സുഹൃത്ത് വേണ്ട, കുടുംബം മതി; സ്വീകരിച്ച് ഭര്‍ത്താവ്, അധ്യാപികയെ കണ്ടെത്തിയത് പാലക്കാട് നിന്ന്
കോഴിക്കോട് തൊട്ടില്‍പാലത്ത് നിന്ന് കാണാതായ അധ്യാപിക കെ അനുമോളെ പോലീസ് കണ്ടെത്തിയത് പാലക്കാട് ടൗണില്‍ നിന്ന്. സുഹൃത്ത് സമദിനൊപ്പമായിരുന്നു ഇവര്‍. പതിവ് പോലെ സ്‌കൂളിലേക്ക് പോയ ശേഷം തിരിച്ചെത്താതിരുന്നതോടെ കുടുംബം പരാതി നല്‍കിയ വേളയിലാണ് പോലീസ് അന്വേഷണം ശക്തിപ്പെടുത്തിയതും പാലക്കാട് നിന്ന് കണ്ടെത്തിയതും.
രണ്ടാഴ്ച മുമ്പാണ് അനുമോളെ കാണാതായത്. സാധാരണ വൈകീട്ട് തിരിച്ചെത്തുന്ന സമയമായിട്ടും വരാത്തതിനെ തുടര്‍ന്ന് കുടുംബം തൊട്ടില്‍പ്പാലം പോലീസില്‍ പരാതി നല്‍കി. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിച്ചു. അനുമോളുടെ ഫോണ്‍ ഓഫ് ആയിരുന്നു. ഏകദേശം ഇതേ സമയം തന്നെയാണ് സമദിനെ കാണാനില്ലെന്ന് അയാളുടെ കുടുംബം പരാതി നല്‍കിയത്.

സമദിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അനുമോളും കൂടെയുണ്ടെന്ന് മനസിലായത്. പാലക്കാടെത്തി പോലീസ് രണ്ടുപേരെയും കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് പ്രത്യേകം കൗണ്‍സിലിങ് നല്‍കി. അനുമോളെ കല്ലാച്ചിയിലെ മജിസ്‌ട്രേറ്റ് കോടതിയിലും സമദിനെ വടകര കോടതിയിലും ഹാജരാക്കി. സമദ് അടുത്തിടെ എടുത്ത സിം രേഖകള്‍ പരിശോധിച്ചായിരുന്നു പോലീസ് അന്വേഷണം.
അനുമോളുടെ മാതാപിതാക്കളും ഭര്‍ത്താവും മക്കളും കോടതിയില്‍ എത്തിയിരുന്നു. കുടുംബത്തിനൊപ്പം പോകാമെന്ന് അനുമോള്‍ കോടതിയെ അറിയിച്ചു. സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ് അറിയിച്ചതോടെ രമ്യമായി പരിഹരിച്ചു. സമദിനെയും അനുമോളെയും ഒരേ സമയം രണ്ടു കോടതിയില്‍ ഹാജരാക്കിയതും പോലീസിന്റെ തന്ത്രമായിരുന്നു. അനുമോളെ അവരുടെ കുടുംബത്തിനും സമദിനെ അയാളുടെ കുടുംബത്തിനുമൊപ്പം പോകാന്‍ അനുവദിച്ചു.
മൊയിലോത്തറ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ അധ്യാപികയാണ് അനുമോള്‍. ഇവരെ കാണാതയതോടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് അനുമോളെ പാലക്കാട് നിന്ന് കണ്ടെത്തിയത്. മക്കളെ ഉപേക്ഷിച്ചതിന് അനുമോള്‍ക്കെതിരെ ബാലാവകാശ നിയമ പ്രകാരം കേസെടുക്കാന്‍ പോലീസ് നീക്കമാരംഭിച്ചിരുന്നു. എന്നാല്‍ കുടുംബത്തോടൊപ്പം പോകാന്‍ അനുമോള്‍ തീരുമാനിച്ചതോടെ ഈ നടപടി മരവിപ്പിച്ചു.
അനുമോളും ഭര്‍ത്താവ് സുഭാഷും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഗര്‍ഭിണിയായിരിക്കെ അനുമോള്‍ക്ക് കരള്‍ രോഗം ബാധിച്ചിരുന്നു. ഭര്‍ത്താവ് സുഭാഷ് ആണ് കരള്‍ പകുത്ത് നല്‍കിയത്. അനുമോളുടെ ചികില്‍സയ്ക്ക് വേണ്ടി തൊട്ടില്‍പ്പാലത്ത് ജനീകയ കമ്മിറ്റി രൂപീകരിച്ചതും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികില്‍സയുമെല്ലാം അന്ന് പ്രധാന വാര്‍ത്തയായിരുന്നു. അസുഖം ഭേദമായ ശേഷമാണ് അനുമോള്‍ പിഎസ്‌സി പരീക്ഷ എഴുതിയതും അധ്യാപികയായി ജോലി ലഭിച്ചതും.


Click it and Unblock the Notifications
