വന്നവഴി മറക്കാത്ത കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കലാകാരിയായിരുന്നു കെപിഎസി ലളിത: എകെ ബാലന്‍
തൃശ്ശൂർ: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള കൂറ് ഒരു സങ്കോചവുമില്ലാതെ ശക്തമായി പ്രകടിപ്പിച്ച കലാകാരിയായിരുന്നു കെപിഎസി ലളിതയെന്ന് സിപിഎം നേതാവ് എകെ ബാലന്‍. കമ്യൂണിസ്റ്റ് പാരമ്പര്യവും പ്രസ്ഥാനത്തോട് അടുത്ത ബന്ധവുമുള്ള പലരും തങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ വലിയ സാമൂഹ്യ അംഗീകാരം നേടിയാൽ മുമ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള അടുത്ത ബന്ധം പോലും മറച്ചുവെക്കുന്നതാണ് പൊതുവിൽ കാണുന്ന പ്രവണത. വന്ന വഴി അവർ മറന്നു പോകും. എന്നാൽ ലളിത അതിൽ നിന്ന് വളരെ വ്യത്യസ്തയായിരുന്നുവെന്നും എകെ ബാലന്‍ അഭിപ്രായപ്പെടുന്നു. വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പ്രശസ്ത നടിയും കേരള സംഗീത നാടക അക്കാദമി മുൻ അധ്യക്ഷയുമായിരുന്ന കെ പി എ സി ലളിതയുടെ വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടിലെത്തി മകൻ സിദ്ധാർഥിനെയും മറ്റ് ബന്ധുക്കളെയും കണ്ടു. സി പി ഐ എം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി സ. കെ. ഡി. ബാഹുലേയനും മറ്റ് സഖാക്കളും ഒപ്പമുണ്ടായിരുന്നു. കെ പി എ സി ലളിത മരിച്ച ദിവസവും സംസ്കാര ചടങ്ങിനുമെത്താൻ ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞിരുന്നില്ല.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള കൂറ് ഒരു സങ്കോചവുമില്ലാതെ ശക്തമായി പ്രകടിപ്പിച്ച കലാകാരിയായിരുന്നു ലളിത. കമ്യൂണിസ്റ്റ് പാരമ്പര്യവും പ്രസ്ഥാനത്തോട് അടുത്ത ബന്ധവുമുള്ള പലരും തങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ വലിയ സാമൂഹ്യ അംഗീകാരം നേടിയാൽ മുമ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള അടുത്ത ബന്ധം പോലും മറച്ചുവെക്കുന്നതാണ് പൊതുവിൽ കാണുന്ന പ്രവണത. വന്ന വഴി അവർ മറന്നു പോകും. എന്നാൽ ലളിത അതിൽ നിന്ന് വളരെ വ്യത്യസ്തയായിരുന്നു.
ലളിതക്ക് ധാരാളം സ്വകാര്യ ദുഃഖങ്ങളുണ്ടായിരുന്നു. അവർ അത് ആരോടും പങ്കുവെക്കാറില്ല. ഒരിക്കൽ എന്നോട് മനസ്സ് തുറന്നു. വടക്കാഞ്ചേരിയിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയ ശേഷം അവർ വേദനയോടെ പറഞ്ഞത്, "എനിക്ക് കമ്യൂണിസ്റ്റ് പാർടിയെ വേണം; പക്ഷേ എന്നെ ഉൾക്കൊള്ളാൻ അവർക്ക് കഴിയുന്നില്ല" എന്നാണ്. മറ്റൊരു അനുഭവമുണ്ടായത് സംഗീത നാടക അക്കാദമിയിൽ വിവാദമായ ഒരു പ്രശ്നമുണ്ടായപ്പോഴാണ്. ആദ്യം ആ പ്രശ്നത്തെ മനഃ ധൈര്യത്തോടെ നേരിടാൻ അവർക്ക് കഴിഞ്ഞില്ല. ആ സന്ദർഭത്തിൽ എൻ്റെയടുത്ത് അവർ വന്നു. ഞങ്ങൾ സംസാരിച്ചു. ചെയ്യാത്ത കുറ്റത്തിന് കുരിശിലേറ്റപ്പെട്ടുവെന്ന് അവർ പറഞ്ഞു. ഞാൻ നല്ല ധൈര്യം കൊടുത്തു. ഇനി ഞാൻ നേരിട്ടു കൊള്ളാമെന്ന് ആത്മധൈര്യത്തോടെ പറഞ്ഞിട്ടാണ് അന്ന് പോയത്.
ഞാൻ പഠിച്ച നാദാപുരത്തെ കല്ലാച്ചി ഹൈസ്കൂളിൽ മൂന്ന് ദിവസത്തെ പരിപാടികൾ സാംസ്കാരിക വകുപ്പുമായി സഹകരിച്ച് നടത്തിയിരുന്നു. അതിൽ അവർ പങ്കെടുത്തു. അതു കഴിഞ്ഞ് നാദാപുരത്തെ എൻ്റെ തറവാട്ടുവീട്ടിൽ വന്നു. എൻ്റെ ഭാര്യ ഡോ. പി കെ ജമീലയും എൻ്റെ സഹോദരങ്ങളടക്കമുള്ള മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. തൻ്റെ സ്വതസിദ്ധമായ നിഷ്കളങ്കതയും സംസാരവും കൊണ്ട് നല്ല സ്നേഹം നിറഞ്ഞ ഒരു കുടുംബാന്തരീഷം അവർ ഉണ്ടാക്കി. ഭക്ഷണമൊക്കെ കഴിച്ച് വളരെ സന്തോഷത്തോടെയാണ് അവർ മടങ്ങിയത്.
നാദാപുരത്ത് പേരോട് ഹയർ സെക്കണ്ടറി സ്കൂളിലെ പരിപാടിക്ക് എന്നോടുള്ള അടുപ്പം പറഞ്ഞാണ് ഇസ്മയിൽ അവരെ ക്ഷണിച്ചത്. ബാലൻ്റെ നാടല്ലേ, ഞാൻ വരാമെന്ന് പറഞ്ഞു. അവർ വന്നു. നാദാപുരത്തെ ജനങ്ങളുടെ മനസ്സിൽ നല്ലൊരു സ്ഥാനം അവർ നേടി. കെ പി എ സി ലളിത മരിച്ചപ്പോൾ അവിടത്തെ ജനങ്ങൾ അത് പ്രകടിപ്പിച്ചു. വടക്കഞ്ചേരിയിൽ ഗദ്ദിക പരിപാടിയിൽ പങ്കെടുത്ത ശേഷം എന്നോടൊപ്പം പാലക്കാട്ടെ വീട്ടിൽ വന്നാണ് അവർ ഭക്ഷണം കഴിച്ചത്. എൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ അവർ വന്നു. ഇങ്ങനെ നിരവധി ഓർമകൾ.
വളരെയടുത്ത മാനസിക ബന്ധം അവരുമായി കാത്തു സൂക്ഷിക്കാൻ എൻ്റെ കുടുംബത്തിന് കഴിഞ്ഞു. സംസ്ഥാന സമ്മേളനത്തിനു പോകുന്ന വഴിക്ക് എങ്കക്കാട്ടെ വീട്ടിലെത്തി ഈ പഴയ അനുഭവങ്ങൾ ഞാൻ പങ്കുവെച്ചു. സിദ്ധാർഥ് വളരെ വൈകാരികതയോടെയാണ് കേട്ടിരുന്നത്.












Click it and Unblock the Notifications