കോഴിക്കോട് ഒഴിവായത് വന്‍ദുരന്തം
കോഴിക്കോട്: നിയന്ത്രണമില്ലാതെ കുതിച്ചു പായുന്ന ടാങ്കര്‍ ലോറികള്‍ കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയിലുണ്ടാക്കുന്ന അപകടങ്ങള്‍ക്ക് കൈയും കണക്കുമില്ല. ശനിയാഴ്ച വൈകുന്നേരം 3.30ഓടെ നഗരത്തിനടുത്തുള്ള വെസ്റ്റ് ഹില്‍ ചുങ്കത്ത് ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് മറിഞ്ഞത് ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കി. ടാങ്കറില്‍ നിന്നുള്ള വാതകം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ പ്രദേശത്തുള്ള 40ഓളം വീട്ടുകാരെ പോലിസ് കുടിയൊഴിപ്പിച്ചു.
ലോറിയിടിച്ചുമറിഞ്ഞതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ രവിദാസ്(53) തത്ക്ഷണം മരണമടഞ്ഞു. മംഗലാപുരത്തുനിന്നും കോയമ്പത്തൂരിലെ ഐഒസി പ്ലാന്റിലേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറിയിലുള്ള രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടില്ല. ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തു. തീപ്പിടിയ്ക്കുകയായിരുന്നെങ്കില്‍ വന്‍ നാശനഷ്ടമുണ്ടാകുമെന്നുറപ്പായിരുന്നു.

ചേളാരി ഐഒസിയില്‍ നിന്നെത്തിയ സംഘം വാതക ചോര്‍ച്ച ഭാഗികമായി അടയ്ക്കുന്നതില്‍ വിജയിച്ചതോടെയാണ് ഭീഷണി ഒഴിവായത്. സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
ടാങ്കര്‍ ലോറികള്‍ക്ക് ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പകല്‍ യാത്രാനിയന്ത്രണം, വണ്ടിയില്‍ രണ്ട് ഡ്രൈവര്‍മാര്‍, സമയം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് കമ്പനികള്‍ ഇപ്പോള്‍ ഓട്ടം നടത്തുന്നത്. കമ്പനികളുടെ സമര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ ഇളവ് നല്‍കിയതെന്ന ആരോപണമുണ്ട്.
ബേബിയാണ് രവിദാസിന്റെ ഭാര്യ. വിപിന്‍ ദാസ്, ദിവ്യ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications