കേരളത്തിലെ നിപ; സ്ഥിരീകരണമായില്ലെന്ന് വീണ ജോര്‍ജ്, 'ഫലം കാത്തിരിക്കുന്നു'
കോഴിക്കോട്: കേരളത്തിലെ നിപ സാംപിളുകളില്‍ ഫലം കാത്തിരിക്കുകയാണ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഫലം പോസിറ്റീവ് ആണ് എന്ന് അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് ഇത് സംബന്ധിച്ച സ്ഥിരീകരണം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ല എന്നാണ് വീണ ജോര്‍ജ് പറയുന്നത്. സാംപിളുകള്‍ അയച്ച കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചിരുന്നെന്നും ഇക്കാര്യമായിരിക്കും അദ്ദേഹം പറഞ്ഞത് എന്നുമാണ് വീണ ജോര്‍ജിന്റെ പ്രതികരണം.
അഞ്ച് പേരുടെ സാംപിളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ഇന്നലെ മരിച്ച ആളുടേയും സമ്പര്‍ക്കമുണ്ടായ നാല് പേരുടേയും സാംപിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. പരിശോധന പൂര്‍ത്തിയായിട്ടില്ല. ആഗസ്റ്റ് 30 ന് പനി ബാധിച്ച് മരിച്ചയാള്‍ ലിവര്‍ സിറോസിസ് രോഗിയായിരുന്നു. അതിന്റെ ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ മരണം ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമുണ്ടായ സ്വാഭാവികമായ ഒന്നാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്ക് പനി വന്നതോടെയാണ് ഇതില്‍ അസ്വാഭാവികത കണ്ടത്. അതിനാലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. സംസ്ഥാന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
സംശയമുണ്ടായപ്പോള്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വാര്‍ത്ത കണ്ടപ്പോള്‍ ഞങ്ങള്‍ പൂനെയിലേക്ക് വിളിച്ചിരുന്നു. പ്രോസസിംഗിലാണ് എന്നാണ് മറുപടി ലഭിച്ചത് എന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ജില്ലയില്‍ നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ഇവരെല്ലാം രോഗബാധിതരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കൂടാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട് ജില്ലയില്‍ ക്യാംപ് ചെയ്യുകയാണ്. 16 അംഗ ടീമിനെ രോഗപ്രതിരോധത്തിനായി വിന്യസിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഇത് വിപുലീകരിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 0495 2383 100, 0495 2383 101, 0495 2384 100, 0495 2384 101, 0495 2386 100 എന്നീ നമ്പറുകളില്‍ സേവനം ലഭ്യമായിരിക്കും. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, വീണ ജോര്‍ജുമായി ഫോണില്‍ സംസാരിച്ചിരുന്നു.












Click it and Unblock the Notifications