ജീവൻ രക്ഷിക്കേണ്ട സ്ഥാപനംതന്നെ മനുഷ്യരെ കുരുതികൊടുക്കുന്ന നിലയിൽ പ്രവർത്തിക്കുന്നു; കെസി വേണുഗോപാൽ
തിരുവന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് കെ സി വേണുഗോപാൽ. ജീവൻ രക്ഷിക്കേണ്ട സ്ഥാപനം തന്നെ മനുഷ്യരെ കുരുതി കൊടുക്കുന്ന നിലയിലാണ് പ്രവർത്തിക്കുന്നത് എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ് അദ്ദേഹം പറഞ്ഞു. നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണമാണ് വേണ്ടതെന്നും അതിന് സർക്കാർ ഇതര ഏജൻസി വേണമെങ്കിൽ അങ്ങനെ തന്നെ വേണമെന്നും വകുപ്പിന്റെയും സർക്കാരിന്റെയും വീഴ്ച മറച്ചുവെച്ചുകൊണ്ടുള്ള റിപ്പോർട്ട് സൃഷ്ടിക്കാനാണ് തീരുമാനമെങ്കിൽ കൈയ്യും കെട്ടിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ജീവൻ രക്ഷിക്കേണ്ട സ്ഥാപനം തന്നെ മനുഷ്യരെ കുരുതി കൊടുക്കുന്ന നിലയിലാണ് പ്രവർത്തിക്കുന്നത് എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. അപകടങ്ങൾ നടക്കുമ്പോൾ 151 രോഗികൾ അവിടെയുണ്ടായിരുന്നു എന്നറിയുന്നു. ഇത്രയേറെ ജനങ്ങൾ വന്നുപോകുന്നിടത്ത് യാതൊരു സുരക്ഷാ മാനദണ്ഡവും പാലിച്ചിരുന്നില്ല എന്നത് ആരോഗ്യമേഖലയോടുള്ള നിസ്സംഗ സമീപനമാണ് വ്യക്തമാക്കുന്നത്.

നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണമാണ് വേണ്ടത്. അതിന് സർക്കാർ ഇതര ഏജൻസി വേണമെങ്കിൽ അങ്ങനെ തന്നെ വേണം. വകുപ്പിന്റെയും സർക്കാരിന്റെയും വീഴ്ച മറച്ചുവെച്ചുകൊണ്ടുള്ള റിപ്പോർട്ട് സൃഷ്ടിക്കാനാണ് തീരുമാനമെങ്കിൽ കൈയ്യും കെട്ടിയിരിക്കില്ല. അടിയന്തര സ്വഭാവത്തോടെ സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുതി, പരിക്കേറ്റവരുടെ ചികിത്സാച്ചിലവുകൾ ഏറ്റെടുക്കണം. അതൊരു മിനിമം മര്യാദയും ഉത്തരവാദിത്തവുമാണെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കുന്നു.
അതേ സമയം, സംഭവത്തിൻറെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. യു പി എസ് റൂമിലേക്കുള്ള പ്രവേശനങ്ങളും പരിശോധിക്കുമെന്നും ഫോറൻസിക് വിഭാഗത്തിൻറെ പരിശോധന തുടരുകയാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
സാങ്കേതിക അന്വേഷണത്തിലൂടെ സംഭവത്തിൻറെ കാരണം കൃത്യമായി കണ്ടെത്തണം. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഇതേസമയം എമർജൻസി വിഭാഗത്തിൽ രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ആരോഗ്യ വിദഗ്ധരുടെ സംഘം സമഗ്ര അന്വേഷണം നടത്തുമെന്നും വീണ ജോർജ് പറഞ്ഞു.
151 രോഗികളെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റിയത്. 114 പേരെ മെഡിക്കൽ കോളേജിലെ തന്നെ മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റി. 12 പേർ ജനറൽ ആശുപത്രിയിലാണ്. എമർജൻസി വിഭാഗത്തിൽ എത്തിയ 25 പേർ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് പോയി. എല്ലാവർക്കും കൃത്യമായി ചികിത്സ ലഭിക്കുന്നു എന്നത് ഡോക്ടർമാരുടെ സംഘം ഉറപ്പാക്കും.
എമർജൻസി ചികിത്സ ആവശ്യമുള്ളവർക്ക് ബീച്ച് ആശുപത്രി കാഷ്വാലിറ്റിയിൽ അതുറപ്പാക്കും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജിലെ പഴയ കാഷ്വാലിറ്റി സജ്ജമാക്കി നാളെ രാവിലെ മുതൽ അടിയന്തര ചികിത്സ അവിടെ ഉറപ്പാക്കുന്നതാണ്. സംഭവം ഉണ്ടായ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു,












Click it and Unblock the Notifications