അനിലിന് പകരക്കാരൻ; പുതിയ കെപിസിസി ഡിജിറ്റല്‍ മീഡിയ കൺവീനറായി ഡോ പി സരിൻ, വിടി ബൽറാം ചെയർമാൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെൻറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ അനിൽ ആന്റണി രാജിവെച്ച പിന്നാലെ പുതിയ ഡിജിറ്റൽ കൺവീനറെ നിയോഗിച്ച് കോൺഗ്രസ്. ഡോ പി സരിനാണ് പുതിയ നിയമനം.
മീഡിയ സെല്ലിന്റെ ചെയർമാനായി വി ടി ബൽറാമിനേയും നിയോഗിച്ചിട്ടുണ്ട്. സരിനെയും ബല്‍റാമിനെയും കൂടാതെ ബിആര്‍എം ഷെഫീര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, നിഷ സോമന്‍, വീണ എസ് നായര്‍, താര ടോജോ അലക്‌സ്, ടിആര്‍ രാജേഷ് എന്നിവരെയാണ് അംഗങ്ങളായി പരിഗണിക്കുന്നത്. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഡിജിറ്റൽ മീഡിയ സെൽ നിർജീവമായിരുന്നു. സെൽ പുനഃസംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കോൺഗ്രസ്. അതിനിടയിലാണ് ബി ബി സി ഡോക്യുമെന്റററിയുമായി ബന്ധപ്പെട്ട വിവാദം ഉടലെടുക്കുന്നതും കൺവീനറയിരുന്ന അനിലിന്റെ രാജിയിലേക്ക് നയിച്ചതും. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം പുനഃസംഘടന വേഗത്തിലാക്കിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സരിൻ.തൃശ്ശൂര്‍ തിരുവില്വാമല സ്വദേശിയായ സരിൻ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ കര്‍ണാടകയില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായിരിക്കെയാണ് ജോലി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.












Click it and Unblock the Notifications