മുസ്ലിം ലീഗ് 24 സീറ്റ് നേടും; തെക്കും വടക്കും മുന്നേറും, ലോക്‌സഭാ ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്ന് നേതാക്കള്‍
മലപ്പുറം: യുഡിഎഫ് അധികാരം പിടിക്കുമോ. എല്‍ഡിഎഫ് നിലനിര്‍ത്തുമോ. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. എല്ലാ പാര്‍ട്ടികളും പ്രതീക്ഷയിലാണ്. ജനം തങ്ങളെ സ്വീകരിച്ചുവെന്ന് ഇടതു-വലതു നേതാക്കളും അവകാശപ്പെടുന്നു. യുഡിഎഫ് അധികാരം പിടിക്കുമ്പോള്‍ നിര്‍ണായക ശക്തിയായി മുസ്ലിം ലീഗ് മാറുമെന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടി നേതൃത്വം ശുഭാപ്തി വിശ്വാസത്തിലാണ്. 24 സീറ്റ് നേടുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്നും നേതൃത്വം പ്രതികരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
കൊവിഡ് രണ്ടാം തരംഗം: രാജ്യത്ത് വാക്‌സിനേഷന്‍ തുടരുന്നു; ചിത്രങ്ങള്‍ കാണാം
Recommended Video

മുസ്ലിം ലീഗിനെ കുരുക്കാന്‍ നീക്കം
തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പ്രതിക്കൂട്ടിലാക്കാന്‍ ഇടതുപക്ഷവും ബിജെപിയും ശ്രമിച്ചിരുന്നു. മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെടുമെന്നായിരുന്നു ഒരു പ്രചാരണം. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തികാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു പറഞ്ഞതിന് പിന്നാലെ വര്‍ഗീയത കലര്‍ത്തിയും പ്രചാരണങ്ങളുണ്ടായി.

24 സീറ്റ് നേടുമെന്ന് വാദം
2016ല്‍ 24 സീറ്റിലാണ് മുസ്ലിം ലീഗ് മല്‍സരിച്ചത്. എന്നാല്‍ ഇത്തവണ 27 സീറ്റിലേക്ക് ഉയര്‍ന്നു. 2016ല്‍ കിട്ടിയത് 18 സീറ്റായിരുന്നു. ഇത്തവണ മുസ്ലിം ലീഗ് നേതൃത്വം വളരെ പ്രതീക്ഷയിലാണ്. 24 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്ന് കെപിഎ മജീദ് അവകാശപ്പെടുന്നു. യുഡിഎഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറയുന്നു.

മലപ്പുറത്ത് 13 സീറ്റ് ഉറപ്പിച്ചു
യുഡിഎഫിന് 75 മുതല്‍ 80 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് കെപിഎ മജീദിന്റെ വിലയിരുത്തല്‍. ജില്ലാ തലങ്ങളില്‍ നിന്ന് ലഭിച്ച മണ്ഡല തിരഞ്ഞെടുപ്പ് ചിത്രം അടിസ്ഥാനമാക്കിയാണ് മുസ്ലിം ലീഗ് നേതൃത്വം സാധ്യതാ എണ്ണം പറയുന്നത്. മലപ്പുറം ജില്ലയില്‍ 13 സീറ്റ് കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്.

തെക്കും വടക്കും
മലബാറിലും തെക്കന്‍ കേരളത്തിലും യുഡിഎഫ് മികച്ച വിജയം നേടുമെന്നാണ് കെപിഎ മജീദ് പറയുന്നത്. തെക്കന്‍ കേരളത്തില്‍ മുന്നേറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും വിശ്വസിക്കുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചത് തെക്കന്‍ കേരളത്തിലായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ചുവടുമാറ്റം ഇടതുപക്ഷത്തിന് ഗുണമാകില്ലെന്നും യുഡിഎഫ് പറയുന്നു.

മധ്യകേരളം ചുവക്കുമോ
മധ്യകേരളത്തില്‍ ഇടതുപക്ഷം ഇത്തവണ വളരെ പ്രതീക്ഷയിലാണ്. കേരള കോണ്‍ഗ്രസിന്റെ വരവ് ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസം അവര്‍ക്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിന്റെ സൂചന ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലും ലക്ഷ്യം കാണുമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. സാധാരണ യുഡിഎഫിനൊപ്പം നില്‍ക്കുന്ന മധ്യകേരളം ചുവന്നാല്‍ ഇടതുപക്ഷത്തിന് സാധ്യതയേറും.

ലോക്‌സഭാ ട്രെന്‍ഡ് ആവര്‍ത്തിക്കും
മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വ്വെകളെ നിഷ്പ്രഭമാക്കിയാണ് അന്തിമ ഫലം വന്നത്. ആലപ്പുഴ ഒഴികെ 19 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു. രാഹുല്‍ തരംഗമാണ് പ്രകടമായതെന്നും അന്ന് യുഡിഎഫ് വിലയിരുത്തിയിരുന്നു.

ബിജെപിയുടെ പ്രകടനം
അന്തിമ ഫല പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. യുഡിഎഫില്‍ നിന്ന് രണ്ടു ഘടകകക്ഷികള്‍ തങ്ങള്‍ക്കൊപ്പം വന്നതിന്റെ നേട്ടം ഫലം വരുമ്പോള്‍ പ്രകടമാകുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറയുന്നത്. ബിജെപി ഒരു സീറ്റില്‍ പോലും ജയിക്കില്ലെന്നും അതിനുള്ള പരിശ്രമം ഇടതുപക്ഷം നടത്തി എന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications