അന്ന് ഷിബിലിക്കെതിരെ ഫർഹാനയുടെ പോക്സോ കേസ്; പിന്നീട് സൗഹൃദം, ഇന്ന് കൊലക്കേസില്‍ പ്രതികള്‍
കോഴിക്കോട്: ഹോട്ടല്‍ ഉടമ സിദ്ധീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് പൊലീസ്. കേസില്‍ ചെന്നൈയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത ഷിബിലിക്കെതിരെ കൂട്ടുപ്രതിയായ ഫർഹാന മുൻപ് പോക്സോ കേസ് നൽകിയിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 2021 ജനുവരിയിലായിരുന്നു ഈ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
പാലക്കാട് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലായിരുന്നു ഷിബിലിയെ പ്രതിയാക്കി ഫർഹാന പോക്സോ കേസില്‍ പരാതി നല്‍കിയത്. എന്നാല്‍ ആ കേസിന് ശേഷം ഇരുവരും സൗഹൃദത്തിലാവുകയായിരുന്നു. 2018 നെന്മാറയിൽ വഴിയരികിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരെ ഫർഹാനയും കുടുംബവും നൽകിയ പരാതിയില്‍ ആരോപിച്ചിരുന്നത്.

ഫർഹാനയ്ക്ക് 13 വയസ്സുണ്ടായിരുന്നപ്പോള്‍ നടന്ന സംഭവത്തില്‍ മൂന്ന് വർഷത്തിന് ശേഷം 2021 ല്‍ കുടുംബം പരാതി നല്‍കുകയായിരുന്നു. കേസില്‍ ഷിബിലിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസം പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ആലത്തൂർ സബ്ജയിലിലായിരുന്നു റിമാന്‍ഡ് തടവ്. അതേസമയം ഫർഹാനയ്ക്കെതിരേയും ചില പരാതികള്‍ ഉയർന്നിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധു വീട്ടില്‍ നിന്നും സ്വർണ്ണവുമായി മുങ്ങിയെന്നായിരുന്നു ഫർഹാനയ്ക്ക് എതിരായ ആരോപണം.
ഈ മാസം 23 മുതൽ ഫർഹാനയെ കാണാനില്ലെന്നു കാട്ടി ഫർഹാനയുടെ കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വന്‍ പൊലീസ് സംഘം ചളവറയിലെ ഫർഹാനയുടെ വീട്ടിലെത്തുകയും ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ പരാതി നൽകിയിരുന്നതിനാൽ അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് എത്തിയതെന്നായിരുന്നു നാട്ടുകാർ കരുതിയത്. 24 ന് എത്തിയ പൊലീസ് ഫർഹാനയുടെ സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതേസമയം, പ്രതികള്‍ ഹോട്ടലില്‍ മുറിയെടുത്തത്തിന്റേയും മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചെന്നും സാധൂകരിക്കുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഹോട്ടലിൽ നിന്ന് ട്രോളി ബാഗുമായി രണ്ട് പേർ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

സിദ്ധീഖിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിന്റെ പിറ്റേ ദിവസമായ മെയ് 19 ന് ഉച്ചയ്ക്ക് 3.09നും 3.11നുമിടയിലാണ് പ്രതികളെന്ന് സംശയിക്കുന്ന സ്ത്രീയും പുരുഷനും ട്രോളിയുമായി ഹോട്ടലിൽ നിന്ന് ഇറങ്ങി കാറില്‍ കയറി പോവുകയായിരുന്നു. കൊണ്ടുവന്ന ട്രോളികള്‍ കാറിന്റെ ഡിക്കിയിലേക്ക് വെക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊലപാതകം മെയ് 18 നോ 19 നോ ആകാം നടന്നതെന്നാണ് മലപ്പുറം എസ്പി സുജിത്ത് ദാസ് പറയുന്നത്.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ധീഖിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാനില്ലായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത് വരുന്നത്.ഷിബിലിയും ഫർഹാനയും സിദ്ധീഖിന്റെ ഹോട്ടലിലെ ജീവനക്കാരായിരുന്നു. മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് കടന്ന ഇരുവരേയും അവിടെയെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് കോഴിക്കോടേക്ക് കൊണ്ടു വരികയാണ്.
സിദ്ധീഖിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഷിബിലിയെ ഹോട്ടലില്‍ നിന്നും പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായത്. 'ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലി. മറ്റ് തൊഴിലാളികൾ ഷിബിലിയുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ ഉന്നയിച്ചിരുന്നു. കൊടുക്കാനുണ്ടായിരുന്ന ശമ്പളം കൊടുത്ത് ശിബിലിയെ ഹോട്ടലില്‍ നിന്നും ഒഴിവാക്കി. ഇതിന് ശേഷം ഹോട്ടലില്‍ നിന്ന് ചിലർ ഫോണില്‍ സിദ്ധീഖിനെ ബന്ധപ്പെട്ടെങ്കിലും തലശേരിയിലാണ്, വരാൻ വൈകുമെന്നായിരുന്നു പറഞ്ഞത്. ഇതിന് ശേഷം ഫോണ്‍ സ്വിച്ചിഡ് ഓഫായി'-സഹോദരന്‍ പറയുന്നു.












Click it and Unblock the Notifications