പീഡന ശ്രമം ചെറുക്കാൻ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി; കോഴിക്കോട് യുവതിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ പയ്യന്നൂർ സ്വദേശിയായ യുവതിക്ക് പരിക്ക്. പുതുതായി ആരംഭിച്ച സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
വീഴ്ചയിൽ നട്ടെല്ലിന് പരിക്കേറ്റ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകി.

മൂന്ന് മാസമായി ലോഡ്ജിലെ ജീവനക്കാരിയാണ്. രാത്രി ഫോൺ നോക്കിയിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഈ സമയത്ത് പ്രാണ രക്ഷാർത്ഥം ഓടി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി എന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.
മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടൽ ഉടമയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെയാണ് കേസ്.
അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.












Click it and Unblock the Notifications