കോഴിക്കോട് ഫുഡ് സേഫ്റ്റി നിർദേശങ്ങള്‍ പാലിക്കാത്ത 233 സ്ഥാപനങ്ങള്‍: പിഴയായി ഈടാക്കിയത് 7.75 ലക്ഷം രൂപ
കോഴിക്കോട്: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) നിർദ്ദേശങ്ങൾ പാലിക്കാത്ത കോഴിക്കോട് ജില്ലയിലെ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ 1928 പരിശോധനകളിൽ എഫ് എസ് എസ് എ ഐ നിർദേശങ്ങള്‍ പാലിക്കാത്ത 233 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായും ഇവയില്‍ നിന്ന് 775500 രൂപ പിഴ ചുമത്തിയതായും വകുപ്പ് അറിയിച്ചു.
മൂന്ന് മാസക്കാലയളവില്‍ 300 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1033 സർവെയ്ലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയുണ്ടായി. ഇതില്‍ വിധിയായ 34 അഡ്ജുഡിക്കേഷൻ കേസുകൾക്ക് 7.65 ലക്ഷം രൂപയും 17 പ്രോസിക്യൂഷൻ കേസുകൾക്ക് 7.89 ലക്ഷം രൂപ പിഴയും പിഴ വിധിച്ചു. ഇതേസമയം തന്നെ 7979 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും 2191 ലൈസൻസും നൽകി. 960 ഹോട്ടൽ തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി ട്രെയിനിങ് & സർട്ടിഫിക്കേഷൻ വഴി പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.

ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായി ജില്ലയിൽ 91 ഹോട്ടലുകൾ ഹൈജീൻ റേറ്റിംഗ് ഓഡിറ്റ് പൂർത്തിയാക്കി സർട്ടിഫൈ ചെയ്യുകയുണ്ടായി. മൂന്ന് സ്കൂളുകൾ, ആറ് കോളേജ് ക്യാമ്പസുകൾ, രണ്ട് ക്ഷേത്രങ്ങൾ എന്നിവ യഥാക്രമം ഈറ്റ് റൈറ്റ് സ്കൂൾ, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഈറ്റ് റൈറ്റ് പ്ലെയ്സ് ഓഫ് വർഷിപ്പ് ആയി സർട്ടിഫൈ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇതിൽ രണ്ട് സ്കൂളുകൾക്ക്- കീഴ്പ്പയ്യൂർ വെസ്റ്റ് എൽ പി സ്കൂൾ, അൽഫോൻസ് സീനിയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി- എന്നിവയ്ക്കുള്ള എഫ്എസ്എസ്എഐ യുടെ ഈറ്റ് റൈറ്റ് സ്കൂൾ സർട്ടിഫിക്കറ്റ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വിതരണം ചെയ്തു.
അതേസമയം, ഭക്ഷ്യ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ശാക്തീകരിച്ചത്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications