കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് 3 മരണം; രണ്ടുപേര്‍ക്ക് പരിക്ക്, പ്രതിഷേധം
കോഴിക്കോട്: വലിയങ്ങാടിയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പഴയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ജോലിക്കിടെ വിശ്രമിക്കുകയായിരുന്നു അഞ്ച് തൊഴിലാളികള്‍ക്ക് മുകളിലേക്കാണ് സ്ലാബ് തകര്‍ന്നുവീണത്. ഏഴ് തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നു. രണ്ടുപേര്‍ ഒഴിഞ്ഞുമാറി. മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
അഷ്‌റഫ്, ബഷീര്‍, ജബ്ബാര്‍ എന്നീ തൊഴിലാളികളാണ് മരിച്ചത്. കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് തകര്‍ന്നത്. ഈ കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിരുന്നുവത്രെ. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ കെട്ടിടത്തില്‍ ഇല്ലായിരുന്നു. തൊഴിലാളികള്‍ എപ്പോഴും വിശ്രമിക്കുന്ന സ്ഥലമാണിത്. അപകടം ഉണ്ടായ ശേഷം കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ രണ്ടാഴ്ച മുമ്പ് പുതിയ കട തുറന്നിട്ടുണ്ട് എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിനെല്ലാം ആരാണ് അനുമതി നല്‍കുന്നത് എന്ന ചോദ്യം ബാക്കിയാണ്. അതിനിടെ ബിജെപി ജില്ലാ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. മേയര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ടാണ് സമരം. കോര്‍പറേഷനിലേക്ക് നടത്തിയ പ്രകടനം പോലീസ് തടഞ്ഞു.
ഒഴിഞ്ഞുപോകാന്‍ ഇതുവരെ കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ദുരന്തമുണ്ടായ വേളയില്‍ വലിയ സ്ലാബിന് അടിയില്‍ തൊഴിലാളികള്‍ പെട്ടു. ഇത് നീക്കാന്‍ മറ്റു തൊഴിലാളികള്‍ ഓടിയെത്തി. ഒരു വാഹനത്തിന്റെ ജാക്കി എടുത്ത് സ്ലാബ് എടുത്തു മാറ്റാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഒരാളെ പുറത്തെടുത്തത്. പിന്നീട് അല്‍പ്പ നേരത്തിന് ശേഷമാണ് ഫയര്‍ഫോഴ്‌സും മറ്റുള്ളവരും ചേര്‍ന്ന് നാലു തൊഴിലാളികളെ പുറത്തെടുത്തത്.
അതേസമയം വീഴ്ചകള്‍ പരിശോധിക്കുമെന്ന് മേയര്‍ പറഞ്ഞു. ഇനി ആരെയും ആ ഭാഗത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 60 വര്‍ഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം. പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. കെട്ടിടത്തില്‍ ജിംനേഷ്യവും മറ്റും നടക്കുന്നുണ്ട്. കെട്ടിടത്തിന് അകത്ത് കേടുപാടില്ല. പുറത്തുള്ള സ്ലാബാണ് വീണത്. കഴിഞ്ഞ മാസവും വാടക കൊടുത്തുവെന്ന് ഗോഡൗണ്‍ നടത്തുന്നവര്‍ അറിയിച്ചു.












Click it and Unblock the Notifications