മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി; കോഴിക്കോട് റൂറൽ എസ് പിക്ക് കൈമാറി
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസ്സിൽ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറൽ എസ് പി അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. പരാതി കോഴിക്കോട് റൂറൽ എസ് പിക്ക് കൈമാറി. മന്ത്രി നൽകേണ്ട 63 ലക്ഷം നൽകുന്നില്ലെന്നാണ് പരാതി. വടകര സ്വദേശിയാണ് പരാതി നൽകിയത്.
2015 ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ പരാതി. വടകര സ്വദേശി യൂസഫിന് 63 ലക്ഷം രൂപ അഹമ്മദ് ദേവർകോവിൽ നൽകണം എന്ന് 2019 ൽ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി വിധി ഉണ്ടായിട്ടും അനുസരിക്കുന്നില്ല എന്നാണ് വടകരയിലെ നവകേരള സദസ്സിൽ നൽകിയ പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാവുന്നില്ലെന്നും പരാതിക്കാരനായ എ കെ യൂസഫ് പറയുന്നു.

ഇപ്പോൾ നൽകിയ പരാതി കോഴിക്കോട് റൂറൽ എസ് പിക്ക് സർക്കാർ കൈമാറിയതായി പരാതിക്കാരന് സന്ദേശം ലഭിച്ചു. അന്വേഷണം പോലീസ് ഏറ്റെടുത്തോ എന്ന് വ്യക്തമല്ല നവകേരള സദസ്സിൽ ലഭിക്കുന്ന പരാതിയിൽ പരമാവധി 45 ദിവസത്തിനകം നടപടി ഉണ്ടാവുമെന്ന ഉറപ്പിൽ വിശ്വസിക്കുകയാണെന്ന് പരാതിക്കാരനായ എ കെ യൂസഫ് പറയുന്നു.
എന്നാൽ വ്യക്തിപരമായി ആർക്കും പണം നൽകാനില്ലെന്നും നേരത്തെ ഐ എൻ എല്ലിൽ നിന്നും പുറത്താക്കിയവരാണ് പരാതിക്ക് പിന്നിൽ എന്നുമായിരുന്നു നേരത്തെ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞത്. കോടതിയുടെ പരിഗണനയിലുള്ള കേസ് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടയിൽ ആണ് കേസ് റൂറൽ എസ് പിക്ക് കൈമാറിയതായി വിവരം ലഭിക്കുന്നത്.












Click it and Unblock the Notifications