വെടിപൊട്ടിയത് എന്‍സിസി കേഡറ്റിന്റെ കൈയ്യില്‍ നിന്നുതന്നെ; ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍
കോഴിക്കോട്: എന്‍.സി.സി പരിശീലന ക്യാമ്പില്‍വെച്ച് കേഡറ്റിന് വെടിയേറ്റത് തൊട്ടടുത്തുനിന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കേഡറ്റ് തോക്ക് പരിശോധിക്കുമ്പോള്‍ വെടി പൊട്ടിയതായിരിക്കാമെന്ന് പോലീസ് നിഗമനം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. അതേസമയം, മരിച്ച ധനുഷ് ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
ആത്മഹത്യ ചെയ്യേണ്ടുന്ന ഏതെങ്കിലും സാഹചര്യം ധനുഷിന് ഉണ്ടായിരുന്നോ എന്നാണ് ഇപ്പോള്‍ പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്നാണ് ബന്ധുക്കളില്‍ നിന്നും ലഭിച്ച മൊഴി. ധനുഷിന്റെ അടുത്ത സുഹൃത്തുക്കളുടെയും ക്യാമ്പില്‍ ഒപ്പമുണ്ടായിരുന്നവരുടെയും മൊഴിയെടുക്കുന്നതോടെ മരണത്തില്‍ വ്യക്തവരുത്താനാകുമെന്ന് പോലീസ് പറഞ്ഞു.

എന്‍സിസി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓരോ കാഡറ്റുകള്‍ക്കും നല്‍കുന്ന വെടിയുണ്ടകളുടെ കണക്കുകള്‍ ശരിയാക്കുന്നതില്‍ പിഴവുണ്ടായെന്ന് പോലീസും പറയുന്നു. അഞ്ചു വെടിയുണ്ടകളായിരുന്നു ധനുഷിന് നല്‍കിയിരുന്നതെങ്കിലും ഒരെണ്ണം കാണാതെ പോവുകയായിരുന്നു. ഇതാണ് പിന്നീട് തോക്കില്‍നിന്നും പൊട്ടിയത്.
ചൊവ്വാഴ്ചയാണ് വെസ്റ്റ്ഹില്‍ മിലിറ്ററി ബാരക്‌സില്‍ പരിശീലനത്തിനിടെ എന്‍സിസി കെഡറ്റ് ധനുഷ് വെടിയേറ്റു മരിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം തോക്ക് പരിശോധിക്കുന്നതിനിടെ വെടിപൊട്ടിമരിച്ചെന്നാണ് എന്‍സിസി വൃത്തങ്ങള്‍ പറയുന്നത്. കോഴിക്കോട് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ഡി. സാലിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications