ബിജെപി- സിപിഎം സംഘര്‍ഷം: ആയുധം താഴെയിടൂ, സമാധാനത്തിന് ആഹ്വാനം ചെയ്ത് കെപിഎ മജീദ്
കോഴിക്കോട്: ബിജെപിയും സിപിഎമ്മും കൊലവിളി അവസാനിപ്പിച്ച് ആയുധം താഴെവെക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഭരണ പരാജയം മറച്ചുവെക്കാനാണ് അക്രമ രാഷ്ട്രീയത്തിലേക്ക് തള്ളിവിടാനുള്ള ബിജെപി-സിപിഎം നീക്കം. ഇതു ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ പോലും കഴിയാത്ത പൊലീസ് കേരളത്തിന് അപമാനമാണ്.
ഭരിക്കാനറിയില്ലെങ്കില്‍ അധികാരം വിട്ടൊഴിയുകയാണ് ഭരണാധികള്‍ ചെയ്യേണ്ടത്. മനുഷ്യന്റെ ജീവന്‍കൊണ്ട് പുകമറ തീര്‍ത്ത് വിദ്വേഷ രാഷ്ട്രീയം കളിക്കുന്നവര്‍ അനാഥമാക്കുന്ന കുടുംബങ്ങളുടെ കണ്ണീരു കാണാന്‍ നരാധമന്മാര്‍ തയ്യാറാവണം. ഭരണത്തിന്റെ ഹുങ്ക് ചോരക്കൊതിയുടെ ഉന്മാദത്തിലേക്ക് കമ്മ്യൂണിസ്റ്റുകളെയും ഫാഷിസ്റ്റുകളെയും കൊണ്ടെത്തിക്കുമ്പോള്‍ വില കൊടുക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്.

രണ്ടു വിലപ്പെട്ട ജീവനുകളാണ് കണ്ണൂരില്‍ മണിക്കൂറുകള്‍ക്കിടയില്‍ പൊലിഞ്ഞത്. ആശയപരമായി നേരിടാനുള്ള കെല്‍പ്പില്ലാത്തവര്‍ ആയുധം കൊണ്ട് ഏറ്റുമുട്ടുന്നു. രക്തസാക്ഷികളുടെയും ബലിദാനികളുടെയും പേരില്‍ അഭിമാനിക്കുന്ന ഇരു പാര്‍ട്ടികളും സാധാരണ മനുഷ്യരുടെ ചോരകൊണ്ടാണ് കളിക്കുന്നത്. ദാരുണമായ ഇരു കൊലപാതകങ്ങളിലും യഥാര്‍ത്ഥ കുറ്റവാളികളെ ഉടന്‍ പിടികൂടി നിയമത്തിനു മുമ്പിലെത്തിക്കണമെന്നും കെപിഎ മജീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications