കോഴിക്കോട് മെഡിക്കല്‍ കോളേജല്‍ പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ല: 5 മരണങ്ങളുടേയും കാരണം വിശദീകരിച്ച് അധികൃതർ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ നിന്നും പുക ഉയർന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ മോർച്ചറിയിലേക്ക് മാറ്റിയതില്‍ വിശദീകരണവുമായി കോളേജ് അധികൃതർ. പുക ഉയർന്ന സംഭവും മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ ശ്രീജയന്‍ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നതും ഇത് ശ്വസിച്ചതാണ് മരണകാരണമെന്ന ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിക്കുന്നു.
'പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ല, ഈ സംഭവവുമായി ഇന്ന് നടന്ന മരണങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ല' മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ശ്വസിച്ച് നാലുപേർ മരിച്ചെന്ന് രീതിയില്‍ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ രീതിയില്‍ പ്രചരണം നടന്നതിനെ തുടർന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. വസ്തുതകള്‍ മറച്ചുവെച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മെഡിക്കൽ സൂപ്രണ്ട് അഭ്യർത്ഥിച്ചു.

'അഞ്ച് മരണങ്ങളും വ്യത്യസ്ത കാരണങ്ങളാൽ സംഭവിച്ചതാണ്. പുക ശ്വസിച്ചതിന്റെ ഫലമായി ആരും മരിച്ചിട്ടില്ല. ഈ സംഭവവുമായി ബന്ധപ്പെടുത്തി വാസ്തവവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. അഞ്ച് രോഗികളുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശേഷം ആശുപത്രിയിൽ എത്തിച്ചതാണ്. രണ്ടാമത്തെ മരണം, വിഷം കഴിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടേതാണ്. യുവതി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായി. പുക പടർന്നതിനെ തുടർന്ന് യുവതിയെ ആംബുലൻസിൽ സമീപ ബ്ലോക്കിലെ മെഡിക്കൽ ഐസിയുവിൽ മാറ്റി. എന്നാൽ, പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു' സൂപ്രണ്ട് വ്യക്തമാക്കി.
മൂന്നാമത്തെ രോഗി വായില്‍ അർബുദം ബാധിച്ചയാളായിരുന്നു. രോഗം മൂർഛിച്ച അവസ്ഥയിൽ എത്തിയ ഇയാൾ പിന്നീട് മരിച്ചു. നാലാമത്തെ രോഗിയുടെ കരളും വൃക്കയും തകരാറിലായിരുന്നു. ഗുരുതരാവസ്ഥയിൽ എത്തിയ ഇദ്ദേഹത്തിന്റെ മരണം പ്രതീക്ഷിച്ചതായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. അഞ്ചാമത്തെ രോഗി ന്യുമോണിയയും രക്തത്തിലെ കൗണ്ട് കുറഞ്ഞ നിലയിലും ആയിരുന്നു. ഈ രോഗിയുടെ മരണം രാത്രി 7:40-ന് സ്ഥിരീകരിച്ചതായും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
ഷോർട്ട് സർക്യൂട്ട് കാരണം പുക ഉയർന്നതിനെ തുടർന്ന്, ഇതിനെ തുടർന്ന് പുക ഉയർന്നതിനെ തുടർന്ന് കാഷ്വാലിറ്റി വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റേണ്ടി വന്നു. ഈ സമയത്ത് തന്നെയാണ് മൃതദേഹങ്ങള്‍ മോർച്ചറയിലേക്ക് മാറ്റിയത്. അപകട വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ടി സിദ്ധീഖ് എം എല്‍ എയാണ് മരണം സംബന്ധിച്ച ആരോപണങ്ങള്‍ ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവെച്ചത്. വെന്റിലേറ്ററിൽ നിന്ന് മാറ്റുന്നതിനിടെ ഒരു രോഗി മരിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ആരോഗ്യ മന്ത്രിയുടെ പ്രതികരണം
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുതിയ ബ്ലോക്കില്‍ യു പി എസ് റൂമില്‍ പുക പടര്‍ന്ന സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. മുകള്‍ നിലകളില്‍ ഉണ്ടായിരുന്ന രോഗികളെയും കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു. കെട്ടിടത്തില്‍ ആരും ഇല്ല എന്ന് പരിശോധിച്ചു ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
രാത്രി എമര്‍ജന്‍സി സേവനം ആവശ്യമായ രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. യുപിഎസ് റൂമില്‍ നിന്ന് പുക പടര്‍ന്നുണ്ടായ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഡിജിപി ശ്രീ. മനോജ് എബ്രഹാം ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ശ്രീ. സെന്തില്‍ കുമാറുമായും സംഭവം നടന്നയുടനേയും പിന്നീടും ആശയ വിനിമയം നടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications