2020 ല്‍ കോഴിക്കോട് സർവ്വം ഇടത് മയം: യുഡിഎഫിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചത് മുന്‍സിപ്പാലിറ്റികളില്‍ മാത്രം
തദ്ദേശ തിരഞ്ഞെടുപ്പുകളിലും നിയമസഭ തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്കൊപ്പം, ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം, ഇതാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടുള്ള കോഴിക്കോടിന്‍റെ രാഷ്ട്രീയ മനോഭാവം. ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭ സീറ്റുകളിലും ഇടത് സ്ഥാനാർത്ഥികള്‍ വിജയിക്കുമ്പോള്‍ കോഴിക്കോട്, വടകര ലോക്സഭ സീറ്റുകള്‍ കഴിഞ്ഞ കുറേ തവണയായി കൈവശം വെക്കുന്നത് യു ഡി എഫ് ആണ്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും നേടിയ വന്‍ ഭൂരിപക്ഷത്തിന്‍റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ് ഇത്തവണ തദ്ദേശപ്പോരിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പല പഞ്ചായത്തുകളിലും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തിന് ഇറങ്ങിയെങ്കിലും താമരശ്ശേരി മേഖലയില്‍ അടക്കം ഇത്തവണയും വിമത ശല്യം രൂക്ഷമാണ്. എല്‍ഡിഎഫ് ആകട്ടെ കൈവശമുള്ള പഞ്ചായത്തുകള്‍ നിലനിർത്തി പുതിയത് പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ബിജെപിയും എസ്ഡിപിഐ പോലുള്ള പാർട്ടികളും തങ്ങളുടെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനായി അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു.

2020 ലെ നില
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോള്‍ ജില്ലയില്‍ ആകെയുള്ള 70 പഞ്ചായത്തുകളില്‍ എല്‍ ഡി എഫിന് 43 ഇടത്ത് ഭരണം ലഭിച്ചപ്പോള്‍ യു ഡി എഫിന് വിജയിക്കാന്‍ സാധിച്ചത് 25 ഇടത്ത് മാത്രമായിരുന്നു. രണ്ടിടത് ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് എല്‍ ഡി എഫ് - 10, യു ഡി എഫ് - 2, മുന്‍സിപ്പാലിറ്റി എല്‍ ഡി എഫ് 3, യു ഡി എഫ് - 4 എന്നിങ്ങനെയായിരുന്നു നില.
ജില്ല പഞ്ചായത്ത്
ആകെ 27 ഡിവിഷനുകളുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ 18 എണ്ണവും സ്വന്തമാക്കിയാണ് എല്‍ ഡി എഫ് ഭരണം നിലനിർത്തിയത്. യു ഡി എഫ് ആകട്ടെ 9 ഡി വിഷനുകളില്‍ ഒതുങ്ങി.
കോർപ്പറേഷന്‍
പതിറ്റാണ്ടുകളായി ഇടതുമുന്നണി ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷില്‍ കഴിഞ്ഞ തവണ ആകെയുള്ള 75 സീറ്റില്‍ 49 ഉം നേടിയാണ് അവർ ഭരണം നിലനിർത്തിയത്. യു ഡി എഫ് വലിയ പ്രചരണമൊക്കെ നടത്തി ഭരണം പിടിച്ചെടുക്കുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും 14 വാർഡുകളില്‍ മാത്രമാണ് അവർക്ക് വിജയിക്കാന്‍ സാധിച്ചത്. ബി ജെ പി ഏഴ് വാർഡുകളിലും മറ്റുള്ളവർ 5 വാർഡിലും വിജയിച്ചു. അതേസമയം മുന്‍സിപ്പാലിറ്റികളില്‍ നേട്ടം യുഡിഎഫിനായിരുന്നു ആകെയുള്ള ഏഴ് മുന്‍സിപ്പാലിറ്റികളില്‍ ഏഴെണ്ണം യുഡിഎഫിന് ലഭിച്ചപ്പോള്‍ മൂന്നിടത്ത് മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്.












Click it and Unblock the Notifications