ഞങ്ങളെ തോല്‍പ്പിക്കാനാവില്ല മക്കളേ, രണ്ടാം ദിനത്തിലും കോഴിക്കോട് കുതിക്കുന്നു
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 385 പോയിന്റോടെ കോഴിക്കോട് ഒന്നാം സ്ഥാനത്ത് തുടരുന്നു
തൃശൂര്‍: എത്ര കടുത്ത എതിരാളികളായാലും തങ്ങളെ തളയ്ക്കാനാവില്ലെന്ന് വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും കോഴിക്കോട് കുതിപ്പ് തുടരുന്നു. ഗ്ലാമര്‍ ഇനങ്ങളിലെല്ലാം സൂപ്പര്‍ പോരാട്ടങ്ങള്‍ പുറത്തെടുത്താണ് കോഴിക്കോട് തലയുയര്‍ത്തി നില്‍ക്കുന്നത്.
കോഴിക്കോടിന് കടുത്ത മുന്നറിയിപ്പുമായി പാലക്കാടും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തന്നെയുണ്ട്.

385 പോയിന്റാണ് കോഴിക്കോടിനുള്ളത്. പാലക്കാടിന് 382 പോയിന്റാണുള്ളത്. അതായത് കോഴിക്കോടിനേക്കാള്‍ വെറും മൂന്നു പോയിന്റ് മാത്രം പിന്നില്‍. കഴിഞ്ഞ ദിവസം കോഴിക്കോടുമായി ഉണ്ടായിരുന്ന നാലു പോയിന്റിന്റെ വ്യത്യാസം കുറയ്ക്കാനും പാലക്കാടിന് സാധിച്ചു. ആതിഥേയരും കലോത്സവത്തില്‍ ഏറ്റവുമധികം പിന്തുണ ലഭിക്കുന്ന ടീമുമായ തൃശൂരിന് 378 പോയിന്റുണ്ട്.
ഈ മൂന്നു ജില്ലകള്‍ തമ്മില്‍ പോയിന്റിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ കിരീടത്തിന്റെ കാര്യത്തില്‍ ഫോട്ടോ ഫിനിഷ് വേണ്ടി വരും. കണ്ണൂരിനും ഇതേ പോയിന്റുണ്ട്. മലപ്പുറം എറണാകുളം കോട്ടയം ജില്ലകളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ മത്സരം കാണാന്‍ ആളുകള്‍ കുറവായിരുന്നു. എന്നാല്‍ ഗ്ലാമര്‍ ഇനങ്ങള്‍ എത്തിയതോടെ ആളുകള്‍ കൂട്ടത്തോടെ വേദിയിലേക്ക് എത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ലളിതഗാനം നാടന്‍പാട്ട് മാപ്പിളപ്പാട്ട് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രതീക്ഷയോടെ കാത്തിരുന്ന ഹൈസ്‌കൂള്‍ വിഭാഗം നാടകത്തെയും തിരുവാതിരയെയും കൈയടികളോടെയാണ് വരവേറ്റത്. മത്സരങ്ങള്‍ വൈകുന്നത് പരിഹരിക്കുമെന്ന് പറഞ്ഞിരുന്ന സര്‍ക്കാരിനും സംഘാടക സമിതിക്കും രണ്ടാം ദിനവും പറഞ്ഞ വാക്ക് പാലിക്കാനായില്ല. പല മത്സരങ്ങളും വൈകിയാണ് നടന്നത്.
ഇതുവരെ 114 മത്സരങ്ങളാണ് കഴിഞ്ഞത്. ഇനി 117 മത്സരങ്ങളാണ് ബാക്കിയുള്ളത്. രണ്ടാം ദിനത്തിലും അപ്പീലുകള്‍ക്ക് കുറവില്ലായിരുന്നു. പ്രത്യേകം നിരീക്ഷി
ച്ചതിലൂടെ പലതും വ്യാജ അപ്പീലുകളാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications