കോഴിക്കോടേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ റൂട്ടിൽ പോകേണ്ട, ഞായറാഴ്ച രാത്രി മുതൽ പൂർണ ഗതാഗത നിയന്ത്രണം
കോഴിക്കോട്: നഗരപാതാ വികസന പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
രാത്രി 10 മണി മുതൽ സെപ്റ്റംബർ 26 രാത്രി വരെ ചെറുവണ്ണൂർ പഴയ ദേശീയപായിലാണ് നിയന്ത്രണം. വെള്ളിയാഴ്ച ചെറുവണ്ണൂരിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
പാലത്തിന്റെ ചെറുവണ്ണൂർ ജംക്ഷൻ ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കാനാണ് ഇപ്പോൾ നിയന്ത്രണം നടപ്പാക്കുന്നത്. നേരത്തേ ഘട്ടംഘട്ടമായി പണികൾ നടത്താനായിരുന്നു ആലോചന. എന്നാൽ ഇത് കടുത്ത ഗതാഗത പ്രതിസന്ധിക്ക് വഴിവെച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. തുടർന്നാണ് ഒറ്റഘട്ടമായി തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

വാഹനങ്ങൾക്കുള്ള ബദൽ മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും വിശദമായി നോക്കാം
കോഴിക്കോട്, രാമനാട്ടുകര ഇടിമൂഴിക്കൽ ഭാഗങ്ങളിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ദേശീയപാത 66 ലേക്ക് വഴി തിരിച്ചു വിടും.ദീർഘ ദൂര ബസ്സുകൾ തൊണ്ടയാട്-പന്തീരാങ്കാവ് വഴി ദേശീയപാത 66 വഴി രാമനാട്ടുകരയിലേക്ക് തിരിച്ചുവിടും.
മറ്റ് ബസ്സുകൾ മാങ്കാവ്-പന്തീരാങ്കാവ് വഴി ദേശീയപാത 66 ലൂടെ രാമനാട്ടുകരയിലേക്ക് സർവീസ് നടത്തേണ്ടതണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. സ്വകാര്യ വാഹനങ്ങളും, മറ്റ് ലൈറ്റ് വെയിറ്റ് വാഹനങ്ങളും പന്തീരാങ്കാവ്- മാങ്കാവ് - പന്തീരാങ്കാവ് വഴി രാമനാട്ടുകര അല്ലെങ്കിൽ മോഡേൺ-കൊളത്തറ വഴി രാമനാട്ടുകര എന്നീ ബദൽ മാർഗങ്ങൾ സ്വീകരിക്കണം.
തൃശൂർ-പാലക്കാട് ഭാഗത്തു നിന്നും വരുന്ന ദീർഘ ദൂര ബസുകൾ രാമനാട്ടുകരയിൽ സർവീസ് അവസാനിപ്പിക്കണം. യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിച്ച് കോഴിക്കോട് എത്തിച്ചേരാം. വിവിധ ഭാഗങ്ങളിൽ നിന്നും രാമനാട്ടുകരയിൽ എത്തി ചേരുന്ന ഓർഡിനറി ബസ്സുകൾ ഫാറൂഖ് കോളേജ് വഴി ദേശീയപാത 66 ൽ കയറി യാത്ര തുടരേണ്ടതാണ്.
ചാലിയം, കടലുണ്ടി, ഫറോക്ക് ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ ചെറുവണ്ണൂരിൽ യാത്ര അവസാനിപ്പിക്കണം. കൂടാതെ കോഴിക്കോട് നിന്നും ചാലിയം, കടലുണ്ടി ഭാഗത്തേക്ക് വരുന്ന ബസുകൾ ചെറുവണ്ണൂർ ഭാഗത്ത് യാത്ര അവസാനിപ്പിക്കണം. കോഴിക്കോട് നിന്നും ചെറുവണ്ണൂർ വന്നിറങ്ങുന്ന യാത്രക്കാർക്ക് പാലത്തിൻറെ മറുഭാഗത്തെ ബസ്സുകളിൽ ലക്ഷ്യസ്ഥാനത്ത് എത്താം.
ഗതാഗത നിയന്ത്രണങ്ങൾ സുഗമമാക്കാൻ ഡൈവേർഷൻ പോയിന്റുകളിൽ സൈൻ ബോർഡുകളും റിഫ്ലക്റ്റീവ് ബാരിക്കേഡുകളും സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകി. പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുൻകൂട്ടി യോഗങ്ങൾ ചേർന്ന് ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും കളക്ടർ അറിയിച്ചു.


Click it and Unblock the Notifications
