തീർത്തും നിരാശാജനകമായ വിധിയെന്ന് ഫാത്തിമ തെഹ്ലിയ, ചോദിച്ചു വാങ്ങിയ അടിയെന്ന് സന്ദീപ് വാര്യർ
കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധമുയരുന്നു. ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു. കർണാടക ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണെന്ന് എംഎഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ പ്രതികരിച്ചു. അനാവശ്യ വിവാദങ്ങളുണ്ടാക്കി ചോദിച്ചു വാങ്ങിയ അടിയായിപ്പോയി കോടതി വിധി എന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണം.
കെപിഎ മജീദിന്റെ പ്രതികരണം: ''ഹിജാബ് മുസ്‌ലിം പെൺകുട്ടിയുടെ അവകാശമാണ്. ഏതെങ്കിലും മതത്തിന്റെ ആചാരവും അനുഷ്ഠാനവും എന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല. അതാത് മതാചാര്യന്മാരാണ്. കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും സിക്കുകാരുടെ തലപ്പാവും ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ചുള്ള അവകാശമാണ്. അതേ അവകാശം ഹിജാബിനുമുണ്ട്.
സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ല. ഒരു ജനസമൂഹത്തെ ഒന്നാകെ പൊതുധാരയിൽനിന്ന് അകറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വിവാദങ്ങൾ. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിർത്തണമെന്ന ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരണം''.

ഫാത്തിമ തെഹ്ലിയയുടെ പ്രതികരണം: '' ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണ്. ഹിജാബ് ഇസ്ലാം മതത്തിന്റെ നിർബന്ധ ആചാരമല്ല എന്ന കണ്ടെത്തലിൽ നിന്നാണ് അത്തരമൊരു വിധി വന്നത് എന്നാണ് മനസിലാകുന്നത്. അങ്ങനെയെങ്കിൽ വസ്തുതാപരമായി പിശകുകളുള്ള വിധിയാണത്. ഹിജാബ് ഇസ്‌ലാമിൽ നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമാണ്. ഹിജാബ് ധരിക്കുന്നവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടം ജനാധിപത്യ ലോകത്ത് വിമർശിക്കപെടുക തന്നെ വേണം''.
സന്ദീപ് വാര്യരുടെ പ്രതികരണം: '' അനാവശ്യ വിവാദങ്ങളുണ്ടാക്കി ചോദിച്ചു വാങ്ങിയ അടിയായിപ്പോയി. നേരത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായിരുന്നു അതാത് മാനേജ്മെൻറുകൾ വിലക്ക് ഏർപ്പെടുത്തിയിരുന്നതെങ്കിൽ ബഹു. ഹൈക്കോടതി വിധി പ്രകാരം ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇനി ഹിജാബ് ഉപയോഗിക്കാൻ കഴിയില്ല. സിഖുകാരുടെ തലപ്പാവ് ഭരണഘടന തന്നെ ഉറപ്പു നൽകിയ ഒഴിവാക്കാൻ കഴിയാത്ത മതാചാരമാണ്. ഹിജാബ് ഇസ്ലാമിൽ നിർബന്ധമുള്ളതല്ല എന്നാണ് ഹൈക്കോടതി കണ്ടെത്തൽ''.












Click it and Unblock the Notifications