ സൗഹൃദം പാടില്ലെന്ന് വിലക്കുന്ന ഇവര്‍ ഏതെങ്കിലും നിര്‍ദ്ദേശം തെറ്റിച്ചാല്‍ വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ നിന്നും പുറത്തുപോകുമെന്നും മുന്നറിയിപ്പുണ്ട്. എന്‍ട്രന്‍സ് കേന്ദ്രത്തിലേത് കരിനിയമങ്ങളാണെന്ന് ബാലാവകാശ കമ്മീഷന്‍ പറയുന്നു.

ആണ്‍ പെണ്‍ സൗഹൃദം ഒഴിവാക്കാന്‍ പ്രത്യേക ലൈബ്രറിയും ക്ലാസ്‌റൂമും സ്ഥാപനത്തിലുണ്ട്. ഇറുകിയ വസ്ത്രങ്ങളും സ്ഥാപനം വിലക്കുന്നു. വിദ്യാര്‍ഥികളെ ശിക്ഷിച്ചാല്‍ പരാതിയുമായി രക്ഷിതാക്കള്‍ എത്തേണ്ടെന്നും അറുപഴഞ്ചന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും സ്ഥാപനം വ്യക്തമാക്കുന്നുണ്ട്.
ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടതോടെ ഒരുസംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപനത്തിലേക്ക് ഇരച്ചുകയറി നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ബോര്‍ഡ് നശിപ്പിച്ചു. കുട്ടികള്‍ക്ക് കരിനിയമങ്ങള്‍ ബാധകമാക്കരുതെന്ന് സ്ഥാപന ഉടമയോട് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. എന്നാല്‍ നിയമങ്ങളെല്ലാം വിദ്യാര്‍ഥികളും രക്ഷിതാക്കളും അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് സ്ഥാപന ഉടമ വ്യക്തമാക്കി.












Click it and Unblock the Notifications