കോഴിക്കോട് എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; 'പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചത് അപമാനകരം': രൂക്ഷ വിമർശനം
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന് ആരോപണം. പരാതി പറയാൻ വേണ്ടി പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ മാതാവിനോടും ബന്ധുക്കളോടും ഒത്തുതീർപ്പിലെത്താൻ വേണ്ടി ശ്രമിക്കുന്ന അങ്ങേയറ്റം അപമാനകരമായ സമീപനമാണ് പോലീസിന്റെ ഭാഗത്തുണ്ടായതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറുമായ വിപി ദുല്‍ഖിഫില്‍ ആരോപിക്കുന്നത്.
പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ രണ്ടാഴ്ച വൈകിപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറയുന്നു. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് കുട്ടിയെ മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ വൈകി, എസ് പിക്ക് പരാതി നല്‍കിയ ശേഷമാണ് കേസെടുത്തതെന്നും കുട്ടിയുടെ മാതാവും വ്യക്തമാക്കിയിരുന്നു.

വിപി ദുല്‍ഖിഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം..
ഇൻസ്റ്റാ ഗ്രാമിൽ നടന്ന ഗ്രൂപ്പ് ചാറ്റിംഗിന്റെ പേരിലാണ് ഇത്രയും ക്രൂരമായ ഒരു അക്രമം വിദ്യാർത്ഥിക്ക് നേരെ ഒരുപറ്റം വിദ്യാർത്ഥികൾ അഴിച്ചുവിട്ടത് .ഹൃദയ വേദനയോടു കൂടിയാണ് വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ കണ്ടു തീർത്തത് .കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വലിയ ആശങ്കയാണ് നമുക്ക് നൽകുന്നത്. അതിനേക്കാൾ ഗുരുതരമായ പ്രതിസന്ധി നടപടിയെടുക്കേണ്ട അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണ്.
നന്തി സി കെ ജി ഹയർ സെക്കൻഡറി സ്കൂൾ ചിങ്ങപുരം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഒരുകൂട്ടം വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ച സംഭവമായി ബന്ധപ്പെട്ടു കൊണ്ട് പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ രണ്ടാഴ്ച വൈകിപ്പിച്ചത് ഗുരുതരമായ വീഴ്ചയാണ്.
പരാതി പറയാൻ വേണ്ടി പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തിയ മാതാവിനോടും ബന്ധുക്കളോടും ഒത്തുതീർപ്പിലെത്താൻ വേണ്ടി ശ്രമിക്കുന്ന അങ്ങേയറ്റം അപമാനകരമായ സമീപനമാണ് പോലീസിന്റെ ഭാഗത്തുണ്ടായത്. നടപടി എടുക്കാത്ത പോലീസിന്റെ നിലപാടിൽ പരാതിയുമായി എസ്പി ഓഫീസിൽ പോയ മാതാവിനോടും അവരുടെ സഹോദരിയോട് തല്ലിച്ചതക്കുന്ന ദൃശ്യമുള്ള ഫോൺ എസ്പി ഓഫീസ് ഉള്ളിലേക്ക് കടത്താൻ പാടില്ല എന്ന സമീപനം എടുത്തത് ആരെ സംരക്ഷിക്കാൻ വേണ്ടിയാണ്.
എസ്പിക്ക് പരാതി കൊടുത്തതിനുശേഷം ഇറങ്ങിവന്ന ബന്ധുക്കളെ സ്വാധീനിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വിദ്യാർഥികളുടെ പ്രശ്നത്തിൽ പോലും പോലീസ് കാണിക്കുന്ന അലംഭാവം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും ഇന്ന് കുടുംബത്തെ കണ്ടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു നിയമപരമായ എല്ലാ സഹായങ്ങളും ഉറപ്പു നൽകി.












Click it and Unblock the Notifications