• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരിപ്പൂര്‍ എയര്‍പോര്‍ട്ട്: ആരുടെ ചരടുവലികള്‍, പ്രതിഷേധം ശക്തം; വലിയ വിമാനങ്ങള്‍ക്ക് അനുകൂല തീരുമാനം?

  • By എൻ പി ശക്കീർ

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ പുന:സ്ഥാപിച്ചുകൊണ്ട് ഈ മാസം അവസാനത്തോടെ ഉത്തരവുണ്ടാകുമെന്ന് സൂചന. ഇതിനിടെ എയര്‍പോര്‍ട്ടിന്റെ പേരില്‍ രാഷ്ട്രീയ പോരാട്ടവും രൂക്ഷമായി. എയര്‍പോര്‍ട്ട് പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി നടത്തിയ 24 മണിക്കൂര്‍ ഉപവാസം വെള്ളിയാഴ്ച രാവിലെ സമാപിച്ചു. കോണ്‍ഗ്രസ് എംപി ഉപവാസം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇടത് ആഭിമുഖ്യമുള്ള പ്രവാസി സംഘടനയായ കേരള പ്രവാസി സംഘവും സമരം പ്രഖ്യാപിച്ചിരുന്നു. അവര്‍ രണ്ടു ദിവസം മുന്‍പുതന്നെ എയര്‍ഇന്ത്യാ ഓഫിസിനു മുന്നില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു. എന്നാല്‍, ഈ സമരങ്ങളൊക്കെ സര്‍ക്കാര്‍ തീരുമാനം മുന്നില്‍ക്കണ്ടുള്ളതാണെന്നും അതുടനെ ഉണ്ടാവുകയും ചെയ്യുമെന്നതാണ് ബിജെപി നിലപാട്.

മലബാറിനു പ്രതീക്ഷയുടെ ചിറകുകള്‍ നല്‍കി 1988ലാണ് കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. ആരംഭിക്കുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളം മാത്രമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. വലിയ തോതില്‍ വിദേശയാത്രക്കാരുണ്ടായിരുന്ന മലബാറില്‍ എയര്‍പോര്‍ട്ട് വേണമെന്നത് ശക്തമായ ആവശ്യമായി മാറുകയായിരുന്നു. മുംബൈ വിമാനത്താവളത്തെ ആയിരുന്നു ഇക്കാലത്ത് പ്രധാനമായും ഗള്‍ഫ് യാത്രക്കാര്‍ ആശ്രയിച്ചിരുന്നത്. ഗാര്‍ഹിക സര്‍വിസില്‍നിന്ന് വിദേശസര്‍വിസിലേക്കുകൂടി ഉയരണമെന്ന നിരന്തരമായ ആവശ്യങ്ങളെ തുടര്‍ന്ന് 1992ല്‍ ഷാര്‍ജയിലേക്ക് ആദ്യ അന്താഷ്ട്ര സര്‍വിസ് ആരംഭിച്ചു. മലബാറുകാരുടെ നെഞ്ചില്‍ ഇന്നും പച്ചപിടിച്ചു കിടക്കുന്നതാണ് എയര്‍ ഇന്ത്യയുടെ ആ സര്‍വിസ്. ഇപ്പോഴും യാത്രയയ്ക്കാനും സ്വീകരിക്കാനും ഇത്രയേറെ കുടുംബങ്ങള്‍ നെഞ്ചിടിപ്പോടെ കാത്തുനില്‍ക്കുന്ന ഒരു വിമാനത്താവളം ഒരുപക്ഷെ കരിപ്പൂരില്‍ മാത്രമായിരിക്കും.

കൂടുതല്‍ അന്താരാഷ്ട്ര സര്‍വിസുകള്‍

കൂടുതല്‍ അന്താരാഷ്ട്ര സര്‍വിസുകള്‍

2006 ഫെബ്രുവരി ഒന്നിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് യുപിഎ സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി നല്‍കിയത്. തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ ആരംഭിച്ചു. ലോകത്തെ മികച്ച വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഖത്തയര്‍ എയര്‍വേസ്, ഇത്തിഹാദ് എയര്‍, സൗദി എയര്‍ലൈന്‍സ്, എയര്‍ അറേബ്യ തുടങ്ങിയവര്‍ വന്നു. ദുബൈ, ഷാര്‍ജ, ദോഹ, അബൂദബി, മസ്‌കത്ത്, ദമാം, ബഹ്‌റൈന്‍, സലാല, കുവൈത്ത് എന്നിവിടങ്ങളിലേക്കെല്ലാം വിമാനങ്ങള്‍ പറന്നു. 2002 മുതല്‍ ഹജ്ജ് സര്‍വിസ് ആരംഭിച്ചു. ഇതെല്ലാം വഴി കരിപ്പൂരിന്റെ പദവി യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുകളിലേക്ക് ഉയര്‍ന്നു. രാജ്യത്തെ മികച്ച ലാഭമുണ്ടാക്കുന്ന വിമാനക്കമ്പനികളില്‍ ഒന്നായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മാറി. അതേസമയം വികസനത്തിന്റെ കാര്യത്തില്‍ എയര്‍പോര്‍ട്ട് പിന്നാക്കംതന്നെ നിന്നു.

കോഴിക്കോടിനു ശേഷം നെടുമ്പാശേരി എയര്‍പോര്‍ട്ട് വരുന്നത് 1500ഓളം ഏക്രയിലായിരുന്നു. വരാനിരിക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ സ്ഥിതിയും ഇതുതന്നെ. എന്നാല്‍ കേവലം 400ല്‍ ചുവടെ ഏക്രയില്‍ കിതക്കുകയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴും. സ്ഥലം കൂടുതല്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങളൊക്കെ പരിസരവാസികളുടെ എതിര്‍പ്പില്‍ മുടന്തി. ഉള്ളതുവെച്ചുള്ള വികസനമാണ് ഇപ്പോള്‍ മലബാറിലെ പ്രവാസി സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും മറ്റും ആവശ്യപ്പെടുന്നത്.

സര്‍വിസുകള്‍ നിര്‍ത്തുന്നു

സര്‍വിസുകള്‍ നിര്‍ത്തുന്നു

ഇതിനിടയിലാണ് കാലിക്കറ്റ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി 2015ല്‍ ഭാഗികമായി അടയ്ക്കുന്നത്. ഇതിന്റെ ഭാഗമായി വലിയ വിമാനങ്ങള്‍ റദ്ദാക്കി. ചിലര്‍ സര്‍വിസ് ഒഴിവാക്കി. മറ്റു ചില കമ്പനികള്‍ നെടുമ്പാശേരിയിലേക്കു മാറി. ആറു മാസംകൊണ്ട് പണികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷെ മൂന്നു വര്‍ഷമായിട്ടും പണി തീര്‍ന്നിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതിയായില്ല.

ഈ പരിമിതികള്‍ക്കിടയിലും 2017-18 വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ ഏഴാമത്തെ വിമാനത്താവളമായി കരിപ്പൂര്‍ നിലനില്‍ക്കുന്നു. 92 കോടിയാണ് ലാഭം. കരിപ്പൂരിനെ വരിഞ്ഞുകെട്ടാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന നെടുമ്പാശേരി എയര്‍പോര്‍ട്ട് മാനെജ്‌മെന്റും കണ്ണൂര്‍ എയര്‍പോര്‍ട്ട് ലോബിയും പ്രവര്‍ത്തിക്കുന്നതായി വ്യാപകമായ പരാതികള്‍ ഉണ്ട്. എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ ചില സമീപനങ്ങള്‍ ആ ദിശയില്‍ സംശയം ബലപ്പെടുത്തുന്നതുമാണ്. ഹജ്ജ് എംബാര്‍ക്കേഷന്‍ സെന്റര്‍ കൊച്ചിയിലേക്കു മാറ്റിയത് തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഇല്ലാത്തതും ദുരൂഹത വര്‍ധിപ്പിച്ചു.

പ്രവാസി സംഘം

പ്രവാസി സംഘം

പൊതുജനങ്ങളില്‍ പ്രതിഷേധം വ്യാപകമായും മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ വിഷയം രാഷ്ട്രീയ കക്ഷികളും ഏറ്റെടുത്തു തുടങ്ങി. ഇടത് ആഭിമുഖ്യമുള്ള പ്രവാസി സംഘം ചൊവ്വാഴ്ച എയര്‍ ഇന്ത്യാ ഓഫിസിനു മുന്നില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സമരം ഉദ്ഘാടനം ചെയ്ത എം.പി വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലൂടെ 400 കോടി രൂപയുടെ ലാഭമുണ്ടാക്കിത്തരാമെന്ന് പറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഈ വാഗ്ദാനത്തെ അവഗണിക്കുകയാണ്. ഇത്തരം കാര്യങ്ങളെ അവഗണിച്ചു കൊണ്ട് വിമാനത്താവളത്തെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രമായി മാറ്റുവാന്‍ പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചടങ്ങില്‍ പ്രവാസി സംഘം സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ, സി.പി.എം ജില്ലാസെക്രട്ടറി പി. മോഹനന്‍, സി.വി ഇക്ബാല്‍, ഡോ.കെ. മൊയ്തു, ആറ്റക്കോയ പള്ളിക്കണ്ടി, ഹസന്‍ തിക്കോടി എന്നിവര്‍ പ്രസംഗിച്ചു.

അദൃശ്യശക്തികളുട നീക്കങ്ങള്‍ പരാജയപ്പെടും: പി.കെ കുഞ്ഞാലിക്കുട്ടി

അദൃശ്യശക്തികളുട നീക്കങ്ങള്‍ പരാജയപ്പെടും: പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള അദൃശ്യശക്തികളുടെ നീക്കങ്ങള്‍ ജനകീയ മുന്നേറ്റത്തിനു മുന്നില്‍ പരാജയപ്പെടുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനും, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുന:സ്ഥാപിക്കുന്നതുമായും ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം കെ രാഘവന്‍ എം പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിന്റെ വികസനത്തിനും പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കുന്നതിനും നിലവിലെ തടസ്സം അധികൃതരുടെ ഉല്‍സാഹകുറവാണ്. ലക്ഷകണക്കിന് പ്രവാസികളുടെ ആശ്രയമായ വിമാനത്താവളത്തെ അവഗണനയുടെ പട്ടികയിലേക്ക് തള്ളിവിടാന്‍ തയ്യാറല്ല. പുതിയ വിമാനത്താവളങ്ങള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കരിപ്പൂരിനെ ഇല്ലായ്മ ചെയ്യാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഒരു തടസ്സവുമില്ല. ഗവേണിംഗ് ബോര്‍ഡി കൂടിയപ്പോള്‍ വലിയവിമാനങ്ങള്‍ ഇറങ്ങുന്നതിന് എന്താണ് തടസ്സമെന്ന് പരിശോധിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും വൈറ്റ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ ഇറക്കാവുന്നതാണന്നും ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വിമാനങ്ങള്‍ ഇറക്കാമെന്ന് എയര്‍ലൈന്‍സും ഉറപ്പു തന്നിട്ടുണ്ട്.

പിന്നെ എന്താണ് തടസ്സം?

പിന്നെ എന്താണ് തടസ്സം?

തടസ്സമായി ഉന്നയിക്കുന്നത് സ്ഥലമേറ്റടുപ്പാണ്. എന്നാല്‍ വിമാനങ്ങള്‍ ഇറക്കുന്നതുമായി ഇതിനു ബന്ധമില്ല. ഭാവിയിലേക്കുള്ള വികസനത്തിനും പുതിയ ടെര്‍മിനലിനും വേണ്ടിയാണത്. സ്ഥലമേറ്റടുപ്പിനായുള്ള പാക്കേജ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചാല്‍ ഉടനടി സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രേഖകളിലും വ്യക്തമാണ്. ഉടന്‍ വൈറ്റ് ബോഡി എയര്‍ ക്രാഫ്റ്റ് ഇറക്കുന്നത് പരിഗണനയിലുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചിട്ടുണ്ട്. അനുവാദം ലഭ്യമാക്കിയാല്‍ മാത്രംമതി. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കൂടികാഴ്ചക്കു ശ്രമമാരംഭിച്ചിട്ടുണ്ട്. ഈ മാസം 18ന് സിവില്‍ എവിയേഷന്‍ വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍, ഡയറക്ടര്‍ ജനറല്‍ എന്നിവരുമായും കൂടികാഴ്ച നടത്തുന്നതാണന്നും കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.

എയര്‍പോര്‍ട്ട് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമായ ആവശ്യമുന്നയിച്ചാണ്. എയര്‍പോര്‍ട്ട് ഇല്ലാതായാല്‍ നിരവധി സാധാരണക്കാരായ തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗമാണ് മുടങ്ങുക. സമരം ചെയ്യുന്ന തൊഴിലാളികളുടെ ആവശ്യവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മനസ്സിലാക്കണം. സമരത്തില്‍ രാഷ്ട്രീയമില്ലെന്നും തൊഴിലാളികളുടെയും പ്രവാസികളുടെയും ആശങ്കയാണുള്ളത്. ഈ അവസരത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം കെ രാഘവന്‍ എം പിയുടെ നിരാഹാരസമരം ഒരു ആരംഭമാണ്. എം പി യുടെ നിരാഹാരസമരത്തിന്റെ പ്രതിഫലനങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടാകും. എല്ലാ എം പിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും കക്ഷി രാഷ്ടീയ ഭേദ്ദമന്യേ കരിപ്പൂരിന്റെ പ്രതാപം വീണ്ടെടുക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി എം പി. ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ലൈബ്രറിക്കു സമീപം നടന്ന ഉപവാസസമരത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ പി ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.

വിഷയം നാടിന്റെ പ്രശ്‌നം: ജോയ് മാത്യു

വിഷയം നാടിന്റെ പ്രശ്‌നം: ജോയ് മാത്യു

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം നാടിന്റെ പ്രശ്‌നമായി കണ്ട് എല്ലാ രാഷ്ട്രീയ സംഘടനകളും സാമൂഹ്യവ്യവസായ സംഘടനകളും സമരമുഖത്ത് അണിനിരക്കേണ്ടതാണന്ന് നടനും സംവിധായകനുമായ ജോയ്മാത്യൂ പറഞ്ഞു. എം പിയുടെ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം പിയുടെ മാത്രം പ്രശ്‌നമായി കാണാതെ മറ്റു കക്ഷികളും വ്യവസായികളും സാമൂഹ്യപ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കേണ്ടതാണന്നും അഭിപ്രായപ്പെട്ടു. ആറാ സ്ഥാനത്തുള്ള കരിപ്പൂര്‍ വിമാനത്താവളം ഇന്ന് താഴെതട്ടിലുള്ള പഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ അവസ്ഥയിലേക്കാണ് എത്തിനില്‍ക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്നും ലാഭം കൊയ്യാന്‍ തയ്യാറായിരിക്കുന്ന ചില വ്യവസായികളുടെയും ബന്ധപ്പെട്ട തല്‍പര കക്ഷികളും ഉള്‍പ്പെടുന്ന വന്‍ ലോബികള്‍ ഇതിനു പിന്നിലുണ്ടെന്നും ജോയ് മാത്യൂ പറഞ്ഞു. കരിപ്പൂരിനു വേണ്ടി നടക്കുന്ന സമരങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുന്‍ ഡയറകടര്‍ വിജയകുമാര്‍ പറഞ്ഞു.

എ ഐ സി സി അംഗം പി വി ഗംഗാധരന്‍, പി വി ചന്ദ്രന്‍, ഡി സി സി പ്രസിഡന്റ ‘അഡ്വ ടി സിദ്ദിഖ്, കെ പി സി സി സെക്രട്ടറിമാരായ അഡ്വ പ്രവീണ്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, അഡ്വ പി എം നിയാസ് ,മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടിക ശാല, ഫാദര്‍ തോമസ് പനക്കല്‍, പാറക്കല്‍ അബ്ദുള്ള എം എല്‍ എ, എം സി മായിന്‍ഹാജി, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എം എ റസാഖ് മാസ്റ്റര്‍, സി എ ചാക്കുണ്ണി, ഡോ. മൊയ്തു, കേരള കോണ്‍ഗ്രസ്(എം) ജില്ലാ സെക്രട്ടറി ബാബുരാജ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് വീരാന്‍കുട്ടി, സി എം പി ജില്ലാ സെക്രട്ടറി ജി നാരായണന്‍കുട്ടി, എം ടി പത്മ, ,മുന്‍ ഡിസിസ് പ്രസിഡന്റ് കെ സി അബു, ജോണ്‍ പൂതക്കുഴി, അസീര്‍ അലി, കെ പി അബ്ദുള്‍ മജീദ്, കെ എം സി സി മുഹമ്മദ്ക്കുട്ടി, പി ദാമേദരന്‍, സൂപ്പി നരിക്കാട്ടേരി, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉഷാദേവി, വ്യാപാരി വ്യവസായി സമിതി സേതുമാധവന്‍, ഫോര്‍വേഡ് ബ്ലോക്ക് - മനോജ് ശങ്കരനെല്ലൂര്‍, സ്വതന്ത്ര്യസമര സേനാനി വാസു, സി വി ബാലകൃഷ്ണന്‍, പുന്നക്കല്‍ അഹമ്മദ് അഡ്വ എം രാജന്‍, ഹംസ, ഇബ്രാഹിം എളേറ്റില്‍, കെ എം ബഷീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ എം പിക്ക് ഐക്യദാര്‍ഢ്യ പ്രകടനങ്ങളും നടത്തി.

English summary
Kozhikode Local News: Conspiracy to downgrade Calicut airport?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X